Latest News

മിമിക്രി കലാകാരന്റെ മരണം: കാമുകനെ കൊല്ലാന്‍ ക്വട്ടേഷന്‍കാരെ ഏര്‍പ്പെടുത്തിയത് മറ്റൊരു ഹോം നഴ്‌സ്

കോട്ടയം: മിമിക്രി കലാകാരന്‍ ചെത്തിപ്പുഴ മുണ്ടേട്ട് പുതുപ്പറമ്പില്‍ ലെനീഷി(32)നെ കൊലപ്പെടുത്തുന്ന കാര്യം ഒന്നാം പ്രതി ശ്രീകലയുടെ ചില സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. ഒരു ഹോംനഴ്‌സും ഇക്കൂട്ടത്തിലുണ്ട്. മറ്റുള്ളവര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഹോം നഴ്‌സ് ആണ് ക്വട്ടേഷന്‍ സംഘത്തെ ശ്രീകലയ്ക്ക് പരിചയപ്പെടുത്തിയത്.

ശ്രീകലയുമായി ബന്ധമുള്ള ആലപ്പുഴ സ്വദേശിനി ഹോംനഴ്‌സിനായി പോലീസ് അന്വേഷണം ആരംഭിച്ചു. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടക്കുന്ന വേളയില്‍ ഹോംനഴ്‌സിനെ കണ്ടെത്തി ചോദ്യം ചെയ്യും. ക്വട്ടേഷന്‍ ടീമിനെ എത്തിച്ചു കൊടുക്കാമെന്നു പറഞ്ഞ് ശ്രീകലയില്‍ നിന്ന് അയ്യായിരം രൂപയും ഹോംനഴ്‌സ് വാങ്ങിയിട്ടുണ്ടെന്നാണ് ഒന്നാം പ്രതിയുടെ മൊഴി. കൊല്ലപ്പെട്ട ലെനീഷുമായി അടുപ്പത്തിലായിരുന്ന ഹോംനഴ്‌സിനെയും മറ്റൊരു യുവതിയെയും പോലീസ് ചോദ്യം ചെയ്‌തേക്കും. ഇവര്‍ നല്കുന്ന മൊഴി കേസിനെ സഹായിക്കുമെന്നാണ് പോലീസ് കരുതുന്നത്.

പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. തൃക്കൊടിത്താനം പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല (43), മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റിയന്‍ (28), മാമ്മൂട് ദൈവംപടി ഗോപാലത്തില്‍ ശ്യാംകുമാര്‍ (31), ദൈവംപടി വിത്തിരിക്കുന്നേല്‍ രമേശ് (ജൂഡോ രമേശ്-28), മാമ്മൂട് പാറാംതോട്ടത്തില്‍ മനു (24) എന്നിവരാണു പ്രതികള്‍. ലെനീഷിന്റെ മൊബൈല്‍ മൃതദേഹം മറവു ചെയ്യാന്‍ പോകുമ്പോള്‍ എറിഞ്ഞുകളഞ്ഞതായി പ്രതി ഷിജോ പറഞ്ഞിരുന്നു. നിര്‍ണായക തെളിവായ മൊബൈല്‍ കണ്ടെടുക്കേണ്ടതുണ്ട്. കൂടാതെ കൃത്യവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പുകളും നടത്തണം.

