Latest News

കേന്ദ്ര സര്‍വകലാശാലാ നിയമനങ്ങളില്‍ മാനവവിഭവശേഷി വകുപ്പ് വിശദീകരണംതേടി

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയുടെ 2011ലെ അധ്യാപക നിയമനങ്ങള്‍ സംബന്ധിച്ച് രാഷ്ട്രപതിയുടെ നിര്‍ദേശപ്രകാരം മാനവവിഭവശേഷി മന്ത്രാലയം റിപ്പോര്‍ട്ടുതേടി. 2011ല്‍ നടന്ന ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഫിസിക്‌സ്, ജിനോം സയന്‍സ്, പ്ലാന്റ് സയന്‍സ് തുടങ്ങിയ വിഷയങ്ങളിലുള്ള പ്രൊഫസര്‍മാരുടെയും അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെയും നിയമനങ്ങളിലാണ് വിശദീകരണം ചോദിച്ചത്.

പാലക്കാട് ആലത്തൂര്‍ എം.പി.യായ പി.കെ.ബിജു 2011ല്‍ വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ സര്‍വകലാശാല ബിജുവിന് നല്കിയ മറുപടിയില്‍ ഒരു നിയമനത്തിന്റെതന്നെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തുന്നതിന് അഞ്ഞൂറോളം പേജ് വേണ്ടിവരുമെന്നും ഇത്തരത്തില്‍ എഴുപതിനായിരം മുതല്‍ ഒരുലക്ഷം വരെ പേജുകളാണ് ഇതിനു വേണ്ടിവരികയെന്നും അറിയിച്ചു. പിന്നീട് ഈ വിഷയമുന്നയിച്ച് പി.കെ.ബിജു രാഷ്ട്രപതിക്ക് പരാതിനല്കി. ആവശ്യമുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ഈ പരാതി മാനവവിഭവശേഷി മന്ത്രാലയത്തിനു നല്കി. ഇതിലാണ് സര്‍വകലാശാലയോട് മറുപടിനല്കാന്‍ ആവശ്യപ്പെട്ടത്.

സര്‍വകലാശാലയുടെ നിയമനങ്ങള്‍ സംബന്ധിച്ച് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ഈ നടപടി. നിയമനങ്ങളെ ചോദ്യംചെയ്ത് കഴിഞ്ഞയാഴ്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സര്‍വകലാശാലാ ഓഫീസ് ഉപരോധിച്ചിരുന്നു. പിന്നീട് വൈസ് ചാന്‍സലറുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

എന്നാല്‍, ഇപ്പോഴത്തെ സംഭവങ്ങളുമായി ഇതിന് ബന്ധമില്ലെന്നും പഴയ കേസാണ് ഇതെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കി. നിയമനങ്ങള്‍ മന്ത്രാലയം തടഞ്ഞു എന്ന അഭ്യൂഹങ്ങളെയും സര്‍വകലാശാല തള്ളി. മന്ത്രാലയത്തിന് രണ്ടുദിവസത്തിനകം മറുപടിനല്കുമെന്ന് അധികൃതര്‍ പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.