Latest News

'ദൈവത്തിനു നന്ദി; ഞാന്‍ മരിച്ചിട്ടില്ല..

ലണ്ടന്‍: 'ദൈവത്തിനു നന്ദി; ഞാന്‍ മരിച്ചിട്ടില്ല...' തലയോട്ടി തുളഞ്ഞുകയറിയ വെടിയുണ്ടയുടെ വേദനയില്‍ നിന്നും ജീവിതത്തിലേക്കു തിരിച്ചുകയറിയ നിമിഷം പാക് ബാലിക മലാല യുസുഫ്‌സായിയുടെ മനസിലേക്ക് ആദ്യമെത്തിയത് ഈ വാക്കുകളാണ്. 

വിദ്യാഭ്യാസത്തിനു വേണ്ടി പോരാടി താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ 16-കാരി മലാല അടുത്തിടെ എഴുതിയ ആത്മകഥയിലാണ് തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. 'ഞാന്‍ മലാല:
വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയര്‍ത്തി താലിബാന്റെ വെടിയേറ്റു വീണ പെണ്‍കുട്ടി' എന്ന ആത്മകഥ ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ നിന്നും ഇംഗ്ലലെ ആശുപത്രിക്കിടക്കയിലെത്തിയ കഥ മലാല തന്റെ ആത്മകഥയില്‍ വിവരിക്കുന്നു.

പരിക്കേറ്റ് കോമയില്‍ ഇംഗ്ലണ്ടിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയിലെത്തിയ തനിക്ക് സ്വന്തം പേരു പോലും ഓര്‍മയുണ്ടായിരുന്നില്ല. സംസാരിക്കാന്‍ ശേഷിയുണ്ടായിരുന്നില്ല. എവിടെയാണെന്നുള്ള ബോധമില്ല. നീണ്ട ആറു ദിവസം ആ അവസ്ഥയില്‍ കഴിഞ്ഞു. പിന്നീട് ഓര്‍മശക്തി തിരിച്ചു കിട്ടിയപ്പോള്‍ ആദ്യം ചിന്തിച്ചത് താന്‍ ജീവിച്ചിരുപ്പുണ്ട് എന്നതായിരുന്നുവെന്നും മലാല തന്റെ ആത്മകഥയില്‍ പറയുന്നു.

എങ്കിലും തനിക്കു വെടിയേറ്റ ആ നിമിഷം ഇപ്പോഴും മലാലയുടെ ഓര്‍മയിലില്ല. അതിനു മുമ്പുള്ള സംഭവങ്ങളെല്ലാം ഓര്‍മയില്‍ തെളിയുന്നുണ്ട്. 2012 ഒക്‌ടോബര്‍ ഒമ്പതിന് വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയിലെ സ്‌കൂളിലേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്നു മലാല. സൈനിക ചെക്‌പോയിന്റില്‍ ബസ് നിര്‍ത്തിയപ്പോള്‍ മുഖം മൂടി വച്ച ഒരു തോക്കുധാരി ബസിനുള്ളില്‍ കയറി മലാല ആരാണെന്ന് അന്വേഷിച്ചു. ബസിനുള്ളിലിരുന്ന മലാലയെ തിരിച്ചറിഞ്ഞ അക്രമി അവളുടെ തലയ്ക്കു നേരെ വെടിയുതിര്‍ത്തു. പിന്നീട് ഒരാഴ്ചയ്ക്കു ശേഷമാണ് തനിക്ക് ബോധം വീണതെന്ന് മലാല കുറിക്കുന്നു.

'ആശുപത്രിക്കിടക്കയില്‍ ബോധം വിട്ടുണരുന്ന സമയങ്ങളില്‍ മനസിലേക്കോടി വന്നത് അനേകം ചോദ്യങ്ങളാണ്. എവിടെയാണ് ഞാന്‍, ആരാണ് എന്നെ ഇവിടെ കൊണ്ടുവന്നത്, എന്റെ മാതാപിതാക്കള്‍ എവിടെയാണ്, എന്റെ അച്ഛന്‍ ജീവിച്ചിരിപ്പുണ്ടോ... ഉത്തരം കിട്ടാതെ ഞാന്‍ വല്ലാതെ പരിഭ്രമിച്ചു. എനിക്കറിയുന്ന ഏക കാര്യം അള്ളാഹു പുതുജീവന്‍ തന്ന് തന്നെ അനുഗ്രഹിച്ചെന്നാണ്. എന്നെ ശുശ്രൂഷിച്ചിരുന്ന നഴ്‌സ് പറഞ്ഞു ഞാന്‍ ഇപ്പോള്‍ ബര്‍മിംഗ്ഹാമിലാണെന്ന്. പക്ഷേ അതെവിടെയാണെന്ന് എനിക്കു മനസിലായില്ല. അവര്‍ മറ്റൊന്നും എനക്കു പറഞ്ഞുതന്നില്ല, എന്റെ പേരു പോലും. ഞാന്‍ ഇപ്പോഴും മലാല തന്നെയാണോ എന്ന് ഞാന്‍ ആലോചിച്ചു...'

ദിവസങ്ങള്‍ക്കു ശേഷം തന്റെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തി തന്നെ സന്ദര്‍ശിച്ചപ്പോഴാണ് താന്‍
ആദ്യമായി ഒന്നു മനസുതുറന്നു കരയുന്നതെന്ന് മലാല പറയുന്നു. മലാലയുടെ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ സണ്‍ഡേ ടൈംസ് പത്രം പ്രസിദ്ധീകരിച്ചിരുന്നു.

ബര്‍മിംഗ്ഹാമിലെ സ്‌കൂളില്‍ തന്റെ വിദ്യാഭ്യാസം തുടരുകയാണ് മലാല ഇപ്പോള്‍. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രചാരണപരിപാടികള്‍ നടത്തുന്ന മലാല സമാധാനത്തിനുള്ള നൊബേല്‍ സാധ്യതാ പട്ടികയില്‍ മുമ്പിലുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, London, Malala, Pakisthan, School


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.