Latest News

ടിപി വധക്കേസിലെ പ്രതികള്‍ക്ക് ഇനി "സുഖവാസം' പൂജപ്പുര ജയിലില്‍

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലിനുളളില്‍ മൊബൈല്‍ഫോണും ഫേസ് ബുക്കും ഉപയോഗിച്ച സംഭവത്തില്‍ അഞ്ചു പ്രതികളെ ജയില്‍മാറ്റുന്നു. അതേസമയം അഞ്ചുപ്രതികളെ ഒരേ ജയിലിലേക്കു മാറ്റുന്നതു വീണ്ടും പ്രശ്‌നമായേക്കുമെന്ന ആശങ്കയുണ്ട്.

അഞ്ചുപ്രതികളെ അടിയന്തരമായി തിരുവനന്തപുരം പൂജപ്പൂര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാന്‍ ജയില്‍ ഡിജിപി ഡോ.അലക്‌സാണ്ടര്‍ ജേക്കബ് സര്‍ക്കാറിനോടു ശിപാര്‍ശ ചെയ്തത്. ഇതിനായി അദ്ദേഹം ചൊവ്വാഴ്ച കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ ഹര്‍ജിയില്‍ ടിപി കേസ് വിചാരണക്കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി ബുധനാഴ്ച വാദം കേള്‍ക്കും.

റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച കോടതി പ്രൊസിക്യൂഷന്‍ വിഭാഗത്തോടും പ്രതിഭാഗത്തോടും ഇതേക്കുറിച്ചുളള അഭിപ്രായം ബുധനാഴ്ച രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം അടുത്ത ദിവസം തീരുമാനമുണ്ടാകും. ജയില്‍ ഡിജിപി ശിപാര്‍ശ നല്‍കിയത് അഞ്ചു പ്രതികളെ ഒരേ ജയിലിലേക്ക് മാറ്റുമെന്നാണ്. ഒരേ ജയിലിലേക്ക് മാറ്റുന്നതിന്റെ ആശങ്ക ഉന്നത ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു വീണ്ടും ജയിലില്‍ പ്രതികള്‍ക്ക് സുഖവാസമൊരുക്കിയേക്കും. കോഴിക്കോട് ജില്ലാ ജയിലില്‍ പ്രതികളെല്ലാം ഭീഷണിപ്പെടുത്തിയാണു ജയിലധികൃതരെ തങ്ങളുടെ വലയിലാക്കിയിരുന്നതെന്നാണു വിവരം. അഞ്ചു പേരും വീണ്ടും ഒരേ സ്ഥലത്ത് എത്തുമ്പോള്‍ ഇതു വീണ്ടും ആവര്‍ത്തിച്ചേക്കും. അതുകൊണ്ടുതന്നെ എല്ലാവരെയും ഒരേ ജയിലിലേക്ക് വിടുന്നതില്‍ മാറ്റമുണ്ടായേക്കുമെന്നാണു വിവരം.

അതേസമയം ടിപി കേസ് പ്രതികളെ മാറ്റുന്നതു വിചാരണയെ ബാധിക്കില്ലെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വിചാരണ അന്തിമഘട്ടത്തിലാണ്. അതുകൊണ്ടു തന്നെ പ്രതികള്‍ എല്ലാ ദിവസവും കോടതിയില്‍ ഹാജരാകേണ്ടതില്ല. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അതു നീട്ടുന്നതിനുവേണ്ടി മാത്രം കോടതിയിലെത്തിയാല്‍ മതി. വിധി ഡിസംബര്‍ 31 മുമ്പു വരുമെന്നതിനാല്‍ പരമാവധി രണ്ടു തവണമാത്രമേ ഈ പ്രതികളെ വിചാരണകോടതിയില്‍ ഹാജാരാക്കേണ്ടതുളളൂ. പ്രതികളെ ജയില്‍ മാറ്റിയാല്‍ അതു കേസിനെ ബാധിക്കില്ലെന്നാണു ജയില്‍വകുപ്പ് പറയുന്നത്. മുമ്പു മറ്റൊരു കേസുമായി ബന്ധപ്പെട്ട് ടിപി കേസ് പ്രതികളെ വിചാരണകോടതിയുടെ അനുമതി കൂടാതെ മാറ്റിയതു വിവാദമായിരുന്നു. ഇതുകൊണ്ടാണ് ഇത്തവണ കോടതിയുടെ അനുമതി വാങ്ങുന്നത്.

ഒന്നാം പ്രതി എംസി അനൂപ്, രണ്ടാം പ്രതി കിര്‍മാണി മനോജ്, മൂന്നാം പ്രതി കൊടിസുനി, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി അണ്ണന്‍ സിജിത് എന്നിവരെയാണ് കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നു മാറ്റുന്നത്. ജയില്‍മാറ്റാന്‍ തീരുമാനിച്ച പ്രതികള്‍ക്കൊപ്പം ഫെയ്‌സ് ബുക്ക് ഉപയോഗിച്ചെന്നു തെളിഞ്ഞ ഏഴാം പ്രതി കെ ഷിനോജിനും നാലാം പ്രതി ടികെ രജീഷിനും എതിരെ നടപടിയുണ്ടായിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.P.Case, Poojapura, Jayil

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.