Latest News

തടവു ചാടിയ റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍

തൃശൂര്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു തടവു ചാടിയ കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ (45)പിടിയില്‍. തൃശൂര്‍ കൊടകരയ്ക്കു സമീപം നെല്ലായിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണു പിടിയിലായത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. തൃശൂരിലെ പല സ്ഥലങ്ങളിലും ജയാനന്ദനെ കണ്ടതായി പൊലീസിന് നേരത്തെ ആളുകളില്‍ നിന്നു വിവരം ലഭിച്ചിരുന്നു.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ജൂണ്‍ പത്തിനാണു ജയാനന്ദന്‍ തടവ് ചാടിയത്. ജയാനന്ദനൊപ്പം തടവു ചാടിയ ഊപ്പ പ്രകാശന്‍ പിന്നീട് അറസ്റ്റിലായിരുന്നു. സംഭവത്തെത്തുടര്‍ന്നു ഡപ്യൂട്ടി ജയിലര്‍ ടി.ആര്‍. രാജീവ്, ചീഫ് വാര്‍ഡര്‍ പി.വി. ഏബ്രഹാം, ഹെഡ്വാര്‍ഡര്‍മാരായ അബ്ദുല്‍ റഷീദ്, രാജീവ് കുമാര്‍, പ്രതാപ് ചന്ദ്രന്‍ എന്നിവരെയും മൂന്നു താല്‍ക്കാലിക ജീവനക്കാരെയും സസ്പെന്‍ഡ് ചെയതിരുന്നു.
ഇരട്ടക്കൊലക്കേസ് ഉള്‍പ്പെടെ ഏഴു കൊലക്കേസുകളില്‍ പ്രതിയാണു ജയാനന്ദന്‍. ജൂണ്‍ ഒന്‍പതിനു രാത്രി സെല്ലിന്റെ പൂട്ട് ആക്സോ ബ്ളേഡ് കൊണ്ട് അറത്തുമാറ്റിയാണു തടവുകാര്‍ പുറത്തുകടന്നത്. വിവരം പെട്ടെന്ന് അറിയാതിരിക്കാന്‍ സെല്ലില്‍ തലയിണയും കിടക്കയും മനുഷ്യാകൃതിയില്‍ വച്ചിരുന്നു. അറ്റകുറ്റപ്പണിക്കായി ജയില്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന മുളയും മറ്റു തടികളും തുണികൊണ്ടു കൂട്ടിക്കെട്ടി ഏണി ഉണ്ടാക്കിയാണു ജയിലിന്റെ മതില്‍ ചാടിയത്. ജയില്‍ അടുക്കളയുടെ ഭാഗത്തുള്ള മൂലയിലൂടെയാണു പുറത്തുചാടിയത്. മൂന്നു വര്‍ഷം മുന്‍പു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും സമാനമായ രീതിയില്‍ ഇയാള്‍ പുറത്തുചാടിയിരുന്നു. 

അഴികള്‍ക്കിടയിലൂടെ കടക്കാന്‍ പട്ടിണി കിടന്നു മെലിഞ്ഞാണ് അന്നു രക്ഷപ്പെട്ടത്. പുത്തന്‍വേലിക്കര നെടുമ്പിള്ളി രാമകൃഷ്ണന്റെ ഭാര്യ ബേബി(ദേവകി 51)യെ 2006 ഒക്ടോബര്‍ ഒന്നിനു പുലര്‍ച്ചെ ഒന്നിനു കൊലപ്പെടുത്തിയ കേസിലാണു മാള പള്ളിപ്പുറം ചെന്തുരുത്തി കുറുപ്പുംപറമ്പില്‍ ജയാനന്ദനു (റിപ്പര്‍ ജയന്‍) വധശിക്ഷ വിധിച്ചത്. കൂര്‍ത്ത ആയുധങ്ങളുപയോഗിച്ചു സ്ത്രീകളെ കൊലപ്പെടുത്തിയശേഷം ആഭരണ മോഷണമാണ് ഇയാളുടെ രീതി. 

ഏഴു കേസില്‍ അഞ്ചെണ്ണത്തില്‍ കുറ്റവിമുക്തനായി. മറ്റൊരു കേസില്‍ 20 വര്‍ഷം പരോളില്ലാത്ത കഠിന തടവ് ഉറപ്പാക്കുന്ന ജീവപര്യന്തം ശിക്ഷ കൂടി അനുഭവിക്കുകയായിരുന്നു.

നേരത്തെ 2010 ജൂണ്‍ 14നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലിരിക്കെ വിചാരണ നടക്കുന്നതിനിടയില്‍ ജയാനന്ദന്‍ ജയില്‍ ചാടുകയും പിന്നീട് ഊട്ടിയില്‍ പിടിയിലാകുകയും ചെയ്തിരുന്നു. 2007ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴും സെല്ലില്‍നിന്നു പുറത്തേക്കു തുരങ്കമുണ്ടാക്കാന്‍ ശ്രമിച്ചതു കണ്ടെത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.