കോട്ടയം എംസി റോഡില്‍ ചവിട്ടുവരിയില്‍ നവീന്‍ ഹോം നഴ്‌സിംഗ് സ്ഥാപനം നടത്തിവന്ന ശ്രീകലയും ലെനീഷും തമ്മിലുണ്ടായിരുന്ന ബന്ധത്തില്‍ അകല്‍ച്ചവന്നതാണു കൊലപാതകത്തിലെത്തിച്ചത്. 25,000 രൂപയ്ക്കു ക്വട്ടേഷന്‍ സംഘത്തെ വരുത്തി ശ്രീകലയും ചേര്‍ന്ന് ഹോം നഴ്‌സിംഗ് ഓഫീസിനുള്ളില്‍ ലെനീഷിനെ കൊലപ്പെടുത്തിയതായാണു കേസ്. കഴിഞ്ഞ 22ന് ഉച്ചയ്ക്ക് തലയ്ക്കടിച്ചും തല്ലിയും വായില്‍ ഫോര്‍മിക് ആസിഡ് ഒഴിച്ചുമാണു കൊന്നത്. നെറ്റിയിലുണ്ടായ ക്ഷതവും ആസിഡ് പ്രയോഗത്തില്‍ ശ്വാസകോശത്തിനുണ്ടായ പൊള്ളലുമാണ് മരണകാരണം. ഒന്നരയടി നീളമുള്ള ഇരുമ്പുകമ്പി കണ്ടെടുത്തിരുന്നു.

മിമിക്രി കലാകാരന്‍ ലെനീഷിനെ ക്രൂരമായി തല്ലിക്കൊന്നിട്ടും മനസ് മരവിക്കാതെ ഒന്നാം പ്രതി ശ്രീകല. ഇപ്പോഴും ചെയ്ത തെറ്റില്‍ പശ്ചാത്താപമോ കുറ്റബോധമോ അവരുടെ മനസിനെ ബാധിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ലെനീഷിന്റെ കൈയും കാലും തല്ലിയൊടിക്കാന്‍ മാത്രമാണ് ക്വട്ടേഷന്‍ നല്കിയതെന്നു പറയുമ്പോഴും ആസിഡ് വാങ്ങി സൂക്ഷിച്ചത് കൊലപ്പെടുത്താന്‍ തന്നെയെന്നാണ് പോലീസ് കരുതുന്നത്.

കൊലപ്പെടുത്താനാകുമ്പോള്‍ പണം കൂടുതല്‍ നല്‌കേണ്ടി വരുമെന്നു മനസിലാക്കിയാണ് കാല് തല്ലിയൊടിച്ചാല്‍ മതിയെന്നു ക്വട്ടേഷന്‍ സംഘത്തോട് പറഞ്ഞത്. വെറും 25000 രൂപയ്ക്കാണ് ഒരു യുവാവിനെ തല്ലിക്കൊന്നത്. ക്രൂരമര്‍ദനത്തിനിടെ ആസിഡ് ഒഴിച്ച് വികൃതമാക്കി കൊല്ലാന്‍ തന്നെയായിരുന്നു ശ്രീകല ഉദേശിച്ചിരുന്നതെന്ന് പോലീസ് കരുതുന്നു. എന്നാല്‍ എന്നെങ്കിലും പിടിക്കപ്പെടുമെന്നോ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നോ സ്വപ്‌നത്തില്‍ പോലും കരുതിയില്ല എന്നതാണ് ശ്രീകല എന്ന പെണ്ണിനു പറ്റിയ തെറ്റ്.

സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒന്നും ഇവര്‍ അറിയുന്നില്ല എന്നു തന്നെയാണ് മനസിലാക്കാന്‍ കഴിയുന്നത്. ഒരു കുറ്റം ചെയ്താല്‍ പിടിക്കപ്പെടുമെന്ന പേടി പോലും ഇവര്‍ക്കില്ലായിരുന്നു. പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ധാരണ പോലും ഇവര്‍ക്കില്ലായിരുന്നുവെന്ന് ഇവര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ബോധ്യപ്പെടും. പിടിയിലായ പ്രതികളും ഏതാണ്ട് ഇതുപോലെ തന്നെ. എത്ര വിദഗ്ധമായി നടത്തിയ കൊലപാതകമാണെങ്കിലും എന്തെങ്കിലും തുമ്പ് അവശേഷിക്കും. ഇവിടെ തുമ്പ് ധാരാളം. അടുത്ത നാളില്‍ നടന്ന കൊലപാതകങ്ങളിലെല്ലാം പ്രതികള്‍ കുടുങ്ങിയത് മൊബൈല്‍ ഫോണ്‍ വിളിയിലാണ്. ലെനീഷ് വധക്കേസിലും തുമ്പായത് മൊബൈല്‍ ഫോണ്‍ കോള്‍ ആണ്. ഒരു പകല്‍ക്കൊലപാതകമാണ് ഇവിടെ അരങ്ങേറിയത്.

