Latest News

ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചു, നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല -തല്‍വാര്‍ ദമ്പതിമാര്‍

ന്യൂഡല്‍ഹി: പോലീസ് കനത്ത സുരക്ഷാ സന്നാഹമൊരുക്കിയ ഗാസിയാബാദിലെ സി.ബി.ഐ. പ്രത്യേക കോടതിയില്‍ തിങ്കളാഴ്ച വൈകിട്ട് 3.25-ന് വിധിവന്നു. രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും കുറ്റക്കാര്‍. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ദമ്പതിമാര്‍ പ്രതികരിച്ചത്. അല്പസമയത്തിനകം പ്രസ്താവനയും ഇറങ്ങി - ''ചെയ്യാത്ത കുറ്റത്തിന് ഞങ്ങളെ ശിക്ഷിച്ചതില്‍ കടുത്ത നിരാശയും വേദനയും ദുഃഖവുമുണ്ട്''. നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല.

ഗാസിയാബാദ് കോടതിയില്‍ രാവിലെ മുതല്‍ മാധ്യമപ്പടയ്ക്ക് പുറമേ സാധാരണക്കാരായ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. കോടതിപരിസരത്തേക്ക് കടക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് തല്‍വാര്‍ ദമ്പതിമാര്‍ കോടതിയിലെത്തിയത്. നോയ്ഡ ജല്‍വായു വിഹാറിലെ ഇവരുടെ വീടിനും യു.പി. പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

ആരുഷിയുടെ സുഹൃത്ത് ഫിസ ഝായും വിധിയില്‍ നിരാശരേഖപ്പെടുത്തി. ആരുഷിയെ അച്ഛനമ്മമാര്‍ വളരെ സ്‌നേഹിച്ചിരുന്നതായി ഫിസ പറഞ്ഞു. അവരെ തനിക്ക് നന്നായറിയാം. തന്നെ രണ്ടാമത്തെ മകളായാണ് അവര്‍ കണ്ടിരുന്നത്. കേസില്‍ തിരിമറിനടന്നിട്ടുണ്ട്. ഈ കേസില്‍ ജനവികാരം എന്താണെന്ന് തനിക്കറിയാം. എന്നാല്‍, തല്‍വാര്‍ ദമ്പതിമാര്‍ നിഷ്‌കളങ്കരാണെങ്കില്‍ ഈ വിധിയുടെ ഫലം എന്തായിരിക്കുമെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോയെന്നും ഫിസ ചോദിച്ചു.

മുന്‍വിധിയോടുകൂടിയ വിധിയാണിതെന്ന് രാജേഷ് തല്‍വാറിന്റെ സഹോദരഭാര്യ വന്ദന അഭിപ്രായപ്പെട്ടു. വിചാരണയുടെ ആവശ്യമേ ഉണ്ടായിരുന്നില്ല. തല്‍വാര്‍ ദമ്പതിമാര്‍ കുറ്റക്കാരെന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോയിരുന്നത്. സി.ബി.ഐ.യുടെ സല്‍പ്പേര് നിലനിര്‍ത്താന്‍വേണ്ടി സത്യം ഒന്നിനുപിറകെ മറ്റൊന്നായി മൂടിവെക്കപ്പെട്ടുകൊണ്ടിരുന്നു. ഇതോടെ എല്ലാവരും തല്‍വാര്‍ കുടുംബത്തിന് എതിരായി - വന്ദന പറഞ്ഞു.

ആരുഷി കേസില്‍ വിധിക്കുവേണ്ടിയുള്ള കാത്തിരിപ്പ് ഒരുതരം അസ്വസ്ഥതയുണ്ടാക്കിയതായി ബോളിവുഡ് താരം സോഹ അലിഖാന്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി. സ്വന്തം മകളെ തല്‍വാര്‍ ദമ്പതികള്‍ കൊലപ്പെടുത്തുമോ എന്ന് സോഹ സംശയം പ്രകടിപ്പിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Aushi Murder Case, Thalwar, Court, Police, Arrested. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.