Latest News

സി.എച്ചിന്റെ മരണ ശേഷവും കമാലുദ്ദീന്‍ യാത്ര തുടരുകയാണ്....

തിരുവനന്തപുരം: കമാലുദ്ദീൻ സി.എച്ച്. മുഹമ്മദ് കോയയുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. സി.എച്ചിന്റെ മരണ ശേഷവും ആ യാത്ര തുടരുന്നു!

ജീവിച്ചിരുന്നപ്പോൾ സി. എച്ചിന്റെ പ്രഭാഷണങ്ങൾ കേൾക്കാനായിരുന്നു കമാലുദ്ദീൻ സി.എച്ച് പോകുന്നിടത്തൊക്കെ എത്തിയത്. പഠനകാലത്തും കേരള സർവകലാശാല ഹെൽത്ത് ഓഫീസറായിരുന്നപ്പോഴും അതു തുടർന്നു. 

വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ച പ്രസംഗങ്ങൾ. ആ ആഗ്രഹം സാധിക്കാൻ സി.എച്ചിന്റെ ഓരോ പ്രസംഗവും കമാലുദ്ദീൻ റെക്കോർഡ് ചെയ്തു. അത് പിന്നീട് കടലാസിലേക്ക് പകർത്തിയെഴുതി. അതെല്ലാം ആദ്യം വായിച്ചത് സി.എച്ച് തന്നെയായിരുന്നു. അന്ന് സി.എച്ച് മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം പ്രസംഗം വായിക്കുക മാത്രമല്ല എഡിറ്റും ചെയ്‌താണ് കമാലുദ്ദീന് തിരിച്ച് നൽകിയത്.
മുസ്ലീം ലീഗ് നേതാവും നെടുമങ്ങാട് ജമാ-അത്ത് പ്രസിഡന്റുമായിരുന്ന ഷാഹുൽ ഹമീദ് വാദ്ധ്യാരുടെ മകനാണ് കമാലുദ്ദീൻ. ലീഗ് നേതാവിന്റെ മകൻ എന്ന പരിഗണനയും കമാലുദ്ദീനോട് സി. എച്ചിനുണ്ടായിരുന്നു.
സി.എച്ചിന്റെ മരണശേഷം ആ പ്രഭാഷണങ്ങൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. സി.എച്ചിന്റെ വേർപാടിൽ അനുശോചിച്ച് കെ.കരുണാകൻ, വയലാർ രവി, കെ.എം.മാണി, ഇ. അഹമ്മദ്, കെ.വി.സുരേന്ദ്രനാഥ്, തലേക്കുന്നിൽ ബഷീർ എന്നിവർ നടത്തിയ പ്രസംഗങ്ങളും പുസ്‌തകത്തിൽ ചേർത്തു. പിന്നീട് സി.എച്ചിന്റെ പ്രഭാഷണങ്ങൾ ഓഡിയോ കാസറ്റായും സി.ഡിയായും പുറത്തിറങ്ങി.
1983 സെപ്തംബർ 28നാണ് സി.എച്ച് അന്തരിച്ചത്. അന്നത്തെയും അടുത്തദിവസങ്ങളിലെയും ദിനപത്രങ്ങളെല്ലാം കമാലുദ്ദീൻ ശേഖരിച്ചു. സി.എച്ചിന്റെ വേർപാടിന്റെ അടുത്ത ദിവസം കേരളകൗമുദിയുടെ എഡിറ്റ് പേജിലെ പ്രധാന ലേഖനം കമലുദ്ദീൻ എഴുതിയതായിരുന്നു. പിന്നീട് സി.എച്ചിനെ കുറച്ച് പഠിക്കാൻ ആഗ്രഹിച്ചവർ കമാലുദ്ദീനെ തേടിയെത്തി. അന്നത്തെ പത്രങ്ങൾ വായിക്കാൻ. ഒടുവിൽ ആ വാർത്തകളെല്ലാം ചേർത്തൊരു ആൽബവും കമാലുദ്ദീൻ പുറത്തിറക്കി
' സി.എച്ച്:വേർപാടും സ്‌മരണകളും'.
ഒരു വർഷത്തിലേറെയായി കമാലുദ്ദീൻ വേറൊരു ദൗത്യത്തിലായിരുന്നു. സി.എച്ചിനെ പറ്റിയുള്ള കാർട്ടൂണുകളും കാരിക്കേച്ചറുകളും ശേഖരിക്കുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന കാലത്തെ പത്രങ്ങളിലും ആനുകാലികങ്ങളിലും ഏറ്റവും കൂടുൽ അച്ചടിച്ച കാർട്ടൂണുകൾ സി.എച്ചിനെ കുറിച്ചായിരുന്നു.
മുപ്പതു വർഷം മുന്പുള്ള കാർട്ടൂണുകൾ തേടിപ്പിടിക്കുക എളുപ്പമായിരുന്നില്ല. പലതും കിട്ടിയപ്പോൾ പേപ്പറൊക്കെ മ‌ഞ്ഞിച്ച് പൊടിഞ്ഞു തുടങ്ങിയിരുന്നു. പരമാവധി മാസികൾ ശേഖരിച്ചു. ഒ.വി. വിജയൻ, മലയാറ്റൂർ രാമകൃഷ്ണൻ, നന്പൂതിരി, ദേവൻ, വൈ.എ. റഹിം, നസീർ രാമന്തളി, വി.എം.ഗഫൂർ, പി.വി.കൃഷ്ണൻ തുടങ്ങിയ പ്രമുഖരൊക്കെ വരച്ച കാർട്ടൂണുകളും കാരിക്കേച്ചറുകളും ശേഖരിച്ചു. അതെല്ലാം ആറ് അദ്ധ്യായങ്ങളായി വിന്യസിച്ച് ആൽബമാക്കി. അതും പുസ്തകമാക്കാനുള്ള ശ്രമത്തിലാണ് കമാലുദ്ദീൻ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, CH Mohammed Koya, Kamaludheen

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.