Latest News

വിഷമഴയുടെ ദുരന്തം വിതച്ച ഭൂമി ജൈവകൃഷിയിലൂടെ തിരിച്ചു പിടിക്കാന്‍ സിദ്ദിഖിന്റെ ഡയറി ഫാം


കാസര്‍കോട്: എന്‍ഡോസള്‍ഫാന്റെ വിഷമഴ പെയ്ത എന്‍മകജെ ഗ്രാമപഞ്ചായത്തിലെ പഡ്രേ ഗ്രാമത്തിലേക്ക് കടന്നു ചെല്ലുമ്പോള്‍ നമ്മെ വരവേല്‍ക്കുന്നത് നിറയെ പശുക്കളുള്ള കണ്ടിഗെ ഫാമും ഏക്കറുകളോളം പരന്നു കിടക്കുന്ന കൃഷിയിടവുമാണ്. വിഷമഴയുടെ ദുരന്തം ഈ ഭൂമിയ്ക്ക് ഏറെ നാശം വിതച്ചെങ്കിലും അതെല്ലാം ജൈവ കൃഷിയിലൂടെ തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് അബൂബക്കര്‍ സിദ്ദിഖിന്റെ ഈ കൃഷിയിടം. 

മൂന്ന് വര്‍ഷം മുമ്പ് പശു വളര്‍ത്തല്‍ ആരംഭിക്കുമ്പോള്‍ ഇത്തരത്തിലൊരു നേട്ടം സിദ്ദിഖ് പ്രതീക്ഷിച്ചിരുന്നില്ല. അഞ്ച് പശുക്കളുമായി തുടങ്ങിയ കണ്ടിഗെ ഫാമില്‍ ഇന്ന് 35 പശുക്കളും 5 കിടാരികളുമുണ്ട്. ഇന്ന് ഈ ഗ്രാമത്തിലെ മിക്കവാറും ജനങ്ങള്‍ പാലിനായി ആശ്രയിക്കുന്നത് സിദ്ദിഖിന്റെ ഫാമിനെയാണ്. ഒരു കാലത്ത് പാല്‍ ഉല്പാദനം തീരെ കുറവായിരുന്ന പെര്‍ള ക്ഷീര ഉല്പാദക സഹകരണ സംഘത്തിന്റെ പാലുല്പാദനം 1000 ലിറ്ററിനു മുകളിലെത്തിക്കാന്‍ സാധിച്ചതും സിദ്ദിഖിന്റെ ഡയറി ഫാം വഴിയാണ്.
കാര്‍ഷിക പാരമ്പര്യമുള്ള കുടുംബമായതിനാല്‍ കൃഷി സിദ്ദിഖിന് പുതിയ മേഖലയല്ലായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ സമയ കൃഷിക്കാരനായി മാറുകയായിരുന്നു ഇദ്ദേഹം. കുഞ്ഞു നാള്‍ മുതലേ പശുക്കളെ പരിപാലിച്ചു പോന്ന സിദ്ദിഖ് കൃഷി ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഫാം കൂടുതല്‍ വിപുലീകരിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് പശുക്കളെ വാങ്ങി ലാഭ നഷ്ട സാധ്യതകളെക്കുറിച്ച് വിലയിരുത്തിയ ശേഷമാണ് കൂടുതല്‍ പശുക്കളെ വാങ്ങാന്‍ തീരുമാനിക്കുന്നത്. 

അന്യ സംസ്ഥാനങ്ങളിലെ നിരവധി ഡയറി ഫാമുകള്‍ സന്ദര്‍ശിച്ച ശേഷമാണ് അത്യാധുനിക രീതിയിലുള്ള തൊഴുത്ത് വികസിപ്പിച്ചെടുത്തത്. ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപയോളം സിദ്ദിഖിന് ചെലവു വന്നു. പെര്‍ള സഹകരണ ബാങ്കില്‍ നിന്നും 5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭിക്കുകയുണ്ടായി. ഓട്ടോമാറ്റിക് ആയി വെള്ളമെത്തിക്കുന്ന സംവിധാനം, ഫാന്‍, മാറ്റ്, ടേപ്പ് എന്നിവയും തൊഴുത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ അഞ്ച് മണി മുതല്‍ ആരംഭിക്കുന്ന തൊഴുത്തിലെ ജോലികള്‍ എട്ട് മണിയോടെ അവസാനിക്കും. സഹായത്തിനായി മൂന്ന് ജോലിക്കാരുമുണ്ട്. 

