മോട്ടോര്‍ വാഹനവകുപ്പാണ് 'ഓട്ടോമാറ്റിക് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം' മഞ്ചേശ്വരം-മണ്ണുത്തി പാതയില്‍ നടപ്പാക്കുന്നത്. 94 ക്യാമറാ സിസ്റ്റങ്ങള്‍ (ഒരു സിസ്റ്റത്തില്‍ മൂന്നുവരെ സ്റ്റില്‍ ക്യാമറകളും ഒരു വീഡിയോ ക്യാമറയും) ഇതിന്റെ ഭാഗമായി സ്ഥാപിക്കും. ക്യാമറകള്‍ കെല്‍ട്രോണിന്റെ കമ്യൂണിക്കേഷന്‍ പ്രോജക്ട് വിഭാഗമാണ് നിര്‍മിക്കുന്നത്. രണ്ടാഴ്ചയ്ക്കകം ക്യാമറകള്‍ സ്ഥാപിക്കും. 2014 മാര്‍ച്ചോടെ പൂര്‍ത്തിയാകും. 17.28 കോടി രൂപയാണ് ചെലവ്.
ക്യാമറകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. പ്രധാനമായും അപകടമേഖലകളിലും പ്രധാന ജങ്ഷനുകളിലുമാണ് ഇതുണ്ടാവുക.
സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം (എസ്.വി.ഡി.എസ്.), റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം (ആര്‍.എല്‍.വി.ഡി.എസ്.) എന്നീ രണ്ടുതരം ക്യാമറകളാണ് സ്ഥാപിക്കുക. ആദ്യത്തേത് അതിവേഗം കണ്ടെത്താനും രണ്ടാമത്തേത് ചുവപ്പുസിഗ്‌നല്‍ ലംഘിക്കുന്നവരെ പിടികൂടാനുമാണ്.
ക്യാമറ സ്ഥാപിച്ച സ്ഥലങ്ങളിലൂടെ വാഹനം അതിവേഗത്തില്‍ കുതിച്ചാല്‍ ക്യാമറകള്‍ ഉണരും. ഉടന്‍ ദൃശ്യം ഒപ്പിയെടുക്കും. ഒന്നല്ല, മൂന്നു ചിത്രങ്ങള്‍. രണ്ടെണ്ണം വാഹനത്തിന്റെ വേഗം അറിയാനും മറ്റൊന്ന് നമ്പര്‍ പ്ലേറ്റ് വ്യക്തമാക്കാനുമാണ്. വേഗവും ഇതില്‍ രേഖപ്പെടുത്തും. ഇരുട്ടാണെങ്കിലും വ്യക്തത ഉറപ്പാക്കുന്ന ഫ്‌ളാഷാണ് ക്യാമറകള്‍ക്കുള്ളത്.
അതിവേഗത്തിന്റെ ഫോട്ടോകള്‍ അപ്പോള്‍ത്തന്നെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി വഴി കണ്‍ട്രോള്‍ റൂമിലെ സെന്‍ട്രല്‍ സെര്‍വറിലെത്തും. കൊച്ചി കാക്കനാടാണ് കണ്‍ട്രോള്‍ റൂം. ഇവിടെനിന്നാണ് നമ്പര്‍ പ്ലേറ്റ് നോക്കി വാഹനത്തിന്റെ ഉടമയെ കണ്ടെത്തുക. ചിത്രങ്ങള്‍ സഹിതം തന്നെ ഉടമയ്ക്ക് നോട്ടീസ് ലഭിക്കും.
ചുവപ്പുസിഗ്‌നല്‍ ഗൗനിക്കാതെ കുതിക്കുന്ന വാഹനങ്ങളെ കുടുക്കാനാണ് ആര്‍.എല്‍.വി.ഡി.എസ്. ക്യാമറകള്‍. ചുവപ്പുലൈറ്റ് കത്തുമ്പോള്‍ വാഹനം കടന്നുപോയാല്‍ അപ്പോള്‍ത്തന്നെ ക്യാമറ കണ്‍തുറക്കും.
എല്ലാ ക്യാമറ സിസ്റ്റത്തിലും വീഡിയോ ചിത്രീകരണത്തിനുള്ള സൗകര്യവുമുണ്ട്. എന്തെങ്കിലും സംശയങ്ങളുണ്ടായാല്‍ ഈ വീഡിയോ പരിശോധിക്കാം. ഒരു മാസം വരെ ദൃശ്യങ്ങള്‍ സൂക്ഷിക്കാനാകും.
മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുക. അതിവേഗം കണ്ടെത്തുന്ന 16 ക്യാമറകളുംമൂന്ന് കവലകളിലായി 11 ആര്‍.എല്‍.വി.ഡി.എസ്. ക്യാമറകളും ഇവിടെ സ്ഥാപിക്കും. കോഴിക്കോട്ട് 11 എസ്.വി.ഡി.എസ്. ക്യാമറകളും 15 ആര്‍.എല്‍.വി.ഡി.എസ്. ക്യാമറകളുമുണ്ടാകും.
തൃശ്ശൂരില്‍ 21-ഉം കണ്ണൂരില്‍ 14-ഉം കാസര്‍കോട് ആറും ക്യാമറകള്‍ സ്ഥാപിക്കും.
തൃശ്ശൂര്‍ മുതല്‍ കാസര്‍കോടുവരെ വാഹനാപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ്ങിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതി വന്നത്. മുമ്പ് ടി.പി. സെന്‍കുമാര്‍ കമ്മീഷണറായിരുന്ന സമയത്ത് ചേര്‍ത്തല-മണ്ണുത്തി പാതയില്‍ 47 ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. 14 എണ്ണം കൂടി ഉടന്‍ സ്ഥാപിക്കും.
പുണെ, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലും ഇത്തരം ക്യാമറകള്‍ നല്‍കിയത് കെല്‍ട്രോണാണെന്ന് പ്രോജക്ട് മാനേജര്‍ എസ്.പി. ഗോപകുമാര്‍ പറഞ്ഞു.
ഇതിനായുള്ള കണ്‍ട്രോള്‍ റൂമും ഒരുക്കുന്നത് കെല്‍ട്രോണാണ്. ക്യാമറാ സിസ്റ്റങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി.യുമായി സഹകരിക്കും. വൈദ്യുതി ഇല്ലെങ്കിലും നാലുമണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാനുള്ള സംവിധാനവുമുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment