Latest News

ഇളവുകാലം ഞായറാഴ്ച തീരുന്നു; തിങ്കളാഴ്ച മുതല്‍ പരിശോധന


റിയാദ്: രാജ്യത്തെ പ്രവാസികളുടെ തൊഴില്‍ സാഹചര്യങ്ങള്‍ പൊളിച്ചെഴുതുമെന്ന് കരുതപ്പെടുന്ന നിതാഖാതിന് (പദവി ശരിയാക്കല്‍) സൗദി ഭരണകൂടം അനുവദിച്ച ഇളവുകാലത്തിന്‍െറ സമയ പരിധി ഞായറാഴ്ച സമാപിക്കും. ഇതിനു പിറകെ പരിശോധനകള്‍ക്ക് തിങ്കളാഴ്ച തുടക്കമാവും. 

വിദേശ തൊഴിലാളികള്‍ക്ക് താമസ, തൊഴില്‍ രേഖകള്‍ നിയമാനുസൃതമാക്കി മാറ്റാനായി അനുവദിച്ച സമയ പരിധി കഴിഞ്ഞ ജൂലൈയില്‍ അവസാനിച്ചിരുന്നുവെങ്കിലും അബ്ദുല്ല രാജാവിന്‍െറ പ്രത്യേക അനുമതിയോടെ മൂന്നു മാസത്തേക്കു കൂടി നീട്ടുകയായിരുന്നു. ഈ സമയ പരിധിയാണ് ഞായറാഴ്ച അവസാനിക്കുന്നത്. ഒരിക്കല്‍ കൂടി ഇളവുകാലം നീട്ടണമെന്ന് ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഔദ്യാഗികമായി ആവശ്യപ്പെട്ടെങ്കിലും സൗദി ഭരണകൂടം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. 

കഴിഞ്ഞ ദിവസം ഈ ആവശ്യമുന്നയിച്ച് ഫിലിപ്പീന്‍ വൈസ് പ്രസിഡന്‍റ് ജെജോമര്‍ ബിനയ് സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന് കത്തയക്കുകയും ചെയ്തു. എന്നാല്‍, ഇളവു കാലം നീട്ടുമെന്ന രീതിയില്‍ ചില മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും ഞായറാഴ്ചക്കു ശേഷം ശക്തമായ പരിശോധനയുമായി മുന്നോട്ടു പോവുമെന്നും വ്യക്തമാക്കി തൊഴില്‍ മന്ത്രാലയത്തിന്‍െറ ഔദ്യാഗിക വക്താവ് ഹത്താബ് അല്‍ അന്‍സി വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച് കുറിപ്പിറക്കിയത്. നേരത്തേ നിശ്ചയിച്ചതുപോലെ ഞായറാഴ്ച ഇളവുകാലം അവസാനിക്കുന്നതോടെ പരിശോധന നടപടികള്‍ ആരംഭിക്കുമെന്നും അതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നിയമലംഘകരെ കണ്ടത്തൊനുള്ള പരിശോധനകള്‍ നവംബര്‍ നാലു മുതല്‍ ശക്തമാകും. നഗരങ്ങളിലും ഗ്രാമങ്ങളിലും കൃഷിയിടങ്ങളില്‍ പോലും ശക്തമായ പരിശോധനകളുണ്ടാവും. രാജ്യത്തെ 13 പ്രവിശ്യകളിലെയും ഗവര്‍ണര്‍മാരുടെ നേതൃത്വത്തില്‍ ഇതു സംബന്ധിച്ച ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 

പുതുവര്‍ഷത്തോടെ രാജ്യത്തെ തൊഴില്‍മേഖലയില്‍ നിലനില്‍ക്കുന്ന നിയമ വിരുദ്ധ നടപടികള്‍ അവസാനിപ്പിച്ച് തൊഴില്‍ രംഗം ശുദ്ധീകരിക്കാനുള്ള നിര്‍ദേശമാണ് വിവിധ പ്രവിശ്യ ഗവര്‍ണര്‍മാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതിന്‍െറ ഭാഗമായി റിയാദ് ഗവര്‍ണര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍അസീസും ഡപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസും ഇളവുകാല ശേഷമുള്ള പരിശോധന സംബന്ധിച്ച് റിയാദ് പൊലീസ് ഡയറക്ടര്‍ കേണല്‍ സുഊദ് ഹിലാല്‍, പൊതുസുരക്ഷാവകുപ്പ് അസി.ഡയറക്ടര്‍ കേണല്‍ ജംആന്‍ ബിന്‍ അഹ്മദ് അല്‍ ഗാമിദി എന്നിവരുമായി കഴിഞ്ഞ ദിവസം ഒരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. 

ഇളവുകാലം ഉപയോഗപ്പെടുത്താതെ ഇനിയും രാജ്യത്ത് തങ്ങുന്ന അനധികൃത തൊഴിലാളികളെയും അവര്‍ക്ക് തൊഴില്‍, താമസസൗകര്യങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാവും. പിടിയിലായവരെ പാര്‍പ്പിക്കാനായി പ്രത്യേക ജയിലുകള്‍ തന്നെ സജ്ജമാക്കിയിട്ടുണ്ടെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇളവുകാലത്തിന്‍െറ ആനുകൂല്യം പ്രയോജനപ്പെടുത്തി ഏകദേശം 10 ലക്ഷത്തോളം പ്രവാസികള്‍ രാജ്യം വിട്ടു കഴിഞ്ഞു. സൗദിയിലെ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ മലയാളികളാണുള്ളതെങ്കിലും ഇതുവരെയായി രാജ്യം വിട്ടവരില്‍ അന്യ സംസ്ഥാനക്കാരാണ് കൂടുതലുമുള്ളത്. എത്ര മലയാളികള്‍ നിതാഖാതില്‍ കുടുങ്ങി രാജ്യം വിട്ടുവെന്നതിന്‍െറ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.