Latest News

കെ.എസ്.ടി.പി റോഡ്: ചളിയങ്കോട്ട് പൈലിങ് തുടങ്ങി, ഗതാഗതം വഴിമാററും


കാസര്‍കോട്: കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി പാലം നിര്‍മിക്കുന്നതിന് ചളിയങ്കോട് പൈലിങ് തുടങ്ങി. രണ്ടു കുന്നുകള്‍ക്കിടയില്‍ 152 മീറ്റര്‍ നീളത്തിലുള്ള പാലമാണ് കെട്ടുന്നത്. ആറു തൂണുകളുണ്ട്. ഓരോ തൂണിനും ആറു പൈലുകള്‍വീതം വേണം. രണ്ടരികുകളിലുമായി 52 പൈലുകളാണ് പാലത്തിനായി വേണ്ടതെന്ന് അധികൃതര്‍ പറഞ്ഞു. ബുധനാഴ്ചമുതല്‍ പൈലിങ് പൂര്‍ണതോതില്‍ തുടങ്ങുമെന്നും അവര്‍ പറഞ്ഞു.

ചളിയങ്കോട്ടെ കുന്നിടിച്ച് റോഡിനു വീതികൂട്ടുമ്പോള്‍ ഗതാഗതം വഴിമാറ്റേണ്ടതുണ്ട്. അതിനുള്ള കത്ത് ജില്ലാ അധികൃതര്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇരുപതിനുള്ളില്‍ ആ പണി തുടങ്ങും. ആ സമയത്ത് ഗതാഗതം ദേളി വഴി തിരിച്ചുവിടും. കാസര്‍കോട് പ്രസ്‌ക്ലബ് ജങ്ഷനില്‍നിന്നാണ് റോഡ് നവീകരണം തുടങ്ങുന്നത്. കുന്നില്‍നിന്നുള്ള മണ്ണ് ചെമ്മനാട് ഭാഗത്ത് റോഡിന്റെ വീതികൂട്ടാന്‍ ഉപയോഗിക്കും.

രണ്ടുഭാഗത്തേക്കുമായി ഏഴുമീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കും. അതിന്റെ രണ്ടുഭാഗത്തും ഒന്നര മീറ്റര്‍ വീതം വീതിയില്‍ ചെറുവാഹനങ്ങള്‍ക്കുള്ള റോഡുണ്ടാകും. പ്രധാന ടൗണുകളില്‍ കോണ്‍ക്രീറ്റ് ഓടയും 2.5 മീറ്റര്‍ വീതിയില്‍ കൈവരിയോടെയുള്ള നടപ്പാതയും നിര്‍മിക്കും. ജങ്ഷനുകളില്‍ മാത്രമായിരിക്കും ഡിവൈഡറുകള്‍. 22 ബസ്‌ബേകള്‍ നിര്‍മിക്കും. ചളിയങ്കോട് മണ്ണിടിച്ചല്‍തടയാന്‍ ഭിത്തി പണിയും. ചിത്താരി പുഴയ്ക്ക് പടിഞ്ഞാറായി പുതിയ പാലം പണിയും. അതിന്റെ മണ്ണുപരിശോധന പൂര്‍ത്തിയായി. പദ്ധതിക്കായി 400 മരങ്ങള്‍ മുറിക്കേണ്ടതുണ്ട്. അത് തുടങ്ങിക്കഴിഞ്ഞു.

ലോകബാങ്കിന്റെ സാമ്പത്തികസഹായത്തോടെ പൊതുമരാമത്ത് വകുപ്പും കെ.എസ്.ടി.പി. പ്രോജക്ട് മാനേജ്‌മെന്റ് വിഭാഗവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കാസര്‍കോട് ചന്ദ്രഗിരി ജങ്ഷന്‍മുതല്‍ കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതവരെയുള്ള 27.75 കിലോമീറ്റര്‍ റോഡ് നവീകരിക്കാന്‍ 133 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.