Latest News

കണ്ണൂരില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം: വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടി

കണ്ണൂര്‍: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും കച്ചവടം പൊടിപൊടിക്കുന്നതായി റിപ്പോര്‍ട്ട്. വിദേശമദ്യവും കഞ്ചാവും ഉള്‍പ്പെടെയുളള ലഹരി വസ്തുക്കള്‍ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വന്‍തോതില്‍ വില്‍ക്കുന്നു.

കേരളത്തിന് അകത്തും പുറത്തും നിന്ന് എത്തിക്കുന്ന കഞ്ചാവിന്റെ ഗുണഭോക്താക്കളില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും കഞ്ചാവ് എത്തിച്ചുവില്‍ക്കുന്നുണ്ടെങ്കിലും ഇവിടങ്ങളില്‍ ഇതിന്റെ ഉപഭോക്താക്കളുടെ എണ്ണം കുറവാണെന്ന് പറയപ്പെടുന്നു. അതേസമയം മദ്യവും മറ്റുരൂപത്തിലുള്ള മയക്ക്മരുന്നുകളും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും വര്‍ധിച്ച സ്വീകാര്യത നേടുന്നുവെന്നും പറയപ്പെടുന്നു.

പോലീസ് നെര്‍ക്കോട്ടിക് സെല്ല് എക്‌സൈസ് വിഭാഗത്തിനും റെയില്‍വെ പോലീസിനുമൊക്കെ ഇത് സംബന്ധിച്ച ആധികാരിക വിവരങ്ങളുണ്ട്. എന്നാല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍ക്ക്മീപം വര്‍ധിക്കുന്ന ഇവയുടെ വില്‍പ്പനയും ഉപയോഗവും ഇല്ലാതാക്കാന്‍ ശക്തമായ നടപടികളെടുക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നതായി ആക്ഷേപമുണ്ട്. സ്വകാര്യ-സ്വാശ്രയ കോളേജുകള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവിന്റെയും മയക്ക്മരുന്നിന്റേയും വില്‍പ്പന നാടെങ്ങും കൂടുന്നത്. ഈ സ്ഥാപനങ്ങള്‍ക്ക് ചുറ്റും ആവശ്യക്കാര്‍ക്ക് വിദേശമദ്യവും എത്തിക്കുന്ന സംഘവും സജീവമാണ്. ചില യുവതികളും സ്ഥിരമായി മദ്യം ഉപയോഗിക്കുന്നുവെന്ന കണ്ടെത്തിയിട്ടുണ്ട്.

ആന്ധ്ര. ഒറീസ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് മുഖ്യമായും കഞ്ചാവ് എത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വിദേശമദ്യം എത്തിച്ചുനല്‍കുന്ന സംഘങ്ങള്‍ എങ്ങും സജീവമാണ്. നാട്ടിന്‍പുറങ്ങളും നഗരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വിദേശമദ്യം രഹസ്യമായി വില്‍ക്കുന്ന ചില്ലറ വില്‍പ്പനക്കാരും വിദ്യാലയ പരിസരങ്ങളിലും മറ്റും വില്‍പ്പനക്കാരായി എത്താറുണ്ട്. പ്രത്യേകതരം മിഠായികളില്‍ മയക്ക് മരുന്ന് പുരട്ടിവില്‍പ്പന നടത്തുന്നതും പലയിടത്തും പതിവ് കാഴ്ചയാണത്രെ. ഇതിനും ആവശ്യക്കാര്‍ ഏറെ. അതിനിടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് സിറിഞ്ചുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഹെല്‍മറ്റ് ധരിക്കാതെ പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് പരിശോധിച്ചപ്പോഴാണ് വളപട്ടണം പോലീസ് സിറിഞ്ചുകള്‍ കണ്ടെത്തിയത്.

സി ഐ പി ബാലകൃഷ്ണനാണ് അന്വേഷണം നടത്തുന്നത്. ഇതിന് പുറമെ ഒരു സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ 11 മൊബൈല്‍ ഫോണുകള്‍ സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്ത് പോലീസില്‍ ഏല്‍പ്പിച്ചു. ഈ മൊബൈലില്‍ അശ്ലീല ചിത്രങ്ങളായിരുന്നു ഏറെക്കുറെയും ഉളളതത്രെ. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ സ്റ്റാഫിനെ വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെ അധികൃതര്‍ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. തളിപ്പറമ്പിലെ ഒരു കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥികളുടെ 35 ഫോണുകളാണ് ഇതേ രീതിയില്‍ പ്രിന്‍സിപ്പാല്‍ വാങ്ങിവെച്ചിട്ടുള്ളത്. പല സ്‌കൂളുകളിലും കോളേജുകളിലും മൊബൈല്‍ പ്രളയമാണത്രെ. 

അടക്കിപ്പിടിച്ച റിംഗ്‌ടോണുകളില്‍ മുഖരിതമാണ് സരസ്വതീക്ഷേത്രങ്ങള്‍. ഇവ നിരോധിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നുവെങ്കിലും അതിനൊക്കെ പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണിന്റെ കൂടെ അടയിരിക്കുകയാണ് ഇപ്പോള്‍. പ്രണയക്കുരുക്കാണ് ഇതിന് കാരണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, School, Mobile, Alcohol

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.