Latest News

ഖുര്‍ആനിക ആശയങ്ങളുടെ കാവ്യാവിഷ്‌കാരം മലയാളത്തിന് സമ്മാനിച്ച കെ.ജി. രാഘവന്‍ നായര്‍ അന്തരിച്ചു


ഒറ്റപ്പാലം: ഖുര്‍ആനിക ആശയങ്ങളുടെ കാവ്യാവിഷ്‌കാര ഗ്രന്ഥമായ അമൃതവാണി മലയാളത്തിന് സമ്മാനിച്ച കെ.ജി. രാഘവന്‍ നായര്‍ അന്തരിച്ചു.

വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് കിടപ്പിലായ ഇദ്ദേഹത്തിന്റെ അന്ത്യം ഒറ്റപ്പാലം ചുനങ്ങാട് പിലാത്തറയിലെ കരിമ്പിന്‍കളം വീട്ടില്‍ ശനിയാഴ്ച രാത്രി 10.30ഓടെ ആയിരുന്നു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാതിരുന്ന ഇദ്ദേഹം 102ാം വയസ്സിലാണ് വിടവാങ്ങിയത്.
സി.എന്‍. അഹ്മദ് മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ വായിക്കാന്‍ ഇടയായതാണ് അമൃതവാണിയുടെ രചനക്ക് രാഘവന്‍ നായരെ പ്രേരിപ്പിച്ചത്. പഠനകാലത്ത് ക്രൈസ്തവദര്‍ശനം എന്ന പുസ്തകം രചിച്ചിരുന്നു. ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കാവ്യസപര്യയുടെ ഫലസിദ്ധിയാണ് അമൃതവാണി. പല മതപണ്ഡിതരെയും സമീപിച്ചെങ്കിലും, മുസ്ലിം നാമം ഗ്രന്ഥകര്‍ത്താവിന് നല്‍കി പുസ്തകം പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിച്ചത് രാഘവന്‍നായരെ വിഷമിപ്പിച്ചിരുന്നതായി അദ്ദേഹം പറയുമായിരുന്നു.

'97 ഏപ്രിലില്‍ കോഴിക്കോട്ടെ ഇസ്ലാമിക് പബ്‌ളിഷിങ് ഹൗസ് (ഐ.പി.എച്ച്) ഇദ്ദേഹത്തിന്റെ പേരില്‍ത്തന്നെ പുസ്തകം പ്രസിദ്ധീകരിച്ചു. സി.എന്‍. അഹ്മദ് മൗലവി എന്‍ഡോവ്‌മെന്റ് പ്രഥമ പുരസ്‌കാരം, എസ്.എം.എ. കരീം അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ മെമോറിയല്‍ ബെസ്റ്റ് കള്‍ച്ചറല്‍ അവാര്‍ഡ് തുടങ്ങി പത്തോളം അംഗീകാരങ്ങള്‍ ഇതിന് ലഭിച്ചു.
മുഹമ്മദ് നബിയുടെ ജീവിതം ആധാരമാക്കി രചിച്ച നബിചരിതം, തിരുക്കുറലിന്റെ കാവ്യപരിഭാഷയായ ഭാഷാ തിരുക്കുരള്‍, കഥാകാവ്യമായ 'കഥാസാഗരം', 1001 രാവുകളുടെ പദ്യപുനരാഖ്യാനം എന്നിവയും ഇദ്ദേഹത്തിന്‍േറതായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്.
1911 നവംബര്‍ 22ന് തിരുവല്ലയിലെ പടിഞ്ഞാറ്റോതറ കോവിലകത്ത് കല്യാണിഅമ്മകൃഷ്ണപിള്ള ദമ്പതികളുടെ മകനായാണ് രാഘവന്‍ നായരുടെ ജനനം. ചങ്ങനാശ്ശേരി എസ്.ബി കോളജില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ അക്കൗണ്ട്‌സ് ഓഫിസറായാണ് വിരമിച്ചത്. തുടര്‍ന്നാണ് ചുനങ്ങാട്ട് താമസം ആരംഭിച്ചത്.
സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടന്നു. 

ഭാര്യ: പരേതയായ കാര്‍ത്തിക. മക്കള്‍: വിജയരാഘവന്‍, മധു (യു.എസ്.എ) ഉഷ (വിശാഖപട്ടണം). മരുമക്കള്‍: സുകുമാരന്‍, ലാലി, രാജി. 

എം. ഹംസ എം.എല്‍.എ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, ജന. സെക്രട്ടറി പി. മുജീബ്‌റഹ്മാന്‍, സെക്രട്ടറി എന്‍.എം. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.

അമൃതവാണിയുടെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.