Latest News

കാസര്‍കോട് കേന്ദ്രസര്‍വകലാശാലാ രജിസ്ട്രാറെ രാഷ്ട്രപതി പുറത്താക്കി


കാസര്‍കോട്: രണ്ടു വനിതാജീവനക്കാരെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കാസര്‍കോട് കേന്ദ്രസര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെ.എം.അബ്ദുര്‍റഷീദിനെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുറത്താക്കി. പരാതി അന്വേഷിച്ച കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെത്തുടര്‍ന്ന് അഞ്ചുമാസത്തോളമായി സസ്‌പെന്‍ഷനിലാണ് അബ്ദുര്‍റഷീദ്. ആദ്യമായാണ് ഒരു കേന്ദ്രസര്‍വകലാശാലാ രജിസ്ട്രാറെ രാഷ്ട്രപതി പുറത്താക്കുന്നത്.

രജിസ്ട്രാറെ പുറത്താക്കിയതു സംബന്ധിച്ച മാനവവിഭവശേഷിമന്ത്രാലയത്തിന്റെ ഉത്തരവ് കഴിഞ്ഞദിവസം കേന്ദ്രസര്‍വകലാശാലയുടെ കാസര്‍കോട് ഓഫീസില്‍ ലഭിച്ചു. വ്യാഴാഴ്ച ഡോ. അബ്ദുര്‍റഷീദ് സര്‍വകലാശാലയില്‍നിന്ന് ഉത്തരവ് കൈപ്പറ്റി. ഈവര്‍ഷം മെയ് 20 മുതലായിരുന്നു സസ്‌പെന്‍ഷന്‍.

ഈവര്‍ഷം ജനവരി 24നാണ് രജിസ്ട്രാര്‍ക്കെതിരെയുള്ള ആദ്യപരാതി സര്‍വകലാശാലയ്ക്ക് ലഭിച്ചത്. രണ്ടാമത്തേത് മാര്‍ച്ച് 12നും. പരാതിയെത്തുടര്‍ന്ന് ഒരു ജീവനക്കാരിയെ രജിസ്ട്രാറുടെ ഓഫീസില്‍നിന്ന് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മറ്റൊരാളെ കാബിനിലേക്ക് വിളിപ്പിക്കുന്നതില്‍നിന്ന് വിലക്കി. ജീവനക്കാരുടെ പരാതിയില്‍ നടപടി വൈകുന്നതിനെത്തുര്‍ന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചൂലുമായി സര്‍വകലാശാലയിലേക്ക് പ്രകടനം നടത്തിയിരുന്നു.

ഇതിനുശേഷമാണ് ആറംഗ യൂണിവേഴ്‌സിറ്റി കംപ്ലെയിന്റ്‌സ് കമ്മിറ്റി തെളിവെടുപ്പു നടത്തിയത്. സ്ത്രീപീഡനം തടയുന്നതിനും സ്ത്രീകളുടെ പരാതി പരിഹരിക്കുന്നതിനും രൂപവത്കരിച്ച സമിതിയുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാനവവിഭവശേഷി മന്ത്രാലയം അബ്ദുര്‍റഷീദിന് കാരണംകാണിക്കല്‍ നോട്ടീസ് നല്കി. വൈസ് ചാന്‍സലര്‍ മുഖേനയാണ് നോട്ടീസ് നല്കിയത്. ഇതിന് അബ്ദുര്‍റഷീദ് നല്കിയ മറുപടിയില്‍ കഴമ്പില്ലെന്നു കാണിച്ചാണ് രാഷ്ട്രപതിയുടെ പുറത്താക്കല്‍ ഉത്തരവ്.

കണ്ണൂര്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ ആയിരുന്നു അബ്ദുര്‍റഷീദ്. ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയാണ് അദ്ദേഹം കേന്ദ്രസര്‍വകലാശാലയില്‍ നിയമിതനായത്. പിന്നീട് രജിസ്ട്രാര്‍ ആയി നിയമിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.