Latest News

നാല് മണിക്കൂറോളം ബി.എസ്.എന്‍.എല്‍. മൊബൈല്‍ ഫോണുകള്‍ നിശ്ചലമായി

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിലെ മൊബൈല്‍ മെയിന്‍ സ്വിച്ചിങ് സെന്റര്‍ സര്‍വീസ് പവര്‍ പ്ലാന്റിലെ തകരാര്‍ മൂലം സംസ്ഥാനത്താകമാനം നാല് മണിക്കൂറോളം ബി.എസ്.എന്‍.എല്‍. മൊബൈല്‍ ഫോണുകള്‍ നിശ്ചലമായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 5.30 വരെയാണ് ബി.എസ്.എന്‍.എല്‍. മൊബൈല്‍ കണക്ഷനുകള്‍ പണിമുടക്കിയതുമൂലം ഉപഭോക്താക്കള്‍ ആശങ്കയിലായത്. വൈകീട്ട് ആറുമണിയോടെ പ്രശ്‌നം പരിഹരിച്ച് കണക്ഷനുകള്‍ പുനഃസ്ഥാപിച്ചതായി ബി.എസ്.എന്‍.എല്‍. അധികൃതര്‍ വ്യക്തമാക്കി.

തൃപ്പൂണിത്തുറയിലെ മെയിന്‍ സ്വിച്ച് എക്‌സ്‌ചേഞ്ചിലെ (എം.എസ്.ഇ.) പവര്‍ പ്ലാന്റില്‍ കണ്‍ട്രോള്‍ കാര്‍ഡിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതാണ് സര്‍വീസുകള്‍ തടസ്സപ്പെടാന്‍ ഇടയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ഓവര്‍ലോഡ് വന്നതാണ് കാരണമായതെന്ന് വിശദീകരിച്ചു. ഇത് സംസ്ഥാനത്തെ പകുതിയോളം ഉപഭോക്താക്കളെ ബാധിച്ചു. ഘട്ടം ഘട്ടമായി ലൈനുകള്‍ പരിശോധിച്ച് പരിഹരിക്കേണ്ടതിനാലാണ് സമയമെടുത്തത്. ആറുമണിയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് തകരാറുകള്‍ പരിഹരിച്ചുവെന്നും ഉപഭോക്താക്കള്‍ക്ക് ലൈനില്‍ തടസ്സം നേരിടേണ്ടിവന്നതില്‍ ഖേദിക്കുന്നുവെന്നുമുള്ള സന്ദേശങ്ങള്‍ മൊബൈലുകളില്‍ അയച്ചതായും ടവര്‍ ഡിജിഎം വ്യക്തമാക്കി.

സ്വന്തം ഫോണുകളുടെ തകരാറായിരിക്കാമെന്ന് കരുതി നിരവധി പേര്‍ മൊബൈല്‍ കടകളിലും എക്‌സ്‌ചേഞ്ച് ഓഫീസുകളിലും ചൊവ്വാഴ്ച ഉച്ച മുതല്‍ തടിച്ചുകൂടിയിരുന്നു. ലൈനിലെ തകരാര്‍ മൂലം സംസ്ഥാനത്താകമാനം ലൈന്‍ തടസ്സപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലായത് പിന്നീടാണ്. ഓരോ മൊബൈല്‍ കണക്ഷനിലെയും ഇന്‍കമിങ്, ഔട്ട്‌ഗോയിങ്, എസ്.എം.എസ്., നെറ്റ് സര്‍വീസുകള്‍ തുടങ്ങിയവ തകരാറിലായി. 2ജി കണക്ഷനുകളിലാണ് അധികവും തടസ്സമുണ്ടായിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 3ജി ലൈനുകളില്‍ തടസ്സം സംഭവിച്ചിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.