കാസര്‍കാട്: കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന്റെ ഭാഗമായി ലോക ബാങ്ക് സഹായത്തോടെ നിര്‍മ്മിക്കുന്ന ചന്ദ്രഗിരി വഴിയുളള കാഞ്ഞങ്ങാട്-കാസര്‍കോട് റോഡ് നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന പദ്ധതി അവലോകന യോഗത്തില്‍ കെ എസ് ടി പി ഉന്നത ഉദ്യോഗസ്ഥര്‍ പദ്ധതി പ്രവര്‍ത്തനം വിലയിരുത്തി.
കാസര്‍കോട് മുതല്‍ മേല്‍പറമ്പ് ജംഗ്ഷന്‍വരെയാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. 133 കോടി രൂപാ ചെലവില്‍ 27 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും. കൊച്ചി പനമ്പിളളി നഗറിലെ ആര്‍ ടി എസ് പ്രോജക്ട് ലിമിറ്റഡ് ആണ് കരാറുകാര്‍. എജീസ് ഇന്ത്യ കണ്‍സള്‍ട്ടിംഗ് എന്‍ജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് പ്രോജക്ട് കണ്‍സള്‍ട്ടന്റ്. കഴിഞ്ഞ ഏപ്രില്‍ 23 ന് കരാറുകാര്‍ക്ക് നിര്‍മ്മാണ ചുമതല കൈമാറി. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
സംസ്ഥാന വൈദ്യുതി ബോര്‍ഡ് കേരള ജലഅതോറിറ്റി, വനം വകുപ്പ് (സാമൂഹ്യ വനവല്‍ക്കരണ വിഭാഗം) ബി എസ് എന്‍ എല്‍ എന്നിവയുടെ ഉന്നതതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ച യോഗത്തില്‍ റോഡ് വികസിപ്പിക്കുമ്പോള്‍ ഈ വകുപ്പുകള്‍ ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ മാറ്റുന്നതിനായുളള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കാസര്‍കോട് മുതല്‍ മേല്‍പറമ്പ് വരെയുളള ആദ്യഘട്ട പ്രവര്‍ത്തികള്‍ക്ക് ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കുമെന്ന് കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച മെറ്റീരിയല്‍ ഗുണനിലവാര പരിശോധന നടത്തും.
ജല അതോറിറ്റി കാഞ്ഞങ്ങാട് മുതല്‍ കാസര്‍കോട് വരെ നടത്തേണ്ട പ്രവൃത്തികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ഉടന്‍ നടപടി സ്വീകരിക്കും. റോഡ് നിര്‍മ്മാണത്തിന് മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് വനംവകുപ്പ് ( സാമൂഹ്യ വനവല്‍ക്കരണ വിഭാഗം) അനുമതി നല്‍കി. ആദ്യഘട്ടത്തില്‍ കാസര്‍കോട് മുതല്‍ മേല്‍പറമ്പ് ജംഗ്ഷന്‍ വരെയുളള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടി തുടങ്ങി. പൊതുമരാമത്ത് വകുപ്പ് ലേലം ചെയ്ത മരങ്ങളാണ് മുറിച്ചു നീക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലും മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് അനുമതിയായി. മേല്‍പറമ്പ് മുതല്‍ അജാനൂര്‍ ഇക്ബാല്‍ ജംഗ്ഷന്‍വരെ 19 കിലോമീറ്റര്‍ ദൂരത്തെ മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് വില നിര്‍ണ്ണയം നടത്തി ഉടന്‍ നല്‍കുമെന്ന് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
ബി എസ് എന്‍ എല്‍ കേബിളുകള്‍ നീക്കുമ്പോഴുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ബി എസ് എന്‍ എല്‍ എ ജി എം യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കെ എസ് ടി പി ഉന്നതതലയോഗം ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കും.ബി എസ് എന്‍ എല്ലിന് കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ പ്രത്യേക കോറിഡോര്‍ അനുവദിക്കുന്നതും പരിഗണിക്കും.
യോഗത്തില്‍ സബ്കളക്ടര്‍ എസ് വെങ്കിടേശപതി, എ ഡി എം എച്ച് ദിനേശന്‍, കെ എസ് ടി പി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ എസ് അശോക്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാബു കെ ഫിലിപ്പ്, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചീനീയര്‍ ബിപിന്‍ ശങ്കര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(സോഷ്യല്‍ ഫോറസ്ട്രി) എ ജയമാധവന്‍, ബി എസ് എന്‍ എല്‍ എ ജി എം ടി എസ് വിശ്വനാഥന്‍, ഡി ജി എം കെ എല്‍ ശിവണ്ണ, ആര്‍ ടി എസ് എണ്‍വയോണ്‍മെന്റല്‍ പ്ലാനിംഗ് എഞ്ചിനീയര്‍ കെ പി സനല്‍, എജിസ് ഇന്ത്യ പ്രതിനിധി സുശീല്‍കുമാര്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍, റോഡ് സൗകര്യം ഉപയോഗിക്കുന്ന കോര്‍പ്പറേറ്റ് കമ്പനികളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


No comments:
Post a Comment