Latest News

താരദമ്പതികളായ സംയുക്തയും ബിജുമേനോനും മൂകാംബികയില്‍ ഭജനമിരുന്നു

കൊല്ലൂര്‍: ഭാരതമെങ്ങും വിനായകചതുര്‍ത്ഥി പൂജകള്‍ നടക്കുമ്പോള്‍ പ്രശസ്ത മലയാള താരദമ്പതികള്‍
വരദായിനിയായ കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രസന്നിധിയില്‍. സംയുക്താവര്‍മ്മയും ബിജുമേനോനുമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഭജനമിരുന്നത്. ബ്രഹ്മ മുഹൂര്‍ത്തത്തില്‍ സൗപര്‍ണികാതീര്‍ത്ഥത്തില്‍ സ്‌നാനം നടത്തിയ ശേഷമാണ് പൂജാദി കര്‍മങ്ങള്‍ക്കായി ക്ഷേത്രസന്നിധിയില്‍ എത്തിയത്.

ക്ഷേത്ര കൊടിമരത്തിന് മുന്നില്‍ കേരളീയ വേഷമണിഞ്ഞെത്തിയ താരദമ്പതികള്‍ക്കൊപ്പം സിനിമാനടന്‍ നരനുമുണ്ടായിരുന്നു. നേരെ കിഴക്കോട്ട് തിരിഞ്ഞ് കുടജാദ്രിയെ വണങ്ങിയ ശേഷമാണ് വരദായിനിയെ നമസ്‌കരിച്ചുകൊണ്ട് ശ്രീകോവിലിലേക്ക് കടന്നത്.
മുഖ്യപുരോഹിതന്‍ അഡിഗ തീര്‍ത്ഥവും പ്രസാദവും നല്‍കി. തടസം മാറ്റാന്‍ വിഘ്‌നേശ്വര പൂജയും പ്രത്യേക ഹോമ പൂജാദികളും നടത്തി. മൂകാംബികദേവിക്ക് പ്രഭാതത്തിലെ അലങ്കാര പൂജയും പ്രാര്‍ത്ഥനയും നടത്തിയശേഷം ക്ഷേത്രം വലംവെച്ച് തൊഴുതു. 

ഗണപതിയെയും കാലഭൈരവനെയും വീരഭദ്രനെയും ധ്യാനിച്ച് നേരെ സരസ്വതി മണ്ഡപത്തിലെത്തി. അറിവിന്റെ ആദ്യാക്ഷരം ചൊല്ലിക്കൊടുക്കുന്ന മണ്ഡപത്തില്‍ ദീര്‍ഘനേരം ധ്യാനനിരതനായി. പിന്നീട് പുരോഹിതന്‍ കൊടുത്ത തളികയില്‍ അവിഘ്‌നമസ്തു ശ്രീ ഗുരുഭ്യോനമ: എഴുതി ഒരു ഹരിശ്രീ കുറിക്കല്‍. സ്വരലയതാളരാഗാന്തരീക്ഷത്തില്‍ സരസ്വതി പ്രീതിക്കും ഒപ്പം നാട്യകുലദേവതക്കും വേണ്ടിയുള്ള ധ്യാനവും.
പൂജകള്‍ നിര്‍വഹിച്ച ശേഷം രാവിലെ പത്ത് മണിയോടെ അവര്‍ ക്ഷേത്രസന്നിധി വിട്ടു. ക്ഷേത്രട്രസ്റ്റിയും മുഖ്യപുരോഹിതരും ഉള്‍പ്പെടെയുള്ളവര്‍ താരദമ്പതികളെ സ്വീകരിച്ചു. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.