Latest News

മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്‍മാരുടേയും പരിപാലന നിയമം കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം

കാസര്‍കോട്: മാതാപിതാക്കളില്‍ നിന്നും സ്വത്ത് കൈപ്പറ്റിയ ശേഷം അവരെ പരിപാലിക്കാത്ത മക്കള്‍ സ്വത്ത് തിരികെ നല്‍കണമെന്ന് 2007ലെ മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്‍മാരുടേയും പരിപാലന നിയമം കര്‍ശനമായി നടപ്പാക്കാന്‍ നിയമസഭാ സബോര്‍ഡിനേറ്റ് കമ്മിറ്റി ജില്ലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വത്ത് കൈപ്പറ്റി മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കില്‍ സ്വത്ത് രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുകയും തിരികെ നല്‍കുകയും വേണം.

കളക്ടറേറ്റില്‍ ചേര്‍ന്ന നിയമസഭാ സമിതി യോഗത്തില്‍ ചെയര്‍മാന്‍ എം ഉമ്മര്‍ അധ്യക്ഷത വഹിച്ചു. മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്‍മാരുടേയും പ്രശ്‌നങ്ങള്‍ ജില്ലാതല ട്രിബ്യൂണല്‍ ചര്‍ച്ച ചെയ്തു പരിഹാരം നിര്‍ദ്ദേശിക്കും. ഈ നിര്‍ദ്ദേശം പാലിക്കാന്‍ ബന്ധുക്കള്‍ ബാധ്യസ്ഥരാണ്. ജില്ലയില്‍ ഇതുവരെ 69 മുതിര്‍ന്ന പൗരന്‍മാരില്‍ നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവയില്‍ 55 എണ്ണം പരിഹരിച്ചിട്ടുണ്ടെന്നും ജില്ലാതല സമിതി കണ്‍വീനര്‍ കൂടിയായ സബ്കളക്ടര്‍ കെ. ജീവന്‍ ബാബു അറിയിച്ചു. 

ട്രിബ്യൂണലിന്റെ ഉത്തരവുകള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സമിതി നിര്‍ദ്ദേശം നല്‍കി.പരിഷ്‌കൃത സമൂഹത്തില്‍ വയോജനങ്ങളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ജില്ലയിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും വയോജനക്ഷേമത്തിന് തുക നീക്കി വെക്കണം.
പോലീസ് സ്റ്റേഷനുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുളള കേസുകള്‍ രേഖപ്പെടുത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയും വിവരങ്ങള്‍ മാസം തോറും ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയും വേണം. ജില്ലാ പോലീസ് മേധാവി എല്ലാ മാസവും ഇരുപതിനകം ഡി ജി പി ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.
നിയമസഭാ സമിതി ചെയര്‍മാന്‍ എം ഉമ്മര്‍ അംഗങ്ങളായ എന്‍ എ നെല്ലിക്കുന്ന്, വി ചെന്താമരാക്ഷന്‍, ഹൈബി ഈഡന്‍, ലൂഡിലൂയിസ് എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, എ ഡി എം എച്ച്.ദിനേശന്‍, സബ്കളക്ടര്‍ ജീവന്‍ ബാബു ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ പ്രദീപ് കുമാര്‍, നിയമസഭാ സമിതി അഡീഷണല്‍ സെക്രട്ടറി എം നാരായണന്‍ പോറ്റി, കാസര്‍കോട് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറസത്താര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി കെ സോമന്‍ ഡി എം ഒ കെ ഗോപിനാഥ്, ഡി ഡി പി എം ഗോവിന്ദന്‍, ആര്‍ ടി ഒ പി ടി എല്‍ദോ, ഡി വൈ എസ് പി ( ഡി സി ആര്‍ ബി) വി മധുസൂദനന്‍, ഡെപ്യൂട്ടി കളക്ടര്‍ ടി രാമചന്ദ്രന്‍, ജില്ലാ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഇ ചന്ദ്രശേഖരന്‍ നായര്‍, മുതിര്‍ന്ന പൗരന്‍മാരുടെ സംഘടനാ പ്രതിനിധികള്‍, കണ്‍സിലിയേഷന്‍ കമ്മിറ്റി അംഗങ്ങള്‍, വയോജനക്ഷേമത്തിനായി രൂപീകരിച്ച ജില്ലാതല സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.