Latest News

വിവാഹത്തട്ടിപ്പ്: സിനിമാ സംവിധായകന്‍ പിടിയില്‍

കുഴിത്തുറ: കന്യാകുമാരി, തിരുവനന്തപുരം ജില്ലകളില്‍ അഞ്ച് യുവതികളെ കബളിപ്പിച്ച് വിവാഹം കഴിച്ച തമിഴ് സിനിമാ സംവിധായകന്‍ പിടിയിലായി. തിങ്കള്‍ച്ചന്ത നെയ്യൂര്‍ സ്വദേശിയും വാച്ചാത്തി, പനിമലര്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനുമായ രവിതമ്പി എന്ന ജസ്റ്റിന്‍ രവി (43)യാണ് കുഴിത്തുറ വനിതാ പോലീസിന്റെ പിടിയിലായത്.

വേര്‍കിളമ്പി സ്വദേശി ഷീബയെ വിവാഹം ചെയ്ത് കബളിപ്പിച്ച കേസിലാണ് ഇയാള്‍ ഇപ്പോള്‍ പിടിയിലായത്. ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയും ഉണ്ട്. വിവാഹശേഷം ചെന്നൈയിലേക്ക് ഒറ്റയ്ക്ക് താമസം മാറുകയും ഭാര്യയ്ക്കും കുട്ടിക്കും ജീവിതച്ചെലവ് നല്‍കാതിരിക്കുകയും ചെയ്തപ്പോഴാണ് കേസായത്. സ്ത്രീധനമായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയാണ് ഇയാള്‍ പോയത്.

കുഴിത്തുറ വനിതാ പോലീസില്‍ പരാതി നല്‍കിയശേഷം യുവതി നടത്തിയ അന്വേഷണത്തില്‍ മറ്റ് നാല് യുവതികളെയും ഇത്തരത്തില്‍ വിവാഹം ചെയ്ത് കബളിപ്പിച്ച വിവരം പുറത്തായി. ആദ്യവിവാഹത്തിനുശേഷം ശുചീന്ദ്രം മണലിക്കര മുകിലന്‍വിള സ്വദേശിനി അനിതാ പാല്‍നേശം (36), കൊട്ടാരക്കര സ്വദേശിനി ബിന്ദു, തിരുവനന്തപുരം പൂജപ്പുര സ്വദേശിനി കവിത, പാറശാല സ്വദേശിനി ശൈലജ എന്നിവരെയും ഇയാള്‍ വിവാഹം കഴിച്ചതായി തെളിഞ്ഞു. ഈ വിവാഹത്തിലെല്ലാം ഇയാള്‍ക്ക് കുട്ടികളുണ്ട്. കുഴിത്തുറ വനിതാ ഇന്‍സ്‌പെക്ടര്‍ ഉമയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞദിവസം ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്തും തുടര്‍ന്ന് കാറില്‍ മാര്‍ത്താണ്ഡത്തേക്കും വരുകയായിരുന്ന ജസ്റ്റിന്‍ രവിയെ കളിയിക്കാവിളയില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.