മുംബൈ: ഇരുന്നൂറാം ടെസ്റ്റിനു ശേഷം സച്ചിന് തെണ്ടുല്‍ക്കറോട് വിരമിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. നവംബറില്‍ വിന്‍ഡീസുമായി നടക്കുന്ന പരമ്പരയിലാണ് സച്ചിന് ഇരുന്നൂറാം ടെസ്റ്റ് തികയ്ക്കുക. മുംബൈയിലോ കോല്‍ക്കത്തയിലോ ആയിരിക്കും ടെസ്റ്റ്. ആരാണ് വിരമിക്കലിന്റെ കാര്യം സച്ചിനോട് പറയുകയെന്ന കാര്യത്തില്‍ പോലും ബിസിസിഐ തീരുമാനത്തിലെത്തിയതായാണ് മുംബൈ മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പേരു വെളിപ്പെടുത്താത്ത ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. യുവാക്കള്‍ക്കു വേണ്ടി വഴിമാറണമെന്നായിരിക്കും സച്ചിനോട് ആവശ്യപ്പെടുക. സെലക്ടര്‍മാരെ ഒഴിവാക്കി ബിസിസിഐ ഭാരവാഹി തന്നെയാകും സച്ചിനോട് ഇക്കാര്യം സൂചിപ്പിക്കുക. സച്ചിനു വേണ്ടിയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്‍പ് ഒരു ടെസ്റ്റു പരമ്പര തട്ടിക്കൂട്ടിയതെന്നും ബിസിസിഐ വൃത്തങ്ങള്‍ സമ്മതിക്കുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 22 ടെസ്റ്റുകളില്‍ സച്ചിന് ഒരു സെഞ്ചുറി പോലും കണ്ടെത്തിയിട്ടില്ല. അവസാനം കളിച്ച 12 ടെസ്റ്റുകളില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് സച്ചിന് നേടാനായത്.
സച്ചിന്റെ വിരമിക്കലിനായി നേരത്തെ മുതല്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ വിരമിക്കലിനോട് അനൂകൂലമായ നിലപാടായിരുന്നില്ല സച്ചിന് കൈക്കൊണ്ടിരുന്നത്. കളി താന്‍ ആസ്വദിക്കുന്നുണ്ടെന്നും അതിനു സാധിക്കുന്നിടത്തോളം കാലം കളിക്കളത്തില്‍ തുടരുമെന്നുമാണ് ഇതേക്കുറിച്ച് സംസാരിക്കുമ്പോള്‍ സച്ചിന്റെ പ്രതികരണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Sports, Cricket, Sachin
No comments:
Post a Comment