എച്ച്.എഫ്, ജഴ്‌സി, ഗീര്‍ എന്നീ ഇനങ്ങളാണ് ഫാമിലെ പ്രധാന താരങ്ങള്‍. ഒരു ദിവസം 32 ലിറ്റര്‍ പാല്‍ ചുരത്തുന്ന എച്ച്.എഫുമുണ്ട് ഈ കൂട്ടത്തില്‍. വെറ്റെറിനറി ഡോക്ടര്‍ ചന്ദ്രബാബുവിന്റെ പ്രോത്സാഹനവും സഹായങ്ങളും സിദ്ദിഖിന് ഈ രംഗത്ത് മുതല്‍ക്കൂട്ടായി മാറി. ദിവസവും 300-350 ലിറ്റര്‍ പാല്‍ സൊസൈറ്റിയിലൂടെ വിപണനം ചെയ്യുന്നുണ്ട്. കൂടാതെ പ്രാദേശിക വിപണിയിലും പാലിന് ആവശ്യക്കാരേറെയാണ്. തീറ്റച്ചെലവ് കഴിച്ച് ഒരു മാസം 50,000 രൂപ ലാഭമുണ്ടാക്കാന്‍ കഴിയുന്നുണ്ട്. സിദ്ദിഖ് പറയുന്നു.
ആവശ്യക്കാര്‍ക്ക് ചാണകവും ഫാമില്‍ നിന്നും വില്‍പന നടത്തുന്നുണ്ട്. ഒരു കുട്ടയ്ക്ക് 50 രൂപ നിരക്കിലാണ് വിപണനം നടത്തുന്നത്. തീറ്റച്ചെലവ് കുറയ്ക്കാനായി വീടിനോടു ചേര്‍ന്നുള്ള ഒരേക്കര്‍ സ്ഥലത്തും ഇഡിയഡുക്കയിലെ രണ്ടേക്കര്‍ സ്ഥലത്തും സി.ഒ-3 ഇനത്തില്‍പ്പെട്ട തീറ്റപ്പുല്‍ കൃഷി ചെയ്യുന്നു. ഫാമില്‍ നിന്നുള്ള അവശിഷ്ടങ്ങളൊന്നും സിദ്ദിഖ് പാഴാക്കി കളയുന്നില്ല. ഫാമിനോടു ചേര്‍ന്നു തന്നെ ബയോഗ്യാസ് പ്ലാന്റും സ്ലറി ടാങ്കും നിര്‍മ്മിച്ചിട്ടുണ്ട്. ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള സ്ലറിയും ജൈവവളങ്ങളും ഉപയോഗിച്ചാണ് എല്ലാത്തരം കൃഷികളും ചെയ്യുന്നത്. വീടിനോടു ചേര്‍ന്നുള്ള 12 ഏക്കര്‍ സ്ഥലത്തില്ലാത്ത കൃഷികളും അപൂര്‍വ്വം. 

അടയ്ക്ക, തെങ്ങ്, കുരുമുളക്, വാഴ, ജാതി, കൊക്കോ, കാപ്പി എന്നിവയെല്ലാം ഇടവിളകളായി വളരുന്നു. റബ്ബറിനിടവിളയായി ഇഞ്ചി, മഞ്ഞള്‍, നേന്ത്രവാഴ എന്നിവയും കൃഷി ചെയ്തു വരുന്നു. നാടന്‍ കോഴികള്‍, കട്‌ല, രോഹു, ഗ്രാസ് കോപ്പര്‍ എന്നീയിനങ്ങളില്‍പ്പെട്ട മത്സ്യങ്ങള്‍ എന്നിവയും കൃഷിയിടത്തില്‍ ഇടംനേടിയിട്ടുണ്ട്. കണ്ടിഗെ ഫാമിനെ 100 പശുക്കളുള്ള ഫാമാക്കി വിപുലപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് സിദ്ദിഖ്. ചാണകത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാനും സിദ്ദിഖ് ലക്ഷ്യമിടുന്നുണ്ട്.
പശു വളര്‍ത്തല്‍ രംഗത്തുള്ള മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി ക്ഷീര വികസന വകുപ്പ് എം.എസ്.ഡി.പി പദ്ധതി പ്രകാരം കണ്ടിഗെ ഫാമിനെ കിടാരി വളര്‍ത്തല്‍ കേന്ദ്രമായി വികസിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച ക്ഷീര കര്‍ഷകനുള്ള ജില്ലാതല അവാര്‍ഡ്, ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്നതിനുള്ള ബ്ലോക്ക്തല അവാര്‍ഡ് എന്നീ അംഗീകാരങ്ങളും സിദ്ദിഖിനെ തേടിയെത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.