Latest News

തളിപ്പറമ്പിനെ നടുക്കിയ പട്ടാപ്പകല്‍ കവര്‍ച്ചാശ്രമം വീട്ടുകാരി ഒരുക്കിയ നാടകം

തളിപ്പറമ്പ: തളിപ്പറമ്പിനെ നടുക്കിയ പട്ടാപ്പകല്‍ കവര്‍ച്ചാശ്രമം വീട്ടുകാരി ഒരുക്കിയ നാടകമാണെന്ന് തെളിഞ്ഞു. സീതിസാഹിബ് ഹൈസ്‌കൂളിന് സമീപം കഴിഞ്ഞ സപ്തംബര്‍ 14ന് ഉച്ചക്ക് 12 മണിയോടെ കുട്ടുക്കന്‍ മമ്മു (72), മമ്മുവിന്റെ മകള്‍ സുഹറ (35) എന്നിവരെ തലക്കടിച്ച് വീഴ്ത്തി കവര്‍ച്ച നടത്താന്‍ ശ്രമം നടന്നുവെന്ന സംഭവത്തിനാണ് നാടകീയ വഴിത്തിരിവ്.

സുഹറ നടത്തിയ നാടകമാണ് ഇതെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. അവര്‍ അയല്‍പക്കത്ത് നിന്ന് മൂന്ന് പവനോളം സ്വര്‍ണ്ണാഭരണം കടം വാങ്ങിയിരുന്നത്രെ. എന്തോ അത്യാവശ്യ കാര്യത്തിന് ഈ ആഭരണം പണയം വെക്കുകയും ചെയ്തു. എന്നാല്‍ അല്‍ക്കാര്‍ സ്വര്‍ണ്ണാഭരണത്തിന് തിരിച്ചു ചോദിച്ചു. അത് തിരിച്ചു കൊടുക്കേണ്ടുന്ന ദിനമായിരുന്നു സപ്തംബര്‍ 14. തിരിച്ചു കൊടുക്കാന്‍ വഴി കാണാതെ വന്ന സുഹറ വീട്ടിലെ അലമാര കുത്തിതുറന്ന് ആഭരണം എടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഈ സമയമാണ് ആശുപത്രിയില്‍ പോയ മാതാവ് വീട്ടില്‍ തിരിച്ചെത്തിയത്. പത്ത് മിനുട്ടോളം അവര്‍ കോളിംഗ് ബെല്‍ അടിച്ചു. ഇതോടെ പരിഭ്രാന്തയായ സുഹറ അലമാര അടക്കാന്‍ ശ്രമിച്ചപ്പോള്‍ തല അതിന്റെ ഓടാമ്പലിന് മുട്ടി മുറിവേറ്റു. ഇതോടെ കവര്‍ച്ചാശ്രമം നടന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ അവര്‍ ഉറങ്ങികിടക്കുകയായിരുന്ന പിതാവ് മമ്മുവിന്റെ തലക്ക് അധികം ബലം പ്രയോഗിക്കാതെ അടിക്കുകയായിരുന്നു.

സംഭവം നടന്ന ദിവസം തന്നെ അന്വേഷണത്തിന് എത്തിയ എസ്.ഐ: അനില്‍കുമാറിന് സംശയം തോന്നിയിരുന്നു. ഒരു മോഷ്ടാവും ഉറങ്ങിക്കിടക്കുന്ന ആളെ തലക്ക് അടിച്ച് എഴുന്നേല്‍പ്പിക്കില്ല എന്നതാണ് സംശയത്തിന് ഇടയാക്കിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന മമ്മുവിനെ ഉണര്‍ത്താന്‍ പാകത്തിലായിരുന്നു തലക്കടിച്ചത്. അയല്‍വാസികളില്‍ നിന്ന് മൊഴിയെടുത്തപ്പോള്‍ സുഹറ സ്വര്‍ണ്ണാഭരണം വാങ്ങിയ കാര്യവും വ്യക്തമായി. തുടര്‍ന്ന് സുഹറയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

സംഭവത്തിന് പിറകില്‍ മറ്റാരുടെയും കൈകളില്ലെന്നും തെളിഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണം തിരിച്ചു നല്‍കേണ്ടുന്ന ദിനം അടുത്തപ്പോള്‍ സുഹറക്ക് തോന്നിയ ബുദ്ധിമോശമാണ് ആളെ പരിഭ്രാന്തിയിലാക്കിയ നാടകത്തിന് ഇടയാക്കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thaliparamba, Robbery

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.