Latest News

കയത്തിൽ മുങ്ങിയ കാളിമുത്തുവിന് കരം കൊടുത്ത കുരുന്നുകൾക്ക് ദേശീയ ധീരതാ അവാർഡ്

തിരുവനന്തപുരം: ആഴമേറിയ കയത്തിലെ ചുഴിയിലകപ്പെട്ട തമിഴ് നാട് സ്വദേശിയെ രക്ഷിച്ച മൂന്നുകുരുന്നുകൾക്ക് കുട്ടികൾക്കായുള്ള 2013ലെ രാഷ്ട്രപതിയുടെ ദേശീയ ധീരതയ്ക്കുള്ള അവാർഡ്. കോട്ടയം എരുമേലി സ്വദേശികളായ അഖിൽ ബിജു(9), സുബിൻ മാത്യു(10), യദുകൃഷ്ണൻ വി.എസ്. (13) എന്നിവർക്ക് ജനുവരി 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ളിക് ചടങ്ങിൽ പ്രധാനമന്ത്രി മൻമോഹൻസിംഗ് അവാർഡ് വിതരണം ചെയ്യുമെന്ന് ശിശുക്ഷേമസമിതിയുടെ ചുമതലവഹിക്കുന്ന കളക്ടർ കെ.എൻ. സതീഷ് അറിയിച്ചു. റിപ്പബ്ളിക് ദിനപരേഡിലും ഇവർ പങ്കെടുക്കും.

എരുമേലി കണ്ണിമല മഞ്ഞളരുവി തോട്ടിലെ തോണിക്കുഴി കയത്തിൽ വീണ് മരണത്തിലേക്ക് നീങ്ങിയ തമിഴ്നാട് തേനി സ്വദേശി കാളിമുത്തുവിനെയാണ്(39) കുഞ്ഞുധീരർ രക്ഷിച്ചത്. തോണിക്കുഴിയുടെ ആഴമറിയാതെ കുളിക്കാനിറങ്ങിയ കാളിമുത്തു നാലാൾ താഴ്ചയുള്ള കയത്തിൽപെടുകയായിരുന്നു. നിലവിളി കേട്ട് എത്തിയ കുട്ടികൾ സ്വന്തം ജീവൻ തൃണവത്ഗണിച്ച് കയത്തിലേക്ക് എടുത്തുചാടുകയായിരുന്നു. ആദ്യം അഖിൽ കയത്തിലേക്ക് ചാടി. പിന്നാലെ യദുവും. ഇരുവർക്കും കാളിമുത്തുവിനെ പിടിക്കാൻ കിട്ടിയില്ല. സ്വന്തം ജീവൻ അപകടത്തിലാകുമെന്നായപ്പോൾ ഇരുവരും കൈകോർത്ത് പിടിച്ച് കാളിമുത്തുവിന്റെ അടുത്തെത്തി. അതിസാഹസികമായി സുബിൻ ഇട്ടുകൊടുത്ത തോർത്തിൽ കെട്ടിവലിച്ചാണ് കുട്ടികൾ കാളിമുത്തുവിനെ രക്ഷിച്ചത്.

എരുമേലി കണ്ണിമല പുതുവേലിൽ വീട്ടിൽ ബിജുവിന്റെയും ലേഖയുടേയും മകനാണ് അഖിൽ ബിജു. കാട്ടിപുരയ്ക്കൽ വീട്ടിൽ മാത്യുവിന്റെയും ഷീബയുടേയും മകനാണ് സുബിൻ. ഇരുവരും സെന്റ് ജയിംസ് യു.പി സ്കൂൾ വിദ്യാർത്ഥികളാണ്. വട്ടപ്പറന്പിൽ വീട്ടിൽ ശശിധരൻ നായരുടേയും സജിനിയുടേയും ഇളയമകനായ യദുകൃഷ്ണൻ കണ്ണിമല സെന്റ് ജോസഫ് ഹൈസ്കൂളിലെ ഒന്പതാം ക്ളാസ് വിദ്യാർത്ഥിയാണ്. ഇവരുടെ തുടർന്നുള്ള വിദ്യാഭ്യാസ ചിലവുകൾ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയർ നിർവഹിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.