Latest News

ദക്ഷിണാഫ്രിക്കയുടെ വീരനായകന്‍ നെല്‍സണ്‍ മണ്ടേല അന്തരിച്ചു

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ വീരനായകനും, വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകവുമായ നെല്‍സണ്‍ മണ്ടേല(95) അന്തരിച്ചു. . ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജോഹന്നാസ് ബര്‍ഗ്ഗിലെ വസതിയിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ അന്ത്യം. പ്രസിഡന്റ് ജേക്കബ് സുമയാണ് ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ ടി.വിയിലൂടെ രാജ്യത്തിന്റെ വിമോചനനായകന്റെ മരണവാര്‍ത്ത പ്രഖ്യാപിച്ചത്. ഏറെനാളായി രോഗബാധിതനായി കഴിയുകയായിരുന്നു മണ്ടേല.

ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റായിരുന്നു അദ്ദേഹം. കറുപ്പും വെളുപ്പുമെന്ന് വേര്‍തിരിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി ഒറ്റയ്ക്ക് പേരാടി വിജയം കൈവരിച്ച നെല്‍സണ്‍ മണ്ടേല ദക്ഷിണാഫ്രിക്കക്കാരുടെ സ്വന്തം ‘മദിബ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

1918 ജൂലൈ 18നാണ് നെല്‍സണ്‍ മണ്ടേല ജനിച്ചത്. ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളേയും ഉള്‍പ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1994 മുതല്‍ 1999 വരെ അഞ്ച് വര്‍ഷക്കാലം അദ്ദേഹം ദക്ഷിണാഫ്രിക്കയെ നയിച്ചു. 1999ല്‍ അധികാരത്തില്‍നിന്ന് അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു.

1993ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. 1990ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ ഭാരതരത്‌നം നല്‍കി ആദരിച്ചു. മഹാത്മാഗാന്ധി മണ്ടേലയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു.വര്‍ണ്ണവിവേചനത്തെ എതിര്‍ത്തവര്‍ സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പ്രതീകമായി മണ്ടേലയെ കരുതിയപ്പോള്‍, വര്‍ണ്ണവിവേചനത്തെ അനുകൂലിച്ചവര്‍ അദ്ദേഹത്തെ തീവ്രവാദിയായാണ് കരുതിയിരുന്നത്. 2008 ജൂലൈ വരെ അമേരിക്കന്‍ ഗവണ്‍മെന്റ് മണ്ടേലയെ തീവ്രവാദിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1970 80 കാലയളവില്‍ ആഫ്രിക്ക ഭരിച്ചിരുന്ന വെളളക്കാരാണ് മണ്ടേല നേതൃത്വം നല്‍കിയ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ തീവ്രവാദ സംഘടനായി പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് നിരോധിത സംഘടനയായ എഎന്‍സിയിലെ അംഗങ്ങളെ തീവ്രവാദ പട്ടികയിലാണ് അമേരിക്ക ഉള്‍പ്പെടുത്തിയിരുന്നത്.

നിറത്തിന്റെ പേരില്‍ കറുത്തവര്‍ഗ്ഗക്കാരെ വേട്ടയാടിയ നിയമസംവിധാനങ്ങള്‍ക്കെതിരെ പോരാടിയതിന്റെ പേരില്‍ മണ്ടേല 27 വര്‍ഷക്കാലം ജയില്‍വാസം അനുഭവിച്ചു. 1990 ഫെബ്രുവരി 11നാണ് അദ്ദേഹം ജയില്‍ മോചിതനായത്. ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം നടത്തിയ പ്രയത്‌നങ്ങളെ ആദരിക്കാനായി 2009 നവംബറില്‍ യു.എന്‍ പൊതുസഭ നെല്‍സണ്‍ മണ്ടേലയുടെ ജന്മദിവസമായ ജൂലൈ 18 മണ്ടേല ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് 2010 മുതല്‍ മണ്ടേലയുടെ ജന്മദിനം മണ്ടേല ദിനമായാണ് ആചരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മണ്ടേല അഞ്ചുകൊല്ലം രാജ്യം ഭരിച്ചു. ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും കാലമായിരുന്നു അത്. ഭിന്ന സംസ്‌കാരങ്ങളുള്ള ജനതയെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ അക്ഷീണം പ്രയത്‌നിച്ചു അദ്ദേഹം. 1999ല്‍ പൊതു ജീവിതം അവസാനിപ്പിച്ച അദ്ദേഹം ജന്മനാടായ ക്യുനുവില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 2010 ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ഫൈനലാണ് നെല്‍സണ്‍ മണ്ടേല അവസാനമായി പ്രത്യക്ഷപ്പെട്ട പൊതുവേദി. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ഏറെ നാളായി മണ്ടേല വീട്ടില്‍ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു. കുറച്ചു ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ക്രമത്തില്‍ മോശമായിരുന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് അദ്ദേഹത്തെ പ്രിട്ടോറിയയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

വര്‍ണവെറിക്ക് അടിമകളാക്കപ്പെട്ട പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മണ്ടേല എന്നും സാമൂഹ്യ സേവനത്തിന് പ്രാധാന്യം നല്‍കിപ്പോന്നിരുന്നു. അതു കൊണ്ടു തന്നെ മണ്ടേലയുടെ വിയോഗം ദക്ഷിണാഫ്രിക്കന്‍ ജനതയെ തെല്ലൊന്നുമല്ല നിരാശരാക്കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nelson Mandela, Died

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.