Latest News

മണിചെയിന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്തു

തളിപ്പറമ്പ: ബി.ജെ.പി സംസ്ഥാന പ്രസിഡ് വി. മുരളീധരന്റെ അനുജന്‍ വി. ദിനേശ്
മാനേജിംഗ് ഡയറക്ടറായ കമ്പനി മണിച്ചെയിന്‍ മാതൃകയില്‍ നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍
തട്ടിയെടുത്തു. തളിപ്പറമ്പ്, നടുവില്‍, ശ്രീകണ്ഠപുരം, പയ്യാവൂര്‍, ഇരിട്ടി മേഖലകളിലെ നിരവധി
പേരാണ് തട്ടിപ്പിന് ഇരയായത്. 

കണ്ണൂര്‍ കെ.വി.ആര്‍. ടവറിന് സമീപമുള്ള ജയ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സണ്‍ലോഗിന്‍ എന്ന കമ്പനിയുടെ എം.ഡിയാണ് ദിനേശ്. സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് ആന്റ്‌ ഇ. ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയെ പരിചയപ്പെടുത്തിയത്. ഈ കമ്പനിയുടെ കീഴില്‍ സ്പിന്‍ ഇ. പേഴ്‌സ് എന്ന പേരില്‍ മറ്റൊരു സ്ഥാപനം തുടങ്ങിയാണ് നിക്ഷേപ തട്ടിപ്പ് നടത്തിയത്.

വന്‍ തുക ലാഭമുണ്ടാകുമെന്ന് പ്രലോഭിപ്പിച്ച് പലരില്‍ നിന്നും ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെ കമ്പനി കൈക്കലാക്കിയിട്ടുണ്ട്. തളിപ്പറമ്പില്‍ താമസിക്കുന്ന റിട്ട. അധ്യാപകന്‍ എസ്.കെ. കുഞ്ഞികൃഷ്ണന് അഞ്ച് ലക്ഷം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്. എഞ്ചിനീയറായ അദ്ദേഹത്തിന്റെ മകനെ കമ്പനിയില്‍ ഡയറക്ടറാക്കാമെന്ന് വാഗ്ദാനം നല്‍കിയാണത്രെ പണം തട്ടിയത്. എന്നാല്‍ ഡയറക്ടറാക്കിയില്ല. ഇത് പ്രശ്‌നമായപ്പോള്‍ കമ്പനി ചെക്കുകള്‍ നല്‍കി. എന്നാല്‍ ചെക്കുകള്‍ പണമില്ലാതെ മടങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞികൃഷ്ണന്‍, അഡ്വ. എം.സി. രാമചന്ദ്രന്‍ മുഖേന ചെക്ക് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. 78,000 രൂപയുടെ ചെക്ക് മടങ്ങിയതിനാണ് ഇപ്പോള്‍ കേസ് നല്‍കിയത്. മറ്റ് ചെക്കുകള്‍ മടങ്ങിയതിനും കേസ് നല്‍കാന്‍ ഒതുങ്ങുന്നുണ്ട്. കെ.എ.പിയിലെ പോലീസുകാരനായ അംബുജാക്ഷന് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം വി. മുരളീധരനുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഇടപെട്ട് പണം തിരിച്ചു കൊടുപ്പിക്കുകയുണ്ടായി.

കാഞ്ഞിരങ്ങാട് ക്ഷേത്രത്തിലെ മേല്‍ശാന്തിയുടെ ഭാര്യക്ക് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ദിനേശന് നേരത്തെ ബാലഗോകുലവുമായി ബന്ധമുണ്ടായിരുന്നു. അതിനാല്‍ ആര്‍.എസ്.എസ്- ബി.ജെ.പി ബന്ധമുള്ളവരാണ് തട്ടിപ്പില്‍ കുടുങ്ങിയവരില്‍ ഏറെ പേരും. 3000 പേരെ കമ്പനി ബിസിനസ് കോ-ഓര്‍ഡിനേറ്റര്‍മാരായി നിയമിച്ചിരുന്നു. 20,000 രൂപ മുതല്‍ മുകളിലോട്ട് ഇവരില്‍ നിന്ന് ഡപ്പോസിറ്റായി വാങ്ങിയിരുന്നു. നടുവിലെ അനിത പണം നല്‍കി കോ-ഓര്‍ഡിനേറ്ററായവരില്‍ ഒരാളാണ്. 

ഓട്ടോ ഡ്രൈവര്‍മാരെയടക്കമാണ് അവര്‍ പദ്ധതിയില്‍ ചേര്‍ത്തത്. നിക്ഷേപകര്‍ക്ക് പണം തിരിച്ചു കിട്ടാതായതിനെ തുടര്‍ന്ന് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് അവര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക നയം മാറിയതുകൊണ്ടാണ് കമ്പനി പ്രതിസന്ധിയിലാലായതെന്നും നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കുമെന്നുമാണ് ദിനേശ് പറയുന്നതത്രെ. എന്നാല്‍ എപ്പോള്‍ പണം തിരിച്ചു നല്‍കും എന്നതിനെ കുറിച്ച് വ്യക്തമായ മറുപടി ലഭിക്കുന്നില്ലത്രെ. പണം നഷ്ടപ്പെട്ടവര്‍ നിയമ പോരാട്ടത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manichain, Thaliparamba, Dinesh

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.