Latest News

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ തടയുന്ന ഉപകരണത്തിന്റെ പേരില്‍ തട്ടിപ്പ്: രണ്ടു പേര്‍ അറസ്റ്റില്‍

വടകര: മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ ഇല്ലാതാക്കുന്ന ഉപകരണം വില്‍ക്കുന്നതിനെന്നു പറഞ്ഞു മണി ചെയിന്‍ മാതൃകയില്‍ ഇടപാട് നടത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടു പ്രതികളെ വടകര ക്രൈംഡിറ്റാച്മെന്റ് ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. 

പ്രൈംവേ കമ്പനി നടത്തിപ്പുകാരായ എറണാകുളത്തെ ഡിടി പ്ളാറ്റിനം ഫ്ളാറ്റിലെ താമസക്കാരന്‍ സുരേഷ് (49), കോയമ്പത്തൂര്‍ സംഗന്നൂരിലെ കാര്‍ത്തികേയന്‍ (45) എന്നിവരാണ് പിടിയിലായത്. ഈ കേസില്‍ വടക്കാഞ്ചേരിയിലെ മലാക്കല്‍ രാജേഷ്, ആലപ്പുഴയിലെ ആന്റണി പാട്രിക് ഡിസൂസ എന്നിവരെ പൊലീസ് തിരയുന്നു. കമ്പനിയുടെ എംഡി സുരേഷാണ്.

ഇടപാടില്‍ കുടുങ്ങി ഒന്‍പത് ലക്ഷം രൂപ നഷ്ടമായ പയ്യോളി സ്വദേശികളായ നാലു സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. റേഡിയേഷന്‍ ഏല്‍ക്കാതിരിക്കാനുള്ള ഉപകരണം എന്ന പേരില്‍ ഒരു പൌച്ച് നല്‍കുകയും പതിനായിരം രൂപ മുതല്‍ മുകളിലോട്ട് നിക്ഷേപിച്ചാല്‍ ആകര്‍ഷകമായ കമ്മിഷന്‍ നല്‍കുമെന്നുമാണ് വാഗ്ദാനം. പതിനായിരം രൂപ നിക്ഷേപിച്ചാല്‍ ആയിരം രൂപ കമ്മിഷനും വാര്‍ഷിക ആദായമായി നൂറു ശതമാനം പലിശയും നല്‍കുമെന്നു പറയുന്ന കമ്പനിക്ക് കോയമ്പത്തൂരും തൃശൂരും ഓഫിസുണ്ട്. നിക്ഷേപിച്ചവര്‍ പണം നഷ്ടമായതോടെയാണു പൊലീസില്‍ പരാതിയുമായെത്തിയത്.

സംസ്ഥാനത്തുടനീളം അഞ്ഞൂറോളം പേര്‍ ചതിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. നാലുവര്‍ഷം മുന്‍പ് തുടങ്ങിയ തട്ടിപ്പിനിടെ ടൈക്കൂണ്‍ മണിച്ചെയിന്‍തട്ടിപ്പ് പുറത്തു വന്നതോടെ കൂടുതലാളുകള്‍ പ്രൈംവേയില്‍ കുടുങ്ങിയില്ലെന്ന് പൊലീസ് പറയുന്നു. നിക്ഷേപിക്കുന്ന പണം വിദേശ കറന്‍സി ഇടപാടു നടത്തി ലാഭ വിഹിതം നല്‍കുമെന്നായിരുന്നു വാഗ്ദാനം.

സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി.കെ. രാജീവന്‍, ഇ.കെ. ഗംഗാധരന്‍, അരുണ്‍ കാര്‍ത്തിക്, എം.കെ. ശ്രീജിത്ത് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.