Latest News

മറാഠി വിഭാഗത്തെ അവഗണിക്കുന്നത് ഭൂരിപക്ഷ സമുദായമായതിനാല്‍: കെ.സുരേന്ദ്രന്‍


കാസര്‍കോട്: മറാഠി വിഭാഗം തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നത് ഭൂരിപക്ഷ സമുദായമായതിനാലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സംഘടിത ന്യൂനപക്ഷമോ വോട്ടുബാങ്ക് ശക്തിയോ അല്ലാത്തതിനാലാണ് ഈ അവഗണനയെന്നും അദ്ദേഹം പറഞ്ഞു. മറാഠി വിഭാഗങ്ങള്‍ക്കുള്ള സംവരണ ആനുകൂല്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മറാഠികളെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പാര്‍ലമെന്റ് ഏകകണ്‌ഠേന നിയമഭേദഗതി വരുത്തിയിട്ടും അത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിക്കുന്നത് ദുരൂഹമാണ്. മറാഠികള്‍ക്ക് സംവരണാനുകൂല്യം നല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ എതിര്‍ത്ത് കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്. ജനങ്ങളുടെ ക്ഷേമത്തിനാണ് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതെങ്കില്‍ മറാഠികളെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. മറാഠി വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
മുസ്ലിംലീഗ് വിചാരിക്കുന്നത് നിയമ വിരുദ്ധമായി പോലും നടപ്പിലാക്കുന്നതിന് മൗനാനുവാദം നല്‍കുന്ന ഉമ്മന്‍ചാണ്ടി ഭൂരിപക്ഷ സമുദായക്കാരായതിനാലാണ് മറാഠികളെ വഞ്ചിക്കുന്നത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെടുന്നവരാണ് ഇവരെങ്കില്‍ ഈ വഞ്ചന കാണിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യം വരുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. 

മറാഠികളെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്നതുവരെ ബിജെപി സമരരംഗത്തുണ്ടാകും. ഇടതുപക്ഷത്തിന്റെ ഒത്തുതീര്‍പ്പ് സമരം പോലെയാവില്ല അത്. ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പിഎസ്‌സി പരീക്ഷകള്‍ തടഞ്ഞ് ബിജെപി നടത്തിയ സമരം അധികൃതര്‍ക്ക് ഓര്‍മയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ഷെട്ടി അധ്യക്ഷത വഹിച്ചു. മടിക്കൈ കമ്മാരന്‍, നഞ്ചില്‍ കുഞ്ഞിരാമന്‍, പ്രമീള.സി.നായ്ക്, എം.സഞ്ജീവഷെട്ടി, രാമപ്പ മഞ്ചേശ്വരം, എസ്.കെ.കുട്ടന്‍, ജി.ചന്ദ്രന്‍, എം.സുധാമ, കെ.പി.വത്സരാജ്, ഇ.കൃഷ്ണന്‍, ടി.രാധാകൃഷ്ണന്‍, പുല്ലൂര്‍ കുഞ്ഞിരാമന്‍, ഷൈലജഭട്ട്, സരോജ.ആര്‍ ബള്ളാല്‍ എന്നിവര്‍ സംസാരിച്ചു. പി.രമേശ് സ്വാഗതവും എസ്.കുമാര്‍ നന്ദിയും പറഞ്ഞു. വിദ്യാനഗര്‍ ഗവ.കോളേജ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് ജനസമ്പര്‍ക്ക വേദിയായ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് കുറച്ചകലെ പോലീസ് ബാരിക്കേടുകള്‍ ഉയര്‍ത്തി തടഞ്ഞു. സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ പ്രതിഷേധ മുയര്‍ന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേടുകള്‍ മറിച്ചിട്ടു. പി.ആര്‍.സുനില്‍, എ.പി.ഹരീഷ്‌കുമാര്‍, വിജയ്കുമാര്‍ റൈ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.