സംഭവ ദിവസം ലെനീഷും ഒന്നാം പ്രതി ശ്രീകലയും ഒരുമിച്ചാണ് ചൂട്ടുവേലിയിലെ നവീന്‍ ഹോം നഴ്‌സിംഗ് സ്ഥാപനത്തില്‍ എത്തിയത്. അല്‍പ സമയത്തിനകം ക്വട്ടേഷന്‍ സംഘമെത്തി. ക്രൂര മര്‍ദനത്തിനിടെ ലെനീഷ് മരിച്ചു. ഉടനെ പുറത്തു പോയി ഒരു ചാക്ക് സംഘടിപ്പിച്ച് അതില്‍ കയറ്റി ഓട്ടോയില്‍ പട്ടാപ്പകല്‍ നഗര മധ്യത്തിലൂടെ മൃതദേഹം ഉപേക്ഷിക്കാന്‍ പോവുകയും ചെയ്തു. ശ്രീകല രാവിലെ മൊബൈല്‍ ഫോണിലൂടെ ലെനീഷിനെ വിളിച്ചുവരുത്തിയതാണ് ഏറ്റവും പ്രധാന തെളിവ്. ശ്രീകലയുടെ ഫോണില്‍ നിന്ന് ക്വട്ടേഷന്‍ സംഘത്തെ വിളിച്ചതിനും തെളിവുണ്ട്. പിടിക്കപ്പെടാന്‍ ഇത്രയും മതിയെന്ന സാമാധ്യ ബുദ്ധിപോലും ശ്രീകലയ്ക്കില്ലാതെ പോയി. കൊല നടത്തിയ ശ്രീകലയുടെ ഓഫീസിലും തെളിവ് ഇഷ്ടം പോലെയാണ്. എത്ര കഴുകി കളഞ്ഞാലും രക്തത്തിന്റെ ഒരു തുള്ളിയെങ്കിലും ബാക്കിയുണ്ടാകും. അതുമതി ലെനീഷ് കൊല്ലപ്പെട്ടത് അവിടെ വച്ചാണെന്ന് തെളിയിക്കാന്‍. പ്രതികളുടെ വിരലടയാളം ലെനീഷിന്റെ ദേഹത്തു നിന്നും ലഭിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പാമ്പാടി സിഐ സാജു വര്‍ഗീസ് അന്വേഷിച്ച ലെനീഷ് കൊലക്കേസിന്റെ രണ്ടാം ഘട്ടം അന്വേഷണം കോട്ടയം ഈസ്റ്റ് സിഐ റിജോ പി ജോസഫിനു കൈമാറിയേക്കും. കൊലപാതകം നടന്നത് ചൂട്ടുവേലിയിലെ നവീന്‍ ഹോം നഴ്‌സിംഗ് സ്ഥാപനത്തില്‍ വച്ചാണ്. ഇത് കോട്ടയം ഈസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലായതിനാലാണ് കേസ് കൈമാറ്റത്തിന് സാധ്യത. വീഴ്ചകളില്ലാതെ പാമ്പാടി പോലീസ് കേസ് അന്വേഷിച്ച നിലയില്‍ തുടര്‍ അന്വേഷണവും ഇതേ ടീമിനെ ഏല്‍പിക്കാന്‍ പോലീസ് ചീഫിന് അധികാരമുണ്ട്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തുടര്‍ അന്വേഷണം ആര്‍ക്കു നല്‍കണമെന്നു തീരുമാനിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Leneesh, Home Nurse, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.