Latest News

മകളെ വിവാഹംചെയ്തു കൊടുക്കാന്‍ തടസ്സം നിന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം

കാസര്‍കോട്: മകളെ വിവാഹംചെയ്യാനുള്ള ആഗ്രഹത്തിന് തടസംനിന്നതിന് വീട്ടമ്മയെ കൊലപ്പെടുത്തി കാലി തൊഴുത്തില്‍ കെട്ടിത്തൂക്കിയ കേസില്‍ രണ്ട് പ്രതികളെയും കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (2) ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു.

ഇതുകൂടാതെ 10,000 രൂപ വീതം പിഴയടക്കാനും കോടതി ശിക്ഷിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികം തടവ് ശിക്ഷ അനുഭവിക്കണം. തൃക്കരിപ്പൂര്‍ ഒളവറ മുണ്ട്യ കുഞ്ഞിപ്പുരയില്‍ പരേതനായ നാരായണന്റെ ഭാര്യ ഭാനുമതി(58)യെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തിരുവനന്തപുരം വര്‍ക്കല വെട്ടുര്‍ ഗ്രാമത്തിലെ കെ.പി. ഹൗസില്‍ എസ്. സജീവ് എന്ന സജീവന്‍ (49), തിരുവനന്തപുരം പൂന്തുറ മണക്കാട്ടെ സാജന്‍ എന്ന ശ്രീജിത്ത് (26) എന്നിവരെയാണ് ജില്ലാ അസി. സെഷന്‍സ് ജഡ്ജി പി. ബാലന്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

2009 ജനവരി 25ന് രാത്രി 10.30 മണിക്കാണ് കൊലപാതകം അരങ്ങേറിയത്. ഭാനുമതിയുടെ വീടുമായി അടുപ്പത്തിലായ ഒന്നാംപ്രതി സജീവന്‍ ഭാനുമതിയുടെ മകളെ വിവാഹംകഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഭാനുമതി ഈ ബന്ധത്തെ എതിര്‍ക്കുകയായിരുന്നു. ഇതിലുള്ള വൈര്യാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലനടത്തിയ പ്രതികള്‍ ആത്മഹത്യാണെന്ന് വരുത്തിതീര്‍ക്കാന്‍ ഭാനുമതിയുടെ മൃതദേഹം എടുത്തുകൊണ്ടുപോയി തൊട്ടടുത്ത കാലിത്തൊഴുത്തില്‍ കെട്ടിതൂക്കുകയായിരുന്നു.

നിര്‍മാണ തൊഴിലാളികളായ പ്രതികള്‍ ഒളവപ്രദേശത്ത് ജോലിക്കെത്തിയവരായിരുന്നു. സംഭവദിവസം രാത്രി ഭാനുമതിയുടെ വീട്ടിലെത്തിയ പ്രതികള്‍ ടെറസിന്റെ മുകളില്‍ കയറി മദ്യപിക്കുകയും പിന്നീട് ഭാനുമതിയുടെ മകളെ വിവാഹം കഴിക്കുന്നതിന് തടസം നില്‍ക്കുന്നതിന്റെ പേരില്‍ അവരുമായി വഴക്കിടുകയും ചെയ്തിരന്നു. ഇതിനിടയിലാണ് ഭാനുമതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.

മരണം ആദ്യം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിലും കണ്ണൂരില്‍നിന്നും എത്തിയ വിദഗ്ദ്ധരുടെ പരിശോധനയിലുമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കാലിതൊഴുത്തിലും സമീപത്തും കണ്ട രക്തപാടുകളും മദ്യകുപ്പികളും കേസില്‍ നിര്‍ണായക തെളിവായി.

ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ അന്നത്തെ നീലേശ്വരം സി.ഐ. ആയിരുന്ന എം.പി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ മേലത്ത് സുധിര്‍ ഹാജരായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Court, Order

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.