Latest News

അത്ഭുത ഫലസിദ്ധികളുള്ള സാധാരണയിനം പല്ലിക്ക് വില ഇരുപത് ലക്ഷം

ഇംഫാല്‍ : ഒരു പല്ലിക്ക് ഇരുപതു ലക്ഷം രൂപവരെ വില. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുതല്‍ ദക്ഷിണേഷ്യ മുഴവന്‍ കാണപ്പെടുന്ന പുള്ളികളുള്ള ഇനം പല്ലിയാണ്. ടുക്കായ് ജെക്കോ എന്നറിയപ്പെടുന്ന ഇവ സാധാരണ ജീവിയാണ്. എങ്കിലും അത്ഭുത ഫലസിദ്ധികളുടെ പേരില്‍ വന്യജീവി കള്ളകടത്തു സംഘങ്ങളുടെ മുഖ്യ ഇരയായി മാറിയിരിക്കായാണ്. ഇതര ഏഷ്യന്‍ രാജ്യങ്ങളില്‍ വംശനാശ ഭീഷണിയിലായി തീര്‍ന്നു. പല രാജ്യങ്ങളും ഇതോടെ കര്‍ക്കശമായ നിയമങ്ങളാല്‍ 'ദിവ്യ ഔഷധ' സംഘങ്ങള്‍ക്ക് വിലങ്ങിട്ടു. ഇപ്പോള്‍ ഇന്ത്യന്‍ അതിര്‍ത്തി കടത്തികൊണ്ടു പോകുന്ന ഏറ്റവും വിലപിടിച്ച വന്യ ജീവിയായി ടുക്കായ് ജെക്കോ മാറിയിരിക്കുന്നു.

ദിവ്യത്വവും ഫല സിദ്ധിയും ഒന്നും നിയമ സംരക്ഷണം നല്‍കുന്നതിനുളള പരിധിയില്‍ വരുന്നില്ല. രാജ്യത്ത് ഇവയെ സംരക്ഷിത പട്ടികയില്‍ ഉള്‍പെടുത്തിയിട്ടില്ല. പ്രത്യേക സംരക്ഷണം ആവശ്യമുള്ള ജന്തുക്കളെ വേര്‍തിരിച്ചിട്ടുള്ള അഞ്ചു സംരക്ഷണ പട്ടികയിലും ഇവയുടെ പേരില്ല. വംശനാശ ഭീഷണിയുടെയോ മറ്റോ കണക്കുകളോ പഠനങ്ങളോ ഇവയെ കുറിച്ച് പ്രത്യേകമായി ഇല്ല. സംരക്ഷിത വനമേഖലയില്‍ നിന്നോ ഉദ്യാനങ്ങളില്‍ നിന്നോ വസ്തുക്കള്‍ കടത്തി കൊണ്ടുപോകുന്നതിന് എതിരായ വകുപ്പുകള്‍ പ്രകാരമാണ് ഇവയ്ക്ക് അല്‍പമെങ്കിലും സംരക്ഷണം തീര്‍ക്കുന്നത്.

എന്നാല്‍ ഇതു പ്രാകാരം എടുക്കുന്ന കേസ്സുകള്‍ നിസ്സാര ശിക്ഷ നല്‍കാവുന്നവ മാത്രമാണെന്ന് ഇംഫാല്‍ ഡി.എഫ്.ഒ ഡി.കെ വിനോദ് കുമാര്‍ പറഞ്ഞു. മിഠായി കൂടുകളിലും ബിസ്‌കറ്റ് പെട്ടികളിലുമായാണ് കടത്ത്. ഇതിനായി വനിതകളെയാണ് ഉപയോഗിക്കുന്നത്. ഇവരെ അറസ്റ്റു ചെയ്യാനും പരിശോധനകള്‍ക്കും വനംവകുപ്പില്‍ വനിതാ ജീവനക്കാരുമില്ല. ഫിലിപ്പൈന്‍സില്‍ ഇവയെ കൈവശം വെച്ചാല്‍ 12 വര്‍ഷം വരെ തടവും 10 ലക്ഷം  പിഴയും ലഭിക്കാം. മണിപ്പൂരില്‍ അടുത്തിടെ നല്‍കിയ ശിക്ഷ 25000 രൂപ പിഴ മാത്രമാണ്.

