Latest News

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: കേന്ദ്ര മാനവവിഭവശേഷി വികസനസഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ (52) ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹിയിലെ ലീല ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിക്കുമ്പോള്‍ ശശി തരൂരും ഹോട്ടലില്‍ ഉണ്ടായിരുന്നതായാണ് സൂചന. വ്യാഴാഴ്ചയാണ് സുനന്ദ ഇവിടെ മുറിയെടുത്തത്.

പാകിസ്താനിലെ ലാഹോറിലുള്ള പത്രപ്രവര്‍ത്തകയുമായി ശശി തരൂറിന് വിവാഹബാഹ്യ ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യ സുനന്ദ പുഷ്‌കര്‍ ബുധനാഴ്ച പുറത്തുവിട്ട ട്വിറ്റര്‍ സന്ദേശങ്ങളാണ് വന്‍ വിവാദമായതിന് തൊട്ടു പിറകെയാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തരൂരില്‍നിന്ന് വിവാഹമോചനം തേടുമെന്നായിരുന്നു സുനന്ദ ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് വന്‍ വിവാദമായ്ത. തരൂരിനെതിരെ അന്വേഷണം നടത്തണമെന്നും വരെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ , വ്യാഴാഴ്ച ഈ പ്രസ്താവന സുനന്ദ പിന്‍വലിച്ചു. സന്തുഷ്ട വിവാഹജീവിതം നയിക്കുകയാണെന്ന് ഇരുവരും പിന്നീട് ഫെയ്‌സ് ബുക്കില്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ചികിത്സയ്ക്കായി മൂന്നുനാലുമാസം മാറിനിന്നപ്പോള്‍ പാക് മാധ്യമ പ്രവര്‍ത്തക മേഹര്‍ തരാര്‍ തന്റെ വിവാഹ ജീവിതം കലക്കാന്‍ ശ്രമിച്ചെന്നാണ് സുനന്ദ ട്വിറ്ററിലെഴുതിയത്. തന്റെ ഭര്‍ത്താവിനെ മേഹര്‍ പിന്തുടരുകയാണന്നും അവര്‍ ഐ.എസ്.ഐ. ഏജന്റാണെന്നും ആരോപിച്ചു. താന്‍ ഐ.എസ്.ഐ. ഏജന്റാണെന്ന് പറയുന്ന സുനന്ദയുടെ മനോനില തകരാറിലാണെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നും മേഹര്‍ പ്രസ്താവനയില്‍ പറഞ്ഞു.

തരൂരും മേഹറും ബ്ലാക്ക് ബെറിയിലൂടെ കൈമാറിയ സന്ദേശങ്ങള്‍ സുനന്ദ പുറത്തുവിട്ടു. തരൂരിനോടുള്ള മേഹറിന്റെ അനുരാഗം വ്യക്തമാക്കുന്ന സന്ദേശങ്ങളും അതിനുള്ള അദ്ദേഹത്തിന്റെ മറുപടികളുമായിരുന്നു ഇവ.
തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇവയെല്ലാം പുറത്തുവിട്ടത്. തുടര്‍ന്നാണ് തന്റെ അക്കൗണ്ടില്‍ ആരോ നുഴഞ്ഞുകയറിയെന്ന് തരൂര്‍ ആരോപിച്ചത്.

തരൂരിന്റെ അക്കൗണ്ടിലൂടെ സന്ദേശങ്ങള്‍ പുറത്തുവിട്ടത് താനാണെന്ന് സുനന്ദ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏപ്രില്‍ മുതല്‍ തരൂരിന് മേഹറുമായി ബന്ധമുണ്ടെന്നും ഇതുമൂലം താന്‍ തകര്‍ന്നിരിക്കയാണെന്നും അവര്‍ ട്വിറ്ററില്‍ എഴുതി. ഭ്രാന്ത് പറയുന്ന സ്ത്രീയോട് ഒന്നും പറയാനില്ലെന്ന് മേഹര്‍ മറുപടിയായി ട്വീറ്റ്‌ചെയ്തു.

ഇതിന് ഒരാഴ്ച മുന്‍പ് സുനന്ദ തന്നെ അപാമാനിച്ചുവെന്ന് ഖലീജ് ടൈംസിലെ ലേഖകന്‍ പരാതിപ്പെട്ടിരുന്നു. തന്റെയും ശശി തരൂരിന്റെയും ജീവിതത്തില്‍ മാധ്യമങ്ങള്‍ അനാവശ്യമായി ഇടപെടുകയാണെന്ന് പറഞ്ഞ സുനന്ദ തന്റെ തലയില്‍ മദ്യമൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ലേഖകന്‍ പറഞ്ഞിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.