Latest News

ലാലുപ്രസാദ് യാദവ് ജയിലില്‍ അധ്യാപകനാകുന്നു

പാറ്റ്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ അഞ്ചു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ബിര്‍സമുണ്ട സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രി ലാലുപ്രസാദ് യാദവ് ജയിലില്‍ അധ്യാപകനാകുന്നു. തന്റെ ഇഷ്ടവിഷയമായ പൊളിറ്റിക്കല്‍ സയന്‍സും മാനേജ്‌മെന്റും എന്ന വിഷയത്തിലാണ് ലാലു സഹതടവുകാര്‍ക്ക് ക്ലാസുകളെടുക്കുക. പുതിയ ജോലിക്ക് ഒരു ദിവസം 25 രൂപ നിരക്കിലാണ് ലാലുവിന് വേതനം ലഭിക്കുക.

പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദധാരിയായ ലാലു റെയില്‍വേ മന്ത്രിയായിരിക്കെ ഈ വിഷയത്തില്‍ ഐഐഎമ്മിലും ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലും ഉള്‍പ്പെടെ ക്ലാസുകള്‍ എടുത്തിരുന്നു. ലാലുവിന്റെ പ്രായവും രാഷ്ട്രീയ പശ്ചാത്തലവും പരിഗണിക്കുമ്പോള്‍ കടുത്ത ജോലികള്‍ ചെയ്യാനാകില്ലെന്നും അതിനാലാണ് ഈ തീരുമാനമെടുത്തതെന്നും ജയില്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന വിരേന്ദ്രകുമാര്‍ സിംഗ് പറഞ്ഞു. ലാലുവിനെ പ്രവേശിപ്പിച്ചിട്ടുള്ള ബിര്‍സ മുണ്ട ജയിലില്‍ മൂവായിരത്തോളം തടവുകാരാണ് ഉള്ളത്. ഇവരില്‍ 200 പേര്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയ്ക്കും 100 പേര്‍ ബിരുദ പരീക്ഷയ്ക്കും 50 പേര്‍ ബിരുദാനന്തര പരീക്ഷയ്ക്കും തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലാലുവിന്റെ ക്ലാസുകള്‍ പ്രയോജനം ചെയ്യുമെന്ന നിഗമനത്തിലാണ് ജയില്‍ അധികൃതര്‍.

അതേസമയം ലാലുവിന്റെ ജീവിത പശ്ചാത്തലം ജയില്‍ ഉദ്യോഗസ്ഥന്‍ ഉടന്‍ ശേഖരിക്കുമെന്ന് ജയില്‍ ഐജി ശൈലേന്ദ്ര ഭൂഷണ്‍ പറഞ്ഞു. ഇതിനുശേഷം അദ്ദേഹത്തിന് ഉചിതമായ ജോലികള്‍ നല്‍കുമെന്നും ഐജി വ്യക്തമാക്കി. അതിനിടെ ലാലു ജയിലിലായതില്‍ മനംനൊന്ത് അദ്ദേഹത്തിന്റെ ഒരു അനുയായി ഹൃദയാഘാതത്താല്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മുസാഫര്‍പൂര്‍ ജില്ലയിലെ ബസന്ത്പൂര്‍ ഉത്രി ഗ്രാമവാസിയായ ബണ്ടിലാല്‍ സാ (70) ആണ് മരിച്ചത്. ലാലുവിന് ശിക്ഷ പ്രഖ്യാപിച്ച വാര്‍ത്ത ടിവിയില്‍ കണ്ടുകൊണ്ടിരിക്കെയാണ് ബണ്ടിലാലിന് ഹൃദയാഘാതമുണ്ടായത്.

അതിനിടെ സരണ്‍ ജില്ലയിലെ ഒരു അനുയായി നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് കോടതി ലാലുവിന് അഞ്ച് വര്‍ഷത്തെ ശിക്ഷ വിധിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Patna, Lalu Prasad Yadav, Birza Munda Centrel Jayil, Teacher

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.