Latest News

മിമിക്രി കലാകാരനെ കൊന്ന് ചാക്കിലാക്കി തള്ളിയ സംഭവത്തില്‍ പെണ്‍വാണിഭ സംഘമാണെന്ന് സൂചന

കോട്ടയം: മിമിക്രി കലാകാരനെ കൊന്ന് ചാക്കിലാക്കി തള്ളിയ സംഭവത്തില്‍ പെണ്‍വാണിഭ സംഘമാണെന്ന് സൂചന. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഹോം നഴ്‌സിംഗ് സ്ഥാപനം ചുറ്റിപറ്റിയാണ് അന്വേഷണം മുറുകുന്നത്. മൊബൈല്‍ ഫോണും ടവറും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. ഭര്‍തൃമതിയായ നാല്പത്തിയഞ്ചുകാരിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവര്‍ ഒളിവിലാണ്. പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

വെള്ളിയാഴ്ചയാണ് ആലാംപള്ളി കുന്നേല്‍പാലത്തിനു സമീപമുള്ള റോഡുവക്കത്തെ റബര്‍തോട്ടത്തില്‍ നിന്ന് മിമിക്രി കലാകാരനായ ചങ്ങനാശേരി വാഴപ്പള്ളി മുണ്ടേട്ട് പുതുപ്പറന്പില്‍ ലെനീഷിന്റെ (31) മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. നിരപ്പായ സ്ഥലത്ത് തലയിടിച്ച് തലപൊട്ടി രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ അഭിപ്രായം. ബലമായി ആസിഡ് കുടിപ്പിക്കുവാനും ശ്രമമുണ്ടായി. അന്നനാളത്തിലും ആമാശയത്തിലും ശ്വാസകോശത്തിലും ആസിഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് സംശയിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവ് ഒമ്പതു വര്‍ഷമായി തളര്‍ന്നു കിടക്കുകയാണ്. ഹോം നഴ്‌സിംഗ് സ്ഥാപനം നടത്തുന്ന ഈ സ്ത്രീയുമായി ലെനീഷിന് ബന്ധമുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു മാസം മുമ്പ് ലെനീഷിനെ ചങ്ങനാശേരിയില്‍ വച്ച് ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ആക്രമണത്തില്‍ കൈ ഒടിഞ്ഞ ലെനീഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടും ആക്രമിച്ചവര്‍ക്കെതിരെ കേസ് കൊടുക്കുവാന്‍ ലെനീഷ് തയാറായില്ല.

സ്ത്രീ അനുനയത്തില്‍ ലെനീഷിനെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി ഗുണ്ടകളെ ഉപയോഗിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. രാവിലെ പതിനൊന്നുമണിയോടെ സ്ത്രീയുടെ ഫോണില്‍ നിന്ന് ലെനീഷിനെ വിളിച്ചിരുന്നു. 11.15 ന് എസ്.എച്ച്.മൗണ്ട് ടവറിന്റെ കീഴിലായിരുന്നു ലെനീഷിന്റെ ഫോണ്‍. അതിനുശേഷം ടവര്‍ വിവരങ്ങളില്ല.

ആരോപണ വിധേയമായ ഹോം നഴ്‌സിംഗ് സ്ഥാപനം സാമൂഹ്യ വിരുദ്ധരുടെ സങ്കേതമാണെന്ന് അറിയുന്നു. ഇവിടെനിന്നും പലര്‍ക്കും സ്ത്രീകളെ അനാശാസ്യത്തിനായി കൈമാറുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ത്രീയുടെ സഹായത്തിനായി ഒരു സംഘം ഗുണ്ടകളും ഇവിടെ തമ്പടിച്ചിരുന്നു.

സംഭവം നടന്നത് ഹോം നഴ്‌സിംഗ് സ്ഥാപനത്തില്‍ വച്ചാകാമെന്നാണ് പൊലീസ് നിഗമനം. രണ്ടോ അതിലധികമോ ആളുകള്‍ ഇതിനുപിറകിലുണ്ടാകാമെന്നാണ് അനുമാനം. മൃതശരീരം വാഹനത്തില്‍ കയറ്റാനും കൊണ്ടുപോയി ഇടുവാനും കൂടുതല്‍ ആളുകള്‍ വേണ്ടിവരും. ഒരാള്‍ക്കു മാത്രമായി ഇത് ചെയ്യുവാന്‍ സാധിക്കുകയില്ലായെന്ന് പൊലീസ് പറയുന്നു.

വീട്ടില്‍ തളര്‍ന്നുകിടക്കുന്ന സ്ത്രീയുടെ ഭര്‍ത്താവിനെ പൊലീസ് ഞായറാഴ്ച ചോദ്യം ചെയ്തു. അയാള്‍ക്ക് ഭാര്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. മൂന്നു മക്കളുടെ അമ്മയാണ് പൊലീസ് സംശയിക്കുന്ന സ്ത്രീ. മൂത്ത മകളെ വിവാഹം കഴിപ്പിച്ചയച്ചു. രണ്ടാമത്തെ മകള്‍ നഴ്‌സാണ്. ഇളയ മകന്‍ ബാര്‍ബര്‍ഷോപ്പ് നടത്തുകയാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Artist, Murder Case, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.