Latest News

ആന്ധ്രയിലെ ബസ്സപകടത്തിനു കാരണം ഡ്രൈവര്‍ ഉറങ്ങിയതാണെന്ന് പോലീസ്

ആന്ധ്ര: ഹൈദരാബാദിന് സമീപം 45 പേര്‍ മരിക്കാനിടയായ ബസ്സപകടത്തിനു കാരണം ഡ്രൈവര്‍ ഉറങ്ങിയതാണെന്ന് പോലീസ്. 130 കി.മീ വേഗത്തില്‍ ബസ്സോടുമ്പോഴാണ് ഉറങ്ങിയതെന്നും ഡിവൈഡറില്‍ ഇടിച്ചപ്പോഴാണ് ഉറക്കമുണര്‍ന്നതെന്നും ഡ്രൈവര്‍ ഫിറോസ് പാഷ ഉത്തരമേഖലാ ഐ.ജി കെ.വി. രാജേന്ദ്രനാഥ് റെഡ്ഡിയോട് സമ്മതിച്ചു.

അപകടം നടക്കുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് ബസ്സിന്റെ മുന്‍ചക്രത്തിന് തകരാറുണ്ടെന്ന് ട്രാവല്‍സ് ഉടമയെ ഫോണില്‍ വിളിച്ചുപറഞ്ഞതായും ഡ്രൈവര്‍ മൊഴിനല്‍കി. ഡ്രൈവര്‍ക്കെതിരെയും ജബാര്‍ ട്രാവല്‍സ് മാനേജര്‍ ബഷീറിനെതിരെയും കുറ്റകരമായ അനാസ്ഥയ്ക്ക് പോലീസ് കേസ്സെടുത്തു.

പൊള്ളലേറ്റ് ഹൈദരാബാദിലെ സ്വകാര്യ ആസ്പത്രിയില്‍ കഴിയുന്ന അഞ്ചുപേരില്‍ ഒരാളുടെ നിലഗുരുതരമായി തുടരുകയാണ്. മൂന്നുപേര്‍ അപകടനില തരണം ചെയ്തതായി ആസ്പത്രി അധികൃതര്‍ പറഞ്ഞു. അപകടത്തിന്റെ കാരണം അന്വേഷിക്കാന്‍ സര്‍ക്കാര്‍തല ഉത്തരവിറക്കിയതായി ഗതാഗതവകുപ്പ് മന്ത്രി ബോസ്ത സത്യനാരായണ പറഞ്ഞു.

അപകടം നടന്ന കൊത്തകോട്ട പാലത്തു വെച്ച് ബുധനാഴ്ച രാത്രിയോടെതന്നെ 45 മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. തുടര്‍ന്ന് ഡി.എന്‍.എ. സാമ്പിള്‍ ശേഖരിച്ച് ഹൈദരാബാദിലെ ഒസ്മാനിയ ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. എട്ട് മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതില്‍ നാലെണ്ണം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഹൈദരാബാദുകാരായ പ്രിയങ്ക, ശശിധര്‍, ഭാര്യ, മകള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വിട്ടുകൊടുത്തത്.

ഹസ്മത്തുള്ള, ഭാര്യ ജബിന്‍, മകള്‍ ഉസ്മ, ഷൊറണൂര്‍ കോഴിശ്ശേരി മനയിലെ രശ്മിപാര്‍വതിയുടെ ഭര്‍ത്താവ് കര്‍ണാടക സ്വദേശി വി.എന്‍. ശ്രീകൃഷ്ണ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഡി.എന്‍.എ. പരിശോധന നടത്തിയതിനു ശേഷമേ ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കൂ.

37 മൃതദേഹം കൂടി തിരിച്ചറിയാനുള്ളതായി മെഹബൂബ്‌നഗര്‍ കളക്ടര്‍ എം. ഗിരിജാശങ്കര്‍ പറഞ്ഞു. ബന്ധുക്കളോട് മരിച്ചവരുടെ രണ്ട് ഫോട്ടോസഹിതം ഹൈദരാബാദ് ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ എത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 040-23307138 എന്ന ഫോണ്‍നമ്പറില്‍ വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറി വിദഗ്ധര്‍ അപകടസ്ഥലത്തെത്തി പരിശോധന നടത്തി. റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ബസ് പരിശോധിച്ചു. അപകടത്തില്‍പ്പെട്ടത് വോള്‍വോ ലക്ഷ്വറി ബസ്സായതുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബസ്സുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും നല്‍കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഒരു സംഘത്തെ അപകടസ്ഥലം പരിശോധിക്കാന്‍ അയയ്ക്കുമെന്നും വോള്‍വോ കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Haidarabad, Polixe Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.