Latest News

റിഷാദ് വധക്കേസ് വിധി സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം: എം.സി. ഖമറുദ്ദീന്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൂടെ കൂടെ കുറ്റവാളികള്‍ രക്ഷപ്പെടുന്ന രീതിയിലുള്ള കോടതി വിധികളും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന റിപ്പോര്‍ട്ടുകളും കുറ്റവാളികള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് പ്രചോദനമേകുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പറഞ്ഞു. റിഷാദ് വധവുമായി ബന്ധപ്പെട്ട കേസിലെ കുറ്റവാളികളെ വെറുതെ വിട്ട കോടതി വിധിയെ പരാമര്‍ശിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോടിന്റെ സാമൂഹ്യ വ്യവസ്ഥിതിയും ചില ഭാഗങ്ങളില്‍നിന്നുണ്ടാകുന്ന മത വര്‍ഗ്ഗീയ ഫാസിസവും പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അത് അവസാനിപ്പിക്കാന്‍ പോലീസും ജുഡീഷ്യറിയും ശക്തമായ നടപടി സ്വീകരിക്കണം. അതുണ്ടാകാതിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. 

റിഷാദ് വധക്കേസ് ഇടതു ഗവണ്‍മെന്റിന്റെ കാലത്തുണ്ടായ സംഭവമാണ്. അന്നത്തെ പോലീസ് കുറ്റവാളികള്‍ രക്ഷപ്പെടുന്ന രീതിയിലാണ് എഫ്.ഐ.ആര്‍. തയ്യാറാക്കിയത്. എഫ്.ഐ.ആറിലെ പിഴവുകളോ സാക്ഷി വിസ്താരത്തിലെ അപാകതകളോ അടിസ്ഥാനപ്പെടുത്തി കുറ്റവാളികള്‍ രക്ഷപ്പെടാനുള്ള സാഹചര്യം പാടില്ലാത്തതായിരുന്നു. റിഷാദ് കേസ് വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫാസിസ്റ്റ് ശക്തികള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത് പ്രതിഷേധാര്‍ഹമായ നടപടിയാണ്. ഇത് ഉത്തരവാദപ്പെട്ടവര്‍ തടയേണ്ടതായിരുന്നു. മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരം നടപടികള്‍ ഒരു തരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതായിരുന്നു. 

മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും നിസാര പ്രശ്‌നമുണ്ടാകുമ്പോള്‍ ശക്തമായ നടപടി സ്വീകരിക്കുന്ന ഉത്തരവാദപ്പെട്ടവര്‍ റിഷാദ് വധക്കേസ് വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ചവരുടെ പേരില്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. മതേതര വിശ്വാസികള്‍ ഇത്തരം സംഭവത്തില്‍ പ്രതിഷേധിക്കണം. 

റിഷാദ് വധക്കേസില്‍ അപ്പീല്‍ നല്‍കാന്‍ ഉടന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകണം. കുറ്റവാളികളെ അപ്പീല്‍ വഴിയെങ്കിലും ശിക്ഷിക്കപ്പെടാന്‍ ശക്തമായ നടപടി ഉണ്ടാകണം. ഖമറുദ്ദീന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.