കോഴിക്കോട്: സംസ്ഥാനത്തെ അറബി കോളേജുകളിലെ സിലബസ് പരിഷ്‌കരിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി പുന:സംഘടിപ്പിക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനോടാവശ്യപ്പെട്ടു.
വിദഗ്ധ സമിതിയംഗങ്ങളില്‍ ഭൂരിപക്ഷവും വഹാബി പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരാണ്. സിലബസില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനും പ്രയോഗവത്കരിക്കാനും അധികാരമുള്ള സമിതിയില്‍ കേരളത്തിലെ മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷമായ സുന്നി പക്ഷത്തെ പ്രതിനിധീകരിക്കുന്ന അംഗങ്ങളില്ലെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
സിലബസ് നിര്‍ണയാധികാരം ദുരുപയോഗിച്ച് സ്‌കൂള്‍, കോളേജ് അറബി പാഠപുസ്തകങ്ങളില്‍ വഹാബികള്‍ തങ്ങളുടെ വിഷലിപ്തമായ ആശയഗതികള്‍ കടത്തിക്കൂട്ടിയ മുന്‍കാല അനുഭവം കേരളത്തിലുണ്ട്. ശക്തമായ പ്രതിഷേധങ്ങളുമായി സുന്നി സംഘടനകള്‍ അന്ന് രംഗത്തിറങ്ങിയതിന്റെ ഫലമായി അവ നീക്കം ചെയ്യുകയാണുണ്ടായത്.
മുജാഹിദുകള്‍ക്ക് ആധിപത്യമുള്ള വിദഗ്ധ സമിതി അറബിക് കോളേജുകളിലേക്ക് നിര്‍ദ്ദേശിക്കുന്ന സിലബസിലെ മതവിഷയങ്ങള്‍ അവരുടെ താല്‍പര്യാനുസൃതമായുള്ള ആശയങ്ങളായിരിക്കുമെന്ന് ആശങ്കപ്പെടുകയാണ്. ആകയാല്‍ വിദഗ്ധ സമിതിയില്‍ സുന്നി വിഭാഗത്തിനു കൂടി മതിയായ പ്രാതിനിധ്യം ഉറപ്പാക്കണം. സുന്നി മാനേജ്‌മെന്റിന് കീഴില്‍ നിരവധി അറബിക് കോളേജുകള്‍ നിലവിലുണ്ടെന്നിരിക്കെ സമിതിയിലെ പങ്കാളിത്തം പ്രാധാന്യമാണ്. വിദ്യാഭ്യാസ വകുപ്പും സര്‍ക്കാറും ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ നേതൃത്തത്തില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം കെ അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു. എന്‍ വി അബ്ദുറസാഖ് സഖാഫി, എം അബ്ദുല്‍ മജീദ്, അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി, കെ ഐ ബഷീര്‍, എ എ റഹീം, പി വി അഹ്മദ് കബീര്‍, ഹാഷിര്‍ സഖാഫി കായംകുളം പ്രസംഗിച്ചു. ഉമര്‍ ഓങ്ങല്ലൂര്‍ സ്വാഗതവും വി പി എം ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment