Latest News

പരിയാരം ഓണപ്പറമ്പില്‍ മദ്രസ തീവെച്ച്‌ നശിപ്പിച്ചു

തളിപ്പറമ്പ: ഇരു വിഭാഗം സുന്നികള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഓണപറമ്പില്‍ ഇ.കെ. വിഭാഗം സുന്നികളുടെ മദ്രസ തീവച്ച്‌ നശിപ്പിച്ചു. കൊട്ടില ജുമാഅത്ത്‌ കമ്മിറ്റിക്ക്‌ കീഴിലുള്ള കൊട്ടില നൂറുല്‍ ഇസ്‌ലാം മദ്രസയാണ്‌ അഗ്നിക്കിരയായത്‌. 10 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. എ.പി. വിഭാഗക്കാരാണ്‌ തീവെപ്പിന്‌ പിറകിലെന്നാണ്‌ പരാതി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ്‌ മദ്രസ കത്തിനശിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌.

ഓണപറമ്പ്‌ മസ്‌ജിദ്‌ ഖത്തീബും കൊട്ടല മദ്രസ പ്രധാന അധ്യാപകനുമായ മുസ്‌തഫ സഅദിയുടെ വീട്‌ മദ്രസക്ക്‌ സമീപമാണ്‌.അദ്ദേഹം പള്ളിയില്‍ നിസ്‌കരിക്കാന്‍ പോകുമ്പോഴാണ്‌ മദ്രസ കത്തുന്നത്‌ കണ്ടത്‌. അദ്ദേഹം ഉടന്‍ പരിസരവാസികളെ വിളിച്ചുണര്‍ത്തി. അവര്‍ ഓടിയെത്തുമ്പോഴേക്കും മദ്രസ ഏതാണ്ട്‌ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. തളിപ്പറമ്പില്‍ നിന്ന്‌ എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ്‌ തീ നിയന്ത്രണ വിധേയമാക്കിയത്‌. ഓഫീസ്‌ മുറിയും നിസ്‌കാരഹാളുമാണ്‌ പ്രധാനമായും കത്തിനശിച്ചത്‌. ഓഫീസ്‌ മുറിയിലെ മൂന്ന്‌ ഇരുമ്പ്‌ ഷെല്‍ഫുകളും കത്തിയുരുകിയ നിലയിലാണ്‌. മുഴുവന്‍ മര ഫര്‍ണ്ണിച്ചറുകളും കത്തി ചാരമായി മാറി.

പൗരാണികമായ ഹദീസ്‌ ഗ്രന്ഥങ്ങളും മറ്റ്‌ റഫറന്‍സ്‌ പുസ്‌തകങ്ങളും, മദ്രസ പുസ്‌തകങ്ങളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടും. എസ്‌.കെ.എസ്‌.ബി.വി ഫണ്ട്‌ ശേഖരിച്ച വകയിലുള്ള 10,000 രൂപ, കഴിഞ്ഞ ദിവസം ഉസ്‌താദിന്‌ നല്‍കിയ കഴിഞ്ഞ മാസത്തെ ശമ്പളമായ 9,000 രൂപ എന്നിവയും കത്തിനശിച്ചവയില്‍ ഉള്‍പ്പെടും. ഓടിട്ട ഇരുനില കെട്ടിടത്തിലാണ്‌ മദ്രസ പ്രവര്‍ത്തിക്കുന്നത്‌. സമസ്‌ത രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ മദ്രസ നിലവില്‍ വന്നതായാണ്‌ കരുതുന്നത്‌. 1925ല്‍ സമസ്‌ത രൂപീകൃതമായപ്പോള്‍ 267 നമ്പറായി മദ്രസ രജിസ്റ്റര്‍ ചെയ്‌തു. 420 വിദ്യാര്‍ത്ഥികളും 11 അധ്യാപകരുമുണ്ട്‌ ഇപ്പോള്‍. എം.കെ. അബ്‌ദുള്‍കരീം ഹാജി പ്രസിഡണ്ടും എം. അബ്‌ദുള്‍നാസര്‍ സെക്രട്ടറിയും പി. അബ്‌ദുള്‍ഖാദര്‍ ഹാജി ട്രഷററുമായുള്ള ജുമാഅത്ത്‌ കമ്മിറ്റിക്ക്‌ കീഴിലാണ്‌ മദ്രസ പ്രവര്‍ത്തിക്കുന്നത്‌.

ഓണപറമ്പ്‌ പള്ളി കവലയില്‍ നിന്ന്‌ 100 മീറ്റര്‍ പരിധിയില്‍ കൊട്ടിലയിലേക്കുള്ള റോഡരികിലാണ്‌ മദ്രസ. ഇതിന്റെ പൂട്ടുപൊളിച്ച്‌ അകത്ത്‌ കടന്നാണ്‌ തീയിട്ടതെന്ന്‌ സംശയിക്കുന്നു. എ.പി വിഭാഗം നേതാക്കളായ പി.പി. മുഹമ്മദ്‌കുഞ്ഞി മുസ്‌ലിയാര്‍, കെ. ബഷീര്‍, കെ.സി. സൈഫുദ്ദീന്‍, മഹമൂദ്‌ സഖാഫി എന്നിവരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയാണ്‌ മദ്രസ തീവച്ചതെന്ന്‌ പള്ളി കമ്മിറ്റി പ്രസിഡണ്ട്‌ പഴയങ്ങാടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മുസ്ലിംലീഗ്‌ നേതാക്കളായ വി.കെ. അബ്‌ദുള്‍ഖാദര്‍ മൗലവി, കെ.വി. മുഹമ്മദ്‌ കുഞ്ഞി, കെ.എം. സൂപ്പി, വി.പി. വമ്പന്‍, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അഡ്വ. എസ്‌. മുഹമ്മദ്‌, കടന്നപ്പള്ളി മുസ്‌തഫ, പി.ഒ.പി മുഹമ്മദലി, ഹനീഫ ഏഴാംമൈല്‍, സമസ്‌ത നേതാക്കളായ സുലൈമാന്‍ ഫൈസി, അഹമ്മദ്‌ തേര്‍ളായി, എസ്‌.കെ.എം. സഅ്‌ലത്തീഫ്‌ പന്നിയൂര്‍, കെ.പി. മുഹമ്മദ്‌ ഹനീഫ, ദി, മാണിയൂര്‍ അബ്‌ദുറഹ്‌മാന്‍ ഫൈസി, എ.കെ. അബ്‌ദുള്‍ ബാഖി, അബ്‌ദുള്‍സമദ്‌ മുട്ടം, സലാം ദാരിമി കിണവക്കല്‍, അമീര്‍ ഹാഫിളലി എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

ഇരിട്ടി ഡി.വൈ.എസ്‌.പി: പ്രദീപ്‌കുമാര്‍, തളിപ്പറമ്പ്‌ സി.ഐ: എ.വി. ജോണ്‍, പയ്യന്നൂര്‍ സി.ഐ: അബ്‌ദുള്‍റഹിം, ശ്രീകണ്‌ഠപുരം സി.ഐ: ജോഷി ജോസ്‌, പരിയാരം, തളിപ്പറമ്പ്‌, പഴയങ്ങാടി എസ്‌.ഐമാര്‍, ഡി.വൈ.എസ്‌.പിയുടെ കമന്‍ഡോ എന്നിവരടങ്ങിയ സുശക്തമായ പോലീസ്‌ സംഘത്തെ സ്ഥലത്ത്‌ വിന്യസിപ്പിച്ചിട്ടുണ്ട്‌.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Madrasa, Fire, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.