Latest News

ഉദുമയിലെ മാതൃവിദ്യാലയത്തിന്റെ ആദ്യ കെട്ടിടം ഓര്‍മ്മയാകുന്നു


ഉദുമ: ഉദുമയിലെയും പരിസര പ്രദേശങ്ങളിലെയും അറിവിന്റെ വെളളിവെളിച്ചം വിതറിയ ഉദുമ ഗവ: എ.എല്‍.പി സ്‌കൂളിന് ആരംഭ ഘട്ടത്തില്‍ നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു.
സ്‌കൂള്‍ വികസനത്തിന്റെ ഭാഗമായാണ് 75 വര്‍ഷത്തിലധികം പഴക്കമുളള ഓട്‌മേഞ്ഞ കെട്ടിടം പൊളിച്ചു മാററുന്നത്.

ഈ കെട്ടിടത്തിലാണ് ഉദുമ ഗവ: എ.എല്‍.പി സ്‌കൂളിന്റെ ആദ്യ പഠനം തുടങ്ങിയത്.
പഴയകാലത്ത് ഉദുമയില്‍ വ്യാപകമായി ഉണ്ടായിരുന്ന നെയ്ത്ത് ശാലയുടെ ഒരു ഭാഗത്താണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചരുന്നത്. പിന്നീട് നെയ്ത്ത്ശാല പൂര്‍ണ്ണമായും സ്‌കൂളിനായി വിട്ടുകൊടുക്കുകയായിരുന്നു.

ഈ കെട്ടിടത്തില്‍ നിലത്തിരുന്ന് അറിവിന്റെ ആദ്യാക്ഷരം കുറിച്ച് പ്രശസ്ത മേഖലയിലെത്തിയ നിരവധി പേര്‍ ഇന്ന് ജില്ലയ്ക്ക് അകത്തും പുറത്തുമായി സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

കാഞ്ഞങ്ങാട് കാസര്‍കോട് സംസ്ഥാന പാതയ്ക്ക് മുട്ടി നില്‍ക്കുന്ന ഈ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ജനപ്രതിനിധികളുടെ പ്രാദേശിക വികസ ഫണ്ട് ഉപയോഗിച്ച് പുതിയ ഇരുനില കെട്ടിടം നിര്‍മ്മിച്ചിരുന്നു.

കുട്ടികള്‍ക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ കഞ്ഞിപ്പുര നിര്‍മ്മിക്കാനാണ് പഴയകെട്ടിടം പൊളിച്ചുമാററുന്നതെന്ന് പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍ പറഞ്ഞു. ഇതിനുളള ഫണ്ട് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടിക്കുളം മര്‍ച്ചന്റ് യൂത്ത്‌വിംഗാണ് നല്‍കുന്നത്.

പഴയ കെട്ടിടം പൊളിച്ചുമാററുന്ന ജോലികള്‍ എറെറടുത്ത് ചെയ്യുന്നത് ഉദുമയിലെ പീപ്പിള്‍സ് ക്ലബ്ബിന്റെയും ഷണ്‍മുഖ കൊക്കാലിന്റെ പ്രവര്‍ത്തകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമാണ്. സ്‌കൂള്‍ പ്രധാന അധ്യാപിക പത്മകുമാരിയും പി.ടി.എ വൈ.പ്രസിഡണ്ട് ജയചന്ദ്രന്‍ അച്ചേരിയും മേല്‍നോട്ടം വഹിക്കുന്നു.

ഇതുവഴി പോകുന്ന ഈ വിദ്യാലയത്തിലെ ഓരോ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെയും മനസ്സിലേക്ക് ഈ കെട്ടിടം കാണുമ്പോള്‍ ബാല്യകാലത്തിന്റെ ഓര്‍മ്മകള്‍ ഓടിയെത്തുമായിരുന്നു. ഈ കെട്ടിടം പൊളിച്ചു മാററുന്നതോടെ ഒരു ചരിത്ര സ്മാരകത്തിന്റെ ഓര്‍മ്മകള്‍ മങ്ങിപ്പോവുമെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.