Latest News

അബൂദാബി ഇന്ത്യന്‍ ഇസ്ലാഹി സ്കൂള്‍ അടച്ചുപൂട്ടുന്നു; 1400ഓളം കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍

അബൂദാബി: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്ത്യന്‍ സ്കൂളായ അബൂദാബി ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നോട് കൂടി അടച്ചുപൂട്ടാന്‍ അബൂദബി എജുക്കേഷന്‍ കൗണ്‍സില്‍ (അഡെക്) നിര്‍ദേശം.

നഗരത്തിലെ തന്നെ മറ്റൊരു ഇന്ത്യന്‍ സ്കൂളായ ലിറ്റില്‍ ഫ്ളവര്‍ സ്കൂളും അടച്ചുപൂട്ടാന്‍ അഡെക് നിര്‍ദേശിച്ചിട്ടുണ്ട്. വില്ല സ്കൂളുകള്‍ നിര്‍ത്തലാക്കുന്നതിന്‍െറ ഭാഗമായാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത രണ്ട് സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്.
കെ.ജി മുതല്‍ 12ാം ക്ളാസ് വരെയുള്ള ഇന്ത്യന്‍ ഇസ്ലാഹി സ്കൂളില്‍ മാത്രം 1400ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്. ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ഏഴാം ക്ളാസ് വരെയാണുള്ളത്. സ്കൂളുകള്‍ക്ക് മുന്നില്‍ അഡെക് അടച്ചുപൂട്ടല്‍ നോട്ടിസും പതിച്ചിട്ടുണ്ട്. 
വിദ്യാര്‍ഥികള്‍ക്കും കഴിഞ്ഞദിവസം ഇതുസംബന്ധിച്ച നോട്ടിസ് വിതരണം ചെയ്തു. 

സ്കൂളുകള്‍ നിര്‍ത്തലാക്കുന്നതോടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുകയാണ്.
അക്കാദമിക് വര്‍ഷം ആരംഭിച്ചു്കഴിഞ്ഞതിനാല്‍ മറ്റ് സ്കൂളുകളില്‍ പ്രവേശനം ലഭിക്കാനും ബുദ്ധിമുട്ടാണ്. ഒമ്പത്, 11 ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുക. അടുത്ത വര്‍ഷം 10, 12 ക്ളാസുകളിലേക്കെത്തുന്ന ഇവരുടെ തുടര്‍പഠനത്തെ അടക്കം സ്കൂള്‍ നിര്‍ത്തലാക്കല്‍ ബാധിക്കും. പുതിയ സ്കൂളുമായും സംവിധാനങ്ങളുമായും ഇണങ്ങുന്നതിനും പൊതുപരീക്ഷക്ക് തയാറെടുക്കുന്നതിന് കുട്ടികളെ സ്കൂള്‍ മാറ്റം ബാധിക്കും. സിലബസ് മാറ്റവും മറ്റും ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യും.
കഴിഞ്ഞ ജൂലൈയിലാണ് സ്കൂളുകള്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് മാനേജ്മെന്‍റുകള്‍ക്ക് അഡെകില്‍ നിന്ന് നോട്ടിസ് ലഭിച്ചത്. മധ്യവേനലവധിയായതിനാല്‍ സ്കൂളുകള്‍ വീണ്ടും തുറന്നപ്പോഴാണ് കുട്ടികള്‍ക്ക് നോട്ടിസ് വിതരണം ചെയ്തത്.

അതേസമയം സ്കൂള്‍ പൂട്ടാന്‍ നോട്ടിസ് ലഭിച്ചതോടെ പ്രശ്ന പരിഹാരത്തിനായി അബൂദാബി എജുക്കേഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍ മാനേജ്മെന്‍റ്. അഡെകില്‍ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്. മറുപടി ലഭിച്ച ശേഷം വിഷയത്തില്‍ ഉചിത നടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്‍റ് പ്രതിനിധി അബ്ദുല്ല ഫാറൂഖി പറഞ്ഞു.
വിഷയത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷുമായി അടുത്ത ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും. സ്കൂളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അംബാസഡറെ അറിയിക്കും. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളെ പോലെ തന്നെ തങ്ങളും ഉത്കണ്ഠാകുലരാണെന്നും അദ്ദേഹം പറഞ്ഞു. 

അഡെകിന്‍െറ മറുപടി ലഭിച്ച ശേഷം പ്രിന്‍സിപ്പല്‍ വഴി വിദ്യാര്‍ഥികളെ വിവരം അറിയിക്കും. തുടര്‍ന്ന് രക്ഷിതാക്കളുടെ യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂള്‍ അടച്ചുപൂട്ടല്‍ സംബന്ധിച്ച് ജൂലൈലാണ് അഡെകില്‍ നിന്ന് നോട്ടിസ് ലഭിച്ചതെന്നും അബ്ദുല്ല ഫാറൂഖി പറഞ്ഞു. മധ്യവേനലവധിയായതിനാല്‍ സ്കൂള്‍ തുറന്ന ശേഷം മാത്രമേ കുട്ടികള്‍ക്ക് നോട്ടിസ് കൈമാറാന്‍ കഴിയൂവെന്ന് അഡെകിനെ അറിയിച്ചിരുന്നു. സ്കൂള്‍ തുറന്ന് എല്ലാ കുട്ടികളും എത്തിയപ്പോഴാണ് നോട്ടിസ് നല്‍കിയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.