Latest News

രശ്മിയുടെ മരണം സ്ഥിരീകരിച്ചശേഷം ബിജുവും അമ്മയും മുങ്ങിയതായി സാക്ഷിമൊഴി

കൊല്ലം: കൊട്ടാരക്കര ഗവ.ആസ്പത്രിയില്‍ എത്തിച്ച രശ്മിയുടെ മരണം ഡോക്ടര്‍ സ്ഥിരീകരിച്ചശേഷം ബിജുരാധാകൃഷ്ണനും അമ്മ രാജമ്മാളും അവിടെനിന്ന് മുങ്ങിയതായി സാക്ഷിമൊഴി .രശ്മിയെ ആസ്പത്രിയില്‍ എത്തിക്കാന്‍ ഒപ്പം പോയ അയല്‍വാസി അനൂപാണ് കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ രശ്മിവധക്കേസില്‍ ബുധനാഴ്ച മൊഴിനല്‍കിയത്.

രശ്മിയെ ആദ്യം ഏനാത്തെ സ്വകാര്യ ആസ്പത്രിയില്‍ കാണിച്ചശേഷം കൊട്ടാരക്കര ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി എന്റെ മോനെ രക്ഷിക്കണമെന്ന് രാജമ്മാള്‍ അയല്‍വാസിയായ തങ്കച്ചനോട് പറഞ്ഞതായും അനൂപ് മൊഴിനല്‍കി. ആദ്യം ഇവളെ രക്ഷിക്കട്ടെ എന്നായിരുന്നു തങ്കച്ചന്റെ മറുപടി. കൊട്ടാരക്കര ആസ്പത്രിയിലെ ഡോക്ടര്‍ പരിശോധിച്ചശേഷം രശ്മി മരിച്ചതായും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും പറഞ്ഞു. തുടര്‍ന്ന് ബിജുവും രാജമ്മാളും അവിടെനിന്ന് മുങ്ങി. ബിജുവിനെ മൂന്നുവര്‍ഷത്തിനുശേഷമാണ് പിന്നെ കാണുന്നതെന്നും അനൂപ് വെളിപ്പെടുത്തി.

ബിജുവിനെ രക്ഷിക്കണമെന്ന് രാജമ്മാള്‍ ആവശ്യപ്പെട്ടതായി ഭര്‍ത്താവ് തന്നോടു പറഞ്ഞെന്ന് തങ്കച്ചന്റെ ഭാര്യ മേഴ്‌സിയും മൊഴി നല്‍കി. രശ്മി മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് വീട്ടില്‍ നേരിടുന്ന പ്രയാസങ്ങളെപ്പറ്റി പറഞ്ഞിരുന്നെന്ന് അയല്‍വാസിയായ മറിയാമ്മ പറഞ്ഞു. അടുക്കളപോലും പൂട്ടിയിട്ടാണ് രാജമ്മാള്‍ പുറത്തുപോകുന്നതെന്നും അടുത്ത വീടുകളില്‍ പോയാണ് ആഹാരം കഴിക്കുന്നതെന്നും രശ്മി പറഞ്ഞിരുന്നു. രശ്മി മരിച്ചശേഷം നാട്ടുകാര്‍ പിരിവെടുത്താണ് കുട്ടികളെ രശ്മിയുടെ വീട്ടില്‍ എത്തിച്ചത്.പത്തുദിവസം കഴിഞ്ഞാണ് രാജമ്മാള്‍ സ്വന്തം വീട്ടിലെത്തിയത് .കുട്ടികളെ ഇട്ടിട്ടുപോയതിനെപ്പറ്റി രാജമ്മാളിനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതായും മറിയാമ്മ അറിയിച്ചു.

സംഭവമറിഞ്ഞ് രശ്മിയുടെ വീട്ടില്‍ എത്തിയ താന്‍ രശ്മിയെ പരിശോധിച്ചപ്പോള്‍ പള്‍സ് കിട്ടിയില്ലെന്നും ശരീരം മരവിച്ചതായി കണ്ടതായും അയല്‍വാസിയായ നഴ്‌സ് ബീന മൊഴി നല്‍കി. രശ്മിയെ അപായപ്പെടുത്തിയ കുളിമുറിയുടെ കതകിന്റെ കുറ്റി പുറത്തുനിന്ന് എടുക്കാനാകുമെന്ന് ആ വീട്ടില്‍ മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്ന ഹരികൃഷ്ണന്‍ മൊഴി നല്‍കി. അഞ്ച് സാക്ഷികളെയാണ് ബുധനാഴ്ച വിസ്തരിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി.മോഹന്‍രാജും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ബി.എന്‍.ഹസ്‌ക്കറും ഹാജരായി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Biju Radhakrishnan, Reshmi, Murder Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.