Latest News

ഡി വൈ എഫ്‌ ഐ കളക്ടറേറ്റ്‌ വളയല്‍ 23 ന്‌

കാസര്‍കോട്‌ : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യുവജന വിരുദ്ധ-ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ ഡി വൈ എഫ്‌ ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 23 നു കളക്ടറേറ്റ്‌ വളയല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ ടി വി രാജേഷ്‌ എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമന നിരോധനം, അഴിമതി, വിലക്കയറ്റം എന്നിവ മൂലം യുവാക്കളും സമൂഹവും ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ്‌ സ്വീകരിക്കുന്നത്‌.

നവലിബറല്‍ നയങ്ങളുടെ ചുവട്‌ പിടിച്ച്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന നയങ്ങള്‍ യുവാക്കളെ തൊഴിലില്ലായ്‌മയുടെ ആഴക്കടലിലേക്ക്‌ തള്ളിവിടുകയാണ്‌. കേരളത്തില്‍ 37.09 ലക്ഷം അഭ്യസ്‌തവിദ്യരായ യുവജനങ്ങള്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളില്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌ത്‌ ജോലിക്കായി കാത്തിരിക്കുന്നു.അപ്രഖ്യാപിത നിയമന നിരോധനത്തിലൂടെ യു ഡി എഫ്‌ സര്‍ക്കാര്‌ തൊഴില്‍ രഹിതരായ അഭ്യസ്‌തവിദ്യരെ വഞ്ചിക്കുകയാണ്‌. ഒഴിവുള്ള തസ്‌തികകള്‍ സംബന്ധിച്ച്‌ സമയബന്ധിതമായി പി എസ്‌ സി ക്കു റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ ബന്ധപ്പെട്ടവര്‍ അലംബാവം കാണിക്കുന്നു. നിയമനം നടത്താതെ റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി നീട്ടി യുവാക്കളെ മോഹിപ്പിക്കുന്ന സമീപനമാണ്‌ സ്വീകരിക്കുന്നത്‌. പി എസ്‌ സി യുടെ കണക്കുപ്രകാരം സംസ്ഥാനത്ത്‌ നിലവില്‍ 19,541 ഒഴിവുകളേ ഉള്ളു. എന്നാല്‍ ഇതിന്റെ എത്രയോ മടങ്ങ്‌ തസ്‌തികകളാണ്‌ ഒഴിഞ്ഞുകിടക്കുന്നത്‌.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 30,000 പേരെ പിന്‍വാതിലിലൂടെ നിയമിച്ചിരിക്കുകയാണെന്നും ഓപ്പണ്‍ സ്‌കൂള്‍, കണ്ണൂര്‍, കേരള സര്‍വ്വകലാശാലകള്‍ എന്നിവയില്‍ പിന്‍വാതില്‍ നിയമനത്തിന്‌ നീക്കം നടത്തുകയാണെന്നും ടി വി രാജേഷ്‌ എം എല്‍ എ ആരോപിച്ചു.

എല്‍ ഡി എഫ്‌ സര്‍ക്കാര്‍ ആരംഭിച്ച പത്ത്‌ പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനത്തിനായി തയ്യാറാക്കിയ റാങ്ക്‌ ലിസ്റ്റും നിയമന പ്രക്രിയയും മരവിപ്പിച്ചു. പതിനായരങ്ങള്‍ക്ക്‌ ലഭിക്കുമായിരുന്ന പാലക്കാട്‌ കോച്ച്‌ ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി എന്നിവയും സ്‌മാര്‍ട്ട്‌സിറ്റി എരമം, കുണ്ടറ തുടങ്ങിയ പുതിയ ഐ ടി പാര്‍ക്കുകളും ശിലാഫലകങ്ങളിലൊതുങ്ങിയ സ്ഥിതിയാണുള്ളത്‌.

അതിരൂക്ഷമായ തൊഴിലില്ലായ്‌മയ്‌ക്കൊപ്പം അഴിമതി, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങളും ഉയര്‍ത്തിയാണ്‌ ഡി വൈ എഫ്‌ ഐ യുവജനമുന്നേറ്റം സമരം സംഘടിപ്പിക്കുന്നത്‌. ലക്ഷക്കണക്കിന്‌ യുവജനങ്ങള്‍ സെക്രട്ടേറിയറ്റും, കളക്ടറേറ്റും വളഞ്ഞ്‌ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തും.
കാല്‍നടയായി വരുന്ന സമര വളണ്ടിയര്‍മാര്‍ 22 നു തന്നെ ജില്ലാ കേന്ദ്രങ്ങളിലെത്തി ക്യാമ്പ്‌ ചെയ്യും. പിറ്റേന്ന്‌ രാവിലെ ആറുമണി മുതല്‍ ഉപരോധ സമരം ആരംഭിക്കും. ജില്ലയില്‍ ആയിരത്തഞ്ഞൂറോളം യൂണിറ്റുകളില്‍ നിന്നായി കാല്‍ലക്ഷത്തോളം യുവജനങ്ങള്‍ സമരത്തില്‍ അണിനിരക്കും. ഉപരോധ സമരം ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ ഡി വൈ എഫ്‌ ഐ ജില്ലാ സെക്രട്ടറി കെ മണികണ്‌ഠന്‍, ശിവപ്രസാദ്‌ എന്നിവരും സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.