Latest News

മിമിക്രി കലാകാരന്റെ കൊലപാതകം: തെളിവുനശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതം

കോട്ടയം: മിമിക്രി കലാകാരന്‍ ചങ്ങനാശേരി ഏനാച്ചിറ മുണ്ടേട്ട് പുതുപ്പറമ്പില്‍ ലെനീഷിനെ (31) കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പോലീസിനെ വട്ടംചുറ്റിക്കുന്നു. തെളിവെടുപ്പിനു കൊണ്ടു പോകുമ്പോള്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് പോലീസിനെ ഇവര്‍ വട്ടം ചുറ്റിക്കുകയാണ്. കൊല്ലപ്പെട്ട ലെനീഷിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിന് വെള്ളിയാഴ്ച പ്രതികളെ കൊണ്ടുപോയപ്പോള്‍ മണര്‍കാട് ഐരാറ്റുനടയില്‍ ഒരു മണിക്കൂറോളം പോലീസിനെ വട്ടംചുറ്റിച്ചു.

മൊബേല്‍ ഫോണും പഴ്‌സും ഐരാറ്റുനടയില്‍ പാലത്തിന് താഴേക്ക് എറിഞ്ഞുവെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് പോലീസ് ഇവിടെ പാലത്തിനു താഴെയും സമീപത്തുമായി ഒരു മണിക്കൂറിലധികം പരിശോധന നടത്തിയെങ്കിലും ഫോണ്‍ കിട്ടിയില്ല. ഒടുവില്‍ പ്രതികളുമായി ബന്ധമുണ്ടായിരുന്ന മാന്താനം സ്വദേശി ഹല്‍ബത്ത് എന്ന സ്ത്രീയുടെ വീട്ടില്‍നിന്നാണ് മൊബൈല്‍ഫോണും പഴ്‌സും കണ്ടെടുത്തത്.

ഫോണിന്റെ സിം ഒടിച്ചുകളഞ്ഞിരുന്നെങ്കിലും അവസാന ദിവസം വിളിച്ച നമ്പറുകള്‍ പോലീസ് സാങ്കേതിക സഹായത്തോടെ ശേഖരിച്ചിട്ടുണ്ട്. ഒന്നാം പ്രതിയും കാമുകിയുമായ ചങ്ങനാശേരി കടമാന്‍ചിറ പാമ്പൂരാംപാറയില്‍ ശ്രീകല (43)യാണ് അവസാനമായി ലെനീഷിനെ വിളിച്ചിരിക്കുന്നത്. ഈ വിളിയെത്തുടര്‍ന്നാണ് 22ന് രാവിലെ ലെനീഷ് വീട്ടില്‍നിന്ന് പുറപ്പെട്ടതും കൊലയ്ക്ക് ഇരയായതും. തെളിവെടുപ്പ് ശനിയാഴ്ചയും തുടരുകയാണ്.

മാമ്മൂട് സ്വദേശികളും കൂട്ടുപ്രതികളുമായ ഷിജോ (28), ശ്യാംകുമാര്‍ (31), രമേശ് (28), മനു (24) എന്നിവരുമായാണ് തെളിവെടുപ്പു നടത്തിയത്. ലെനീഷിനെ കൊന്ന് പഴ്‌സിലുണ്ടായിരുന്ന 400 രൂപ എടുത്തശേഷം പഴ്‌സും മൊബൈലും നാഗമ്പടത്തിനും പാമ്പാടിക്കുമിടെ എറിഞ്ഞുകളഞ്ഞതായാണ് രമേശ് പോലീസിനു മൊഴികൊടുത്തിരുന്നത്. കേസിലെ സുപ്രധാനമായ ഈ തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ ആസൂത്രിതമായി വ്യാജം പറഞ്ഞതായി സംശയിച്ചാണ് വെള്ളിയാഴ്ച രമേശന്റെയും ഹല്‍ബത്തിന്റെയും വീട്ടില്‍ ഒരേ സമയം പരിശോധന നടത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രമേശനെയും ശ്യാംകുമാറിനെയും ഹല്‍ബത്തിന്റെ വീട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്. ഇതാണ് മൊബൈല്‍ഫോണും പഴ്‌സും ഇവിടെയുണ്ടാകുമെന്ന സംശയിച്ചത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്. സുരേഷ് കുമാറിനൊപ്പം പാമ്പാടി സിഐ സാജു വര്‍ഗീസ്, എസ്‌ഐ യു.ശ്രീജിത്, ഷാഡോ പോലീസിലെ എഎസ്‌ഐ പിവി വര്‍ഗീസ്, ഒഎം സുലൈമാന്‍, മുഹമ്മദ് നൗഷാദ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Police


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.