Latest News

തളങ്കര ഇരട്ടക്കൊലക്കേസ്‌ : ഒന്നു മുതല്‍ അഞ്ചുവരെ പ്രതികള്‍ കുറ്റക്കാര്‍, വിധി തിങ്കളാഴ്‌ച


കാസര്‍കോട്: പ്രമാദമായ തളങ്കര ഇരട്ടക്കൊലക്കേസില്‍ ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളെ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ദണ്ഡുപാളയത്തെ ദൊഢഹനുമ (45), പുതുക്കോളി വെങ്കിടേഷ് (47), മുനികൃഷണ (43), നല്ലതിമ്മ (43), ദൊഢഹനുമയുടെ ഭാര്യ ലക്ഷ്മി (45) എന്നിവരെയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് എം.ജെ. ശക്തിധരന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ആറ് മുതല്‍ ഒമ്പത് വരെ പ്രതികളായ കൃഷ്ണഡു (35), പത്മ (43), സാവിത്രി (37), വെങ്കിടേഷ് എന്ന രമേശ (53) എന്നിവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ ഒമ്പതിന് പ്രഖ്യാപിക്കും.

1998 ഫെബ്രുവരി 23 നാണ് തളങ്കര ഖാസിലൈനിലെ അബ്ദുല്ലയുടെ ഭാര്യ പി.എസ്. ബിഫാത്തിമ (58), വീട്ടുജോലിക്കാരി തമിഴ്‌നാട് സ്വദേശിനി ശെല്‍വി (16) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്ലാസ്റ്റിക്ക് കയര്‍ കൊണ്ട് കഴുത്ത് മുറുക്കിക്കൊന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വീട്ടില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരേയും മരിച്ചുകിടക്കുന്നത് കണ്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ തുമ്പുണ്ടാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭവും നടത്തിയിരുന്നു.

നിരവധി കൊലക്കേസുകളില്‍ പ്രതികളായ കര്‍ണാടക, ദണ്ഡുപാളയത്തെ കുപ്രസിദ്ധ ക്രിമിനല്‍ സംഘം കര്‍ണാടകയില്‍ പിടിയിലായതോടെയാണ് തളങ്കര ഇരട്ടക്കൊലക്കേസും തെളിഞ്ഞത്. പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് കാസര്‍കോട്ടെത്തിക്കുകയായിരുന്നു. പ്രതികളായ നാല് സ്ത്രീകളും കര്‍ണാടകയില്‍ നടന്ന കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്നവരാണ്. ഇവരില്‍ വധശിക്ഷ ലഭിച്ചവരുമുണ്ട്.

പകല്‍ സമയത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ തളങ്കര, ഖാസിലൈനില്‍ പഴയസാധനങ്ങള്‍ വാങ്ങാനെത്തിയ പ്രതികള്‍ രാത്രിയിലെത്തി ഇരട്ടക്കൊല നടത്തി ബീഫത്വിമയുടെ ദേഹത്തും വീട്ടിലുമുണ്ടായിരുന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. തളങ്കരയെ നടുക്കിയ ഈ കൊലക്കേസിന് ഒന്നരപതിറ്റാണ്ടിന് ശേഷം പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത് ബന്ധുക്കളിലും നാട്ടുകാരിലും സംതൃപ്തിയുണ്ടാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി.ഷുക്കൂര്‍ ഹാജരായി. പ്രതികള്‍ക്കുവേണ്ടി കെ.ഗിരീഷ് റാവു, രവി പ്രകാശ് പെര്‍ള എന്നിവര്‍ ഹാജരായി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thalangara, Murder Case, Court

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.