പല്ലി കടത്തു കോടികളുടെ ഇടപാടണ്. വിലാസം നല്‍കിയാല്‍ ഇടനിലക്കാര്‍ വന്ന് നേരിട്ട് വാങ്ങികൊണ്ടു പോകും. സോഷ്യല്‍ സൈറ്റുകളില്‍ വരെ ഇത്തരം സംഘങ്ങള്‍ ഫോണ്‍ നമ്പറും വിലാസവും നല്‍കി വലവിരിക്കുന്നു. ഒരു വര്‍ഷം വരെ വീടുകളില്‍ തീറ്റ നല്‍കി വളര്‍ത്തി വില്‍ക്കുന്നവരുണ്ട്. മ്യാന്‍മാര്‍ അതിര്‍ത്തി വഴിയാണ് മുഖ്യ കടത്ത്. അസം റൈഫിള്‍സ് അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ പതിവ് പരിശോധനകള്‍ക്കിടെ പലതവണ പല്ലിയെ കണ്ടെത്തതിയതോടെയാണ് ഇവയുടെ പ്രാധാന്യവും ലോക മാര്‍ക്കറ്റിലെ പ്രിയവും പുറത്താവുന്നത്. ചൈന,വിയറ്റ്‌നാം, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ മദ്യത്തില്‍ ഇട്ടുവെച്ചും ഔഷധ കൂട്ടുകളില്‍ ചേര്‍ത്തുമാണ് വില്‍പന. ഔഷധങ്ങള്‍ ചിത്രസഹിതം വെബ്‌സൈറ്റുകളില്‍ ലേലം ചെയ്യുന്നുമുണ്ട്. നവ യൗവ്വനമാണ് വാഗ്ദാനം.

കേരളത്തിലും മറ്റു കാണുന്ന സാധാരണ പല്ലികളെക്കാള്‍ 15 ഇരട്ടി വരെ വലിപ്പം വരാവുന്നവയാണ്. 600 ഗ്രാമില്‍ കൂടുതല്‍ തുക്കം എത്തിച്ചാല്‍ 20 ലക്ഷം ഒറ്റപല്ലിക്ക് തന്നെ ലഭിക്കും. മണിപ്പൂരില്‍ ജിരിബാം മലനിരകളിലാണ് ഇവയുടെ മുഖ്യ ആവാസ സ്ഥലം. ത്രിപുരയിലും, അസം, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ചൂടുകുടിയ വനമേഖലയിലും കൂടുതലായി കാണപെടുന്നു. ദേഹത്തെ തിളക്കമുള്ള ചെതുമ്പല്‍ കുരുക്കള്‍ നോക്കിയാണ് ഇവയെ തിരിച്ചറിയുന്നത്. ആണ്‍ പല്ലികള്‍ക്ക് തിളക്കവും സൗന്ദര്യവും കൂടിയിരിക്കും. 51 സെന്റീ മീറ്റര്‍ വരെ നീളമുള്ളവയാണ്. ഇണയെ ആകര്‍ഷിക്കാന്‍ ടു..കായ് എന്ന ശബ്ദം പുറപ്പെടുവിക്കുന്നതിനാല്‍ ആണ് ഈ പേരു വന്നത്. എന്നാല്‍ ഇതേ ശബ്ദം പ്രയോജനപെടുത്തി വേട്ടക്കാര്‍ ഇവയെ കണ്ടെത്തുകയും ചെയ്യുന്നു.

പല്ലികളെ കടത്തി കൊണ്ടു പോകുന്നതിന് ലഭിക്കുന്ന തുക മയക്കുമരുന്നായും ആയുധങ്ങളായും ഇതര നിരോധിത വസ്തുക്കളായും തിരിച്ചു വരുന്നതായും റിപ്പോര്‍ടുകള്‍ ഉണ്ടായിരുന്നു. ടു കായ് കളെ രക്ഷിക്കാന്‍ അടിയന്തിര നിയമ നിര്‍മ്മാണവും ജാഗ്രതയും വേണമെന്ന് പരിസ്ഥിതി വാദികള്‍ ആവശ്യപെടുന്നു. ഇന്ത്യന്‍ അതിര്‍ത്തി കടത്തി കൊണ്ടു പോകുന്ന അനധികൃത വസ്തുക്കളില്‍ ഇപ്പോള്‍ മയക്കുമരുന്നിനേക്കാള്‍ വിലയിലും വൈവിധ്യത്തിലും മുന്നിട്ടു നില്‍ക്കുന്നത് വനവിഭവങ്ങളാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Emfal, Tukkai Jekko, 20 lakh




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.