Latest News

മതസൌഹാര്‍ദത്തിന്റെ ഉണര്‍ത്തു പാട്ടുമായി പെരുങ്കളിയാട്ടത്തിന് ഒരുക്കം തുടങ്ങി

ചെറുവത്തൂര്‍: മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകളില്‍ നിന്ന് അകലെയാണ് നെല്ലിക്കാതുരുത്തി കഴകം നിലമംഗലം ഭഗവതി ക്ഷേത്രം. അതുകൊണ്ടു തന്നെ അവിടത്തെ പെരുങ്കളിയാട്ടം ഈ നാട്ടിലെ മുഴുവന്‍ ജനതയുടെയും ഉല്‍സവമാണ്. കാല്‍നൂറ്റാണ്ടിനു ശേഷം 2014 ഫെബ്രുവരി നാല് മുതല്‍ 11വരെ നടക്കുന്ന കളിയാട്ടത്തിനായി നാടൊന്നാകെ കൈകോര്‍ത്തു നിന്ന് ഒരുക്കം തുടങ്ങി.

തെയ്യങ്ങളുടെയും തിറകളുടെയും നാടായ വടക്കേമലബാറിലെ തിയ്യ സമുദായത്തിന്റെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. ക്ഷേത്ര പരിധിയിലെ എല്ലാ ജാതിമതസ്ഥരുടെയും പൂര്‍ണ സഹകരണത്തോടെയാണ് ഇവിടെ കളിയാട്ടം നടക്കാറുള്ളത്. ഇസ്ലാം മതത്തിന്റെ പ്രതിനിധി വേളാപുരത്തു തറവാട്ടുകാര്‍ക്കും മണിയാണി സമുദായത്തിലെ കുണ്ടാകുടിയന്‍ തറവാട്ടുകാര്‍ക്കും കളിയാട്ട സമയത്ത് ക്ഷേത്രത്തില്‍ ഇപ്പോഴും തുടരുന്ന ചില അവകാശങ്ങളുണ്ട്.

ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള പടിപ്പുരയില്‍ ഇരുന്ന് ഉല്‍സവം കാണാനുള്ള അവകാശം മുസ്ലിം സമുദായക്കാര്‍ക്കുണ്ടെന്നതാണ് ഇവിടത്തെ പ്രധാന പ്രത്യേകത. ക്ഷേത്രത്തില്‍ നിന്നു നൂറ് മീറ്റര്‍ മാറിയാണ് ചരിത്രപ്രസിദ്ധമായ തുരുത്തി ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. പള്ളിയിലെ ബാങ്കു വിളികളും ക്ഷേത്രത്തിലെ ഭക്തി ഗീതങ്ങളും ഒന്നിച്ചൊഴുകിയെത്തുന്നത് ഈ നാടിന്റെ ഒരുമയിലേക്കാണ്. ഏഴു ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തില്‍ നൂറ്റന്‍പതോളം തെയ്യക്കോലങ്ങള്‍ കെട്ടിയാടും. കളിയാട്ടം നടക്കുന്ന അവസാനത്തെ അഞ്ച് ദിവസങ്ങളില്‍
ഉച്ചയ്ക്കും രാത്രിയിലുമായി രണ്ട് ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കും.

രണ്ട് കോടി രൂപയാണ് കളിയാട്ടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. പി.സി. രാമന്‍ ചെയര്‍മാനും ഡോ. കെ.വി. ശശിധരന്‍ ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതിയാണ് കളിയാട്ട നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.