Latest News

കാസര്‍കോട് സ്വദേശിയെ മര്‍ദിച്ച് പണവും മൊബൈലും രേഖകളും കവര്‍ന്നു

അബ്ബാസിയ: പൊലീസ് ചമഞ്ഞ് വിദേശികളെ ഭീഷണിപ്പെടുത്തി പണവും മൊബൈലും വിലപ്പെട്ട രേഖകളും കവര്‍ച്ച നടത്തുന്ന സംഭവങ്ങള്‍ തുടരുന്നു. അടുത്തിടെ പലതവണ മലയാളികള്‍ ഇരയായ ഇത്തരം തട്ടിപ്പില്‍ ബുധനാഴ്ച കുടുങ്ങിയത് കാസര്‍കോട് ചെര്‍ക്കളം സ്വദേശിയായ നാരായണനാണ്. ഇയാളുടെ 600 ദീനാറും മൊബൈല്‍ ഫോണും സിവില്‍ ഐഡിയും ബാങ്ക് കാര്‍ഡും നഷ്ടമായി. ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 800 ദീനാറും നഷ്ടപ്പെട്ടിട്ടുണ്ട്.

ബഖാലകളിലും മറ്റു കടകളിലും സിഗററ്റും ചോക്ളേറ്റും വിതരണം നടത്തുന്ന സുലൈബിയയിലെ അന്‍വര്‍ അല്‍ ജഹ്റ കമ്പനിയിലെ ജീവനക്കാരനായ നാരായണന്‍ ബുധനാഴ്ച പകല്‍ 11.30 യോടെ ഹസാവിയിലെ കടയില്‍ സിഗററ്റുമായി എത്തിയതായിരുന്നു. ആ സമയം കടയിലെത്തിയ സ്വദേശിയെന്ന് തോന്നിക്കുന്നയാള്‍ അവിടത്തെ ആളുകളുടെ ഇഖാമായും മറ്റും പരിശോധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. പുറത്തുള്ള വണ്ടി ആരുടേതാണെന്ന് ഇയാള്‍ കടക്കാരനോട് ചോദിച്ചപ്പോള്‍ നാരായണന്‍േറതാണെന്ന് പറഞ്ഞു.
നാരായണന്‍ കടയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ഇയാള്‍ പൊലീസാണെന്ന് പറഞ്ഞ് വണ്ടി അല്‍പം മാറ്റിയിട്ടിട്ട് വരാന്‍ നിര്‍ദേശിച്ചു. ചോദിച്ചപ്പോള്‍ പൊലീസിന്‍േറതെന്ന് തോന്നിക്കുന്ന കാര്‍ഡ് കാണിക്കുകയും ചെയ്തു. പാന്‍റും ഷര്‍ട്ടുമണിഞ്ഞ് 4/54799 ഗോള്‍ഡന്‍ കളര്‍ ഫോര്‍ഡ് കാറിലാണ് ഇയാള്‍ വന്നിരുന്നത്. ഇതിനിടെ പരിശോധിക്കണമെന്ന് പറഞ്ഞ് നാരായണന്‍െറ വണ്ടിയുടെ താക്കോല്‍ കൈക്കലാക്കുകയും ചെയ്തു.
ഇതിനുശേഷം നാരായണനെ നിര്‍ബന്ധിച്ച് തന്‍െറ വണ്ടിയില്‍ കയറ്റിയ ഇയാള്‍ വീണ്ടും പൊലീസ് ആണെന്ന് പറയുകയും വാഹനത്തിലുണ്ടായിരുന്ന പൊലീസിന്‍േറതെന്ന് തോന്നിക്കുന്ന തൊപ്പി, വടി എന്നിവ കാണിക്കുകയും ചെയ്തു. വാഹനമോടിച്ച് തുടങ്ങിയ ഇയാള്‍ ഇതിനിടെ നാരായണന്‍െറ തലക്ക് ശക്തമായി അടിക്കുകയും കൈയിലുള്ളതൊക്കെ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പഴ്സ്, മൊബൈല്‍, ബാങ്ക് കാര്‍ഡ്, സിവില്‍ ഐഡി തുടങ്ങിയവയൊക്കെ വാങ്ങിവെച്ചു. കൈയിലുണ്ടായിരുന്ന കലക്ഷന്‍ പൈസയായ 600 ഓളം ദീനാറും കൈക്കലാക്കി. ഇതെല്ലാം കൈവശമുണ്ടയിരുന്ന ബാസ്ക്കറ്റിലിട്ട ശേഷം ഇനിയും എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കാനായി ഷര്‍ട്ട് അഴിപ്പിക്കുകയും ചെയ്തു. വണ്ടി ഓടിച്ചുകൊണ്ടിരിക്കെ പിറകിലെ സീറ്റില്‍ ഇരുത്തിയ നാരായണനെ അടിക്കാന്‍ ഇടക്കിടെ ശ്രമിച്ച ഇയാള്‍ കുറച്ചുദൂരം ഓടിയ ശേഷം വാഹനം നിര്‍ത്തി. പിറകിലെ സീറ്റിലായിരുന്ന വടി എടുക്കാന്‍വേണ്ടി മുന്‍വശത്തെ ഡോര്‍ തുറന്നപ്പോള്‍ പിന്‍വശത്തെ ഡോറും തുറന്നുകിട്ടിയ തക്കത്തിന് പുറത്തേക്ക് ചാടിയ നാരായണന്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
കൈയിലുണ്ടായിരുന്ന 600 ദീനാര്‍ കൂടാതെ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് തന്‍െറ അക്കൗണ്ടിലുണ്ടായിരുന്ന മുഴുവന്‍ തുകയും ഇയാള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പിന്‍വലിച്ചതായി നാരായണന്‍ പറഞ്ഞു. ഈമാസത്തെ ശമ്പളം വന്നതടക്കം 800 ദീനാറോളം അക്കൗണ്ടിലുണ്ടായിരുന്നു. ജലീബ് അല്‍ ശുയൂഖ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
രണ്ടാഴ്ചക്കിടെ അന്‍വര്‍ അല്‍ ജഹ്റ കമ്പനിയിലെ ജീവനക്കാര്‍ സമാന രീതിയിലുള്ള കവര്‍ച്ചക്കിരയാവുന്നത് രണ്ടാം തവണയാണ്. ഫഹാഹീലില്‍ കടയില്‍ സാധനം വിതരണം ചെയ്യുകയായിരുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശി റഫീഖിനോട് പൊലീസാണെന്ന് പറഞ്ഞെത്തിയ മൂന്നു പേര്‍ ചേര്‍ന്നാണ് 2000 ഓളം ദീനാര്‍ തട്ടിയെടുത്തത്. ഒരാള്‍ ബലദിയ കാര്‍ഡ് ആവശ്യപ്പെടുകയും കാര്‍ഡ് എടുക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ വാഹനത്തില്‍ വെച്ച പണം എടുക്കുകയുമായിരുന്നു.
അടുത്തിടെയായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പൊലീസ് ചമഞ്ഞുള്ള തട്ടിപ്പ് വ്യാപകമായിട്ടുണ്ട്. സാധനങ്ങള്‍ വിതരണം ചെയ്യുന്നവരും കടക്കാരുമൊക്കെയാണ് കൂടുതലും ഇരയാവുന്നത്. സമീപകാലത്ത് നിരവധി മലയാളികള്‍ ഇത്തരത്തില്‍ കവര്‍ച്ചക്കിരയായിട്ടുണ്ട്. അനധികൃത താമസക്കാര്‍ക്കും നിയമ ലംഘകര്‍ക്കുമെതിരായ നടപടി അധികൃതര്‍ കര്‍ശനമാക്കിയതിന്‍െറ മറവിലാണ് തട്ടിപ്പുകാര്‍ വിലസുന്നത്.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.