Latest News

പത്ത് അമ്മമാരുടെ സ്‌നേഹം ആവോളം നുകര്‍ന്ന് കൊച്ചുഷെഫീക്ക്‌

ചെറുതോണി: സ്വന്തം അമ്മയും അച്ഛനും ഷെഫീക്കിനോടു കാണിച്ച ക്രൂരത നമ്മള്‍ കണ്ടു. അമ്മയുടെ സ്‌നേഹം എന്തെന്ന് ഇന്നേവരെ അറിയാത്ത ആ കുരുന്നിന് ഇത്തിരി വൈകിയാണെങ്കിലും ആ സൗഭാഗ്യം വന്നു ചേര്‍ന്നു. ഒന്നിനു പകരം പത്ത് അമ്മമാരുടെ വാത്സല്യമാണ് ഇപ്പോള്‍ ഷെഫീക്കിനായി മാറ്റി വയ്ക്കുന്നത്. 

ഷെഫീക്കിനായി സ്വധര്‍ ഷെല്‍ട്ടര്‍ ഹോമില്‍ പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഷെഫീക്കിനും കുട്ടിയുടെ ആയ രാഗിണിക്കും ഓരോ ബഡ് റൂമുകള്‍, സന്ദര്‍ശകര്‍ക്കായി ഒരു റൂം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പത്ത് അമ്മമാരുട സ്‌നേഹവും പരിചരണവും ഇനിമുതല്‍ ഷെഫീക്കിന് ലഭിക്കും.

ഷെഫീക്കിനെ വെല്ലൂര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍നിന്നു വ്യാഴാഴ്ച രാത്രി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് ആംബുലന്‍സില്‍ ഷെഫീക്കിനെ സ്വധര്‍ ഹോമിലെത്തിച്ചത്. ഷെഫീക്കിനെ സ്വീകരിക്കാനും കാണാനുമായി നൂറുകണക്കിന് കുട്ടികളും ജനപ്രതിനിധികളും വിവിധ ഓര്‍ഫനേജുകളിലെ അധികൃതരും ഉദ്യോഗസ്ഥരും സ്വധറിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. സമീപ സ്‌കൂളുകളിലെ കൊച്ചുകുട്ടികള്‍ ബലൂണുകളും വര്‍ണ ഉടുപ്പുകളും അണിഞ്ഞാണ് ഷെഫീക്കിനെ സ്വീകരിക്കാനെത്തിയത്. മയില്‍ വേഷമണിഞ്ഞും ഷെഫീക്കിന് സ്വാഗതമോതി. ആംബുലന്‍സില്‍ കുട്ടിയുടെ ആയയായ രാഗിണിയുടെ മടിയിലിരുത്തിയാണ് ഷെഫീക്കിനെ സ്വീകരിക്കാനെത്തിയവരെ കാണിച്ചത്.

ജില്ലാകളക്ടര്‍ അജിത് പാട്ടീല്‍, ബ്ലോക്ക്, ഗ്രാമപഞ്ചാത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ജില്ലാ വിമന്‍സ് കൗണ്‍സില്‍ സെക്രട്ടറി റോസക്കുട്ടി ഏബ്രാം, ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്റ് ഫാ. മാത്യു ജെ. കുന്നത്ത് തുടങ്ങിയവര്‍ ഷെഫീക്കിനെ സ്വീകരിക്കുന്നതിനുണ്ടായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണന്‍, സാമൂഹ്യക്ഷേമ നീതി ഓഫീസര്‍ ഏലിയാസ് തോമസ്, സെന്റ് ജോണ്‍സ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍, ശിശുക്ഷേമ സമിതി കോ-ഓര്‍ഡിനേറ്റര്‍ അമല്‍ ഏബ്രഹാം, അഡ്വ. സണ്ണി തോമസ് തുടങ്ങിയവര്‍ ഷെഫീഖിനൊപ്പമുണ്ടായിരുന്നു.

