Latest News

ഭര്‍തൃ സുഹൃത്തിന്റെ ശല്യം കാരണം യുവതി കുഞ്ഞിനൊപ്പം തീവണ്ടിക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു

പയ്യന്നൂര്‍: ഭര്‍തൃ സുഹൃത്തിന്റെ ശല്യം കാരണം യുവതി കുഞ്ഞിനൊപ്പം തീവണ്ടിക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. യുവതിയെ അതീവ ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍
കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കുഞ്ഞിന്റെ പരിക്ക് സാരമുള്ളതല്ല.ചെറുവത്തൂര്‍ കിഴക്കേക്കര മുഴക്കോത്തെ കെ. ഷീജ (35)യാണ് മകന്‍ അനിരുദ്ധി(അഞ്ച്)നൊപ്പം തീവണ്ടിക്ക് ചാടിയത്. 

ചൊവ്വാഴ്ച രാവിലെ 8.30ഓടെ പയ്യന്നൂര്‍ റെയില്‍വേ ഗെയിറ്റിന് സമീപത്തെ പാളത്തിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഷീജയെ കണ്ടത്.തീവണ്ടിക്ക് ചാടുമ്പോള്‍ കൈയില്‍ നിന്ന് തെറിച്ചുപോയതിനാലാകണം കുഞ്ഞിന് കാര്യമായ പരിക്കേറ്റില്ല. യുവതിയുടെ വയര്‍ ചതഞ്ഞരഞ്ഞ നിലയിലാണ്. പയ്യന്നൂര്‍ സബാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷമാണ് അമ്മയെയും കുഞ്ഞിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. 

തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഷീജയെയും കുഞ്ഞിനെയും കാണാതായിരുന്നു. ചീമേനി പുത്തൂരിലെ ബന്ധുവീട്ടില്‍ പോയ യുവതി തിങ്കളാഴ്ച ഉച്ചയോടെ അവിടെ നിന്ന് സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ടതായിരുന്നു. ബസ്സ്റ്റാന്റ് വരെ ബന്ധുക്കള്‍ യുവതിയെ അനുഗമിച്ചിരുന്നു. എന്നാല്‍ യുവതി സ്വന്തം വീട്ടില്‍ എത്തിയില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് ഷീജയെയും കുഞ്ഞിനെയും കാണാനില്ലെന്ന് തിങ്കളാഴ്ച രാത്രിയോടെ പിതാവ് അപ്പുക്കുട്ടന്‍ ചീമേനി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഷീജയുടെ ഭര്‍ത്താവ് പടന്നക്കാട് സ്വദേശിയായ ബാബു ഗള്‍ഫിലാണ്. മൂന്ന് മാസം മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചുപോയത്. ഭര്‍ത്താവിന്റെ സുഹൃത്തായ ഒരു ബാബു യുവതിയെ നിരന്തരം ശല്യപ്പെടുത്താറുണ്ടെന്നും യുവതി ഇക്കാര്യം ബന്ധുക്കളില്‍ ചിലരോട് പറഞ്ഞിരുന്നതായും പറയപ്പെടുന്നു. ജീവനൊടുക്കാന്‍ ശ്രമിച്ചതിന് ഇതുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Payyannur, Chimeni, Train Accident


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.