Latest News

മിമിക്രി കലാക്കാരന്റെ കൊലപാതകം: പോലീസ് പിടിക്കാതിരിക്കാന്‍ കാമുകി പൂജയും നടത്തി

കോട്ടയം: മിമിക്രി കലാകാരന്‍ ചങ്ങനാശേരി ഏനാച്ചിറ മുണ്ടേട്ട് പുതുപ്പറമ്പില്‍ ലെനീഷിനെ (31) കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ശ്രീകല പോലീസ് പിടിക്കാതിരിക്കാന്‍ പൂജ നടത്താനെത്തിയതു സംബന്ധിച്ച തെളിവുകള്‍ പോലീസിന് ലഭിച്ചു. കൊല നടത്തിയതിന്റെ പിറ്റേന്നാണ് ശ്രീകല മാന്നാറിനു സമീപം മേപ്രാല്‍ ഭാഗത്തെ ഒരു ക്ഷേത്രത്തിലെത്തിയത്.

താനും ഭര്‍ത്താവുമായി വഴക്കുണ്ടാക്കിയെന്നും ഭര്‍ത്താവിനെ താന്‍ അടിച്ചെന്നും പോലീസ് പിടിക്കാതിരിക്കാനുള്ള പരിഹാര ക്രിയകള്‍ ചെയ്യണമെന്നും അവിടത്തെ പൂജാരിയോട് ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ പേര് ചോദിച്ചപ്പോള്‍ കൊല്ലപ്പെട്ട ലെനീഷ് എന്നാണ് അവിടെ ശ്രീകല പറഞ്ഞത്. പൂജാരി നല്കിയ ചാര്‍ത്തുമായി മടങ്ങുകയും ചെയ്തു. എന്നാല്‍ അബദ്ധവശാല്‍ ശ്രീകല യാത്ര ചെയ്ത ഓട്ടോ ഡ്രൈവറുടെ കൈവശം ചാര്‍ത്ത് കൊടുത്തിരുന്നു. വ്യാഴാഴ്ച ഓട്ടോ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ചാര്‍ത്ത് പോലീസിന് ലഭിച്ചു.

പിറ്റേദിവസവും ശ്രീകല ഇതേ ക്ഷേത്രത്തിലെത്തി. ഭര്‍ത്താവ് മരിച്ചുപോയെന്നും പോലീസ് പിടിക്കാതിരിക്കാന്‍ വേണ്ട വഴിപാടുകള്‍ ചെയ്യണമെന്നും പറഞ്ഞപ്പോള്‍ പൂജാരി ഓടിക്കുകയായിരുന്നു. പെരുന്നയിലെ ഓട്ടോ ഡ്രൈവര്‍ രതീഷിന്റെ വണ്ടിയിലാണ് ശ്രീകല രണ്ടു ദിവസവും ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര പൂജാരിയും ഓട്ടോ ഡ്രൈവറും കേസില്‍ നിര്‍ണായക തെളിവായി. ഇതേ ഓട്ടോ ഡ്രൈവറെക്കൊണ്ടാണ് ശ്രീകല ഫോര്‍മിക് ആസിഡ് വാങ്ങിയത്. രണ്ടു റബര്‍ ഷീറ്റ് കിട്ടുന്നുണ്ടെന്നും അതിനായി കുറച്ചു ആസിഡ് വേണമെന്നുമാണ് ശ്രീകല ഓട്ടോ ഡ്രൈവറോട് പറഞ്ഞത്. ഇതനുസരിച്ച് കുറച്ച് ആസിഡ് വാങ്ങാനാണ് ഓട്ടോ ഡ്രൈവര്‍ കടയിലെത്തിയത്. എന്നാല്‍ അര ലിറ്ററില്‍ കുറച്ചു നല്കില്ലെന്നു പറഞ്ഞതനുസരിച്ച് വാങ്ങി. മൂന്നു മാസം മുന്‍പായിരുന്നു ഇത്. ഇതും കേസില്‍ നിര്‍ണായക തെളിവായി. വ്യാഴാഴ്ച പ്രതികളെ ചങ്ങനാശേരിയിലെത്തിച്ച് തെളിവെടുപ്പു നടത്തി.

കൊല്ലപ്പെട്ട ലെനീഷിന്റെ മൊബൈല്‍ ഫോണിനു വേണ്ടിയുള്ള തെരച്ചില്‍ വെള്ളിയാഴ്ച നടത്തും. കേസിലെ പ്രതികളായ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട മാമ്മൂട് സ്വദേശികളായ ഷിജോ സെബാസ്റ്റിയന്‍ (28), ശ്യാംകുമാര്‍ (31), രമേശ് (28), മനു (24) എന്നിവര്‍ മൃതദേഹം പാമ്പാടി കുന്നേല്‍പാലത്തിനു സമീപം ഉപേക്ഷിച്ച ശേഷം പോകുമ്പോള്‍ കറുകച്ചാല്‍ ഭാഗത്ത് മൊബൈല്‍ ഫോണ്‍ എറിഞ്ഞു കളഞ്ഞുവെന്നാണ് പോലീസിന് മൊഴി നല്കിയത്. ഇത് കണ്ടെടുക്കുന്നതിന് വെള്ളിയാഴ്ച പ്രതികളെ കറുകച്ചാലില്‍ എത്തിക്കും. തിങ്കളാഴ്ച വരെ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടാകും. തെളിവെടുപ്പ് ഇപ്പോള്‍ ഏതാണ്ട് അവസാന ഘട്ടത്തിലാണ്.

പാമ്പാടി സിഐ സാജു വര്‍ഗീസിനാണു തുടര്‍ അന്വേഷഷണത്തിന്റെ ചുമതലയും. ഒന്നാം പ്രതി ശ്രീകലയെ വ്യാഴാഴ്ച ചങ്ങനാശേരി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള പണമിടപാടു സ്ഥാപനത്തില്‍ എത്തിച്ചു പണയം വെച്ച മാല കണ്ടെടുത്തു. കൊലപാതകം നടന്ന 22നു രാവിലെ 9.55നു ഈ സ്ഥാപനത്തില്‍ 13 ഗ്രാം ആഭരണങ്ങള്‍ പണയം വച്ചെടുത്ത 25,000 രൂപയാണ് ലെനീഷിനെ വധിക്കാന്‍ ശ്രീകല ക്വട്ടേഷന്‍ സംഘത്തിനു പ്രതിഫലമായി നല്‍കിയത്. ശ്രീകല പണയം വയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പണമിടപാടു സ്ഥാപനത്തിലെ ഒളികാമറയില്‍ നിന്നു കണ്ടെടുത്തു. മൃതദേഹം കൊണ്ടുപോയ ചാക്കു വാങ്ങിയ കടയിലും പോലീസ് തെളിവെടുപ്പു നടത്തും. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്. സുരേഷ് കുമാറിനൊപ്പം പാമ്പാടി എസ്‌ഐ വി. ഉമേഷ്, ഷാഡോ പോലീസിലെ എഎസ്‌ഐ പിവി വര്‍ഗീസ്, ഒഎം സുലൈമാന്‍, മുഹമ്മദ് നൗഷാദ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kottayam, Lenish, Murder Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.