ജൂലൈ ആദ്യവാരത്തിലായിരുന്നു ഷെഫീക് എന്ന അഞ്ചു വയസുകാരന്റെ നിലവിളി ലോകം കേട്ടത്. ക്രൂരമായി പീഡനത്തിലൂടെ ജീവിതം തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതു മലയാളിയെ കരയിപ്പിച്ചു. ആദ്യം ഷെഫീക്കിന്റെ വലതു കാല്‍ മുട്ടിനു താഴെ ഒടിഞ്ഞ് തൂങ്ങിയ നിലയില്‍ കുമളിയിലെ സ്വകാര്യ ആശുപത്രി എത്തിച്ചു. കുളിമുറിയില്‍ കുട്ടി വീണതായിരുന്നുവെന്നാണ് അച്ഛന്‍ ഷെരീഫും രണ്ടാനമ്മ അനീഷയും ഡോക്ടര്‍മാരോടു പറഞ്ഞത്. അപകടനിലവഷളായതോടെ കട്ടപ്പനയിലെ സെന്റ് ജോണ്‍സില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാരുടെ പരിശോധനയില്‍ അരയ്ക്കു താഴേക്കുപലയിടത്തും കുത്തിമുറിവേല്‍പിച്ചതായി കണ്ടു. തലയില്‍ ഉണ്ടായ മുറിവില്‍ സംശയം തോന്നിയതോടെയാണു മനുഷ്യരാശിയെ ഞെട്ടിക്കുന്ന ഈ കുരുന്നിന്റെ മേലുള്ള പീഡനകഥ പുറംലോകം അറിഞ്ഞത്.

ഇതിനെത്തുടര്‍ന്നാണു കുമളി ചെങ്കര പുത്തന്‍പുരയ്ക്കല്‍ ഷെരീഫ് (27), രണ്ടാം ഭാര്യ അനീഷ(25) എന്നിവര്‍ പിടിയിലാകുന്നത്. ആദ്യ ഭാര്യ രമ്യ പിണങ്ങി പോയതിനെത്തുടര്‍ന്നാണ് ഒരു കുട്ടിയുടെ അമ്മ കൂടിയായ അനീഷയെ ഷെരിഫ് വിവാഹം കഴിക്കുന്നത്. അനീഷയ്ക്ക് ഒരു കുട്ടി പിറന്നതോടെയാണു ഷെഫീക്കിനോടുള്ള ക്രൂരത ആരംഭിക്കുന്നത്. ഇതിനിടയില്‍ രമ്യയിലുള്ള കുട്ടികളെയുംഅനീഷയുടെ മോളെയും അനാഥാലയത്തില്‍ ഇവര്‍ പ്രവേശിപ്പിച്ചിരുന്നു. ഷെഫീക്കിനു അസുഖമുള്ളതു കൊണ്ട് അതു കുറഞ്ഞിട്ടു കൊണ്ടുവന്നാല്‍ മതിയെന്ന മൂവാറ്റുപുഴയിലെ അനാഥാലയ അധികൃതരുടെ നിര്‍ദേശപ്രകാരമാണു ഷെഫീക് ഇവരുടെ കൂടെ കഴിയേണ്ടിവന്നത്.

ആദ്യഭാര്യയോടുള്ള പകപോക്കല്‍ മൂഴുവന്‍ അനുഭവിക്കേണ്ടിവന്നത് ഈ കുരുന്നാണ്. ഷെരീഫ് കുട്ടിയെ വലിച്ചെറിയുന്നതും തലകീഴായി പിടിച്ചുയര്‍ത്തി ക്രൂരമായി മര്‍ദിക്കുന്നതും കൗതുകകാഴ്ചയായിരുന്നു ഭാര്യ അനീഷയ്ക്ക്. വീട്ടിലുണ്ടാക്കുന്ന ആഹാരം ഷെരീഫും അനീഷയും ഇവരുടെ കുട്ടിയും കഴിക്കുമ്പോള്‍ ഷെഫീക്കിനു പട്ടിണിയായിരുന്നു. ഷെഫീക്കിനെ വീടിന്റെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. മലമൂത്രവിസര്‍ജനം നടത്തുന്നതിന്റെ പേരില്‍ അഞ്ചുവയസുകാരന്റെ ഇളംമേനിയില്‍ കൊടിയ മര്‍ദനമാണ് ഏല്‍ക്കേണ്ടിവന്നത്. 

വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുപൈപ്പാണു കുട്ടിയെ മര്‍ദിക്കാന്‍ ഉപയോഗിച്ചിരുന്നത്. കുട്ടിയുടെ തലയ്ക്ക് ഇരുമ്പുകമ്പി കൊണ്ടുള്ള അടി ഏറ്റിരുന്നു. തല ഭിത്തിയില്‍ ഇടിപ്പിച്ചിരുന്നു. അതു കൊണ്ടു തന്നെ തലയില്‍ നീര്‍ക്കെട്ടും രക്തസ്രാവവും അനുഭവപ്പെട്ടു. ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംഭവത്തെ ഏറ്റെടുത്തിരിക്കുകയാണ്. കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്മ രമ്യ എത്തിയിരുന്നു. മറ്റൊരു ബന്ധുവും എത്തിയിരുന്നു. എന്നാല്‍ തല്‍ക്കാലം അമ്മയ്ക്കു വിട്ടുകൊടുക്കില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack, Shefeeq

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.