Latest News

ടിപി വധം: വിധി രാവിലെ 11ന് എങ്ങും സുരക്ഷ

കോഴിക്കോട്: കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഏററവും കൂടുതല്‍ ചര്‍ച്ച ചെയ്ത ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി ബുധനാഴ്ച വിധി പറയും. രാവിലെ 11നാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി വിധി പറയുക.

വിധി കാക്കുന്ന 36 പ്രതികളില്‍ കുറ്റക്കാര്‍ ആരെങ്കിലുമുണ്ടെന്നു കണ്ടെത്തിയാല്‍ അവരുടെ പേര് കോടതി പ്രഖ്യാപിക്കും. വിചാരണത്തടവില്‍ കഴിയുന്ന 11 പ്രതികളില്‍ ആരെയെങ്കിലും വെറുതെവിട്ടാല്‍ അവര്‍ക്ക് ബുധനാഴ്ച തന്നെ ജയില്‍ വിടാമെന്നാണ് കരുതപ്പെടുന്നത്. വിധി കണക്കിലെടുത്ത് കോടതി പരിസരത്തും ടിപിയുടെ വീട് സ്ഥിതി ചെയ്യുന്ന ഒഞ്ചിയം മേഖലയിലും വന്‍ പൊലീസ് സംഘത്തെ സുരക്ഷയ്ക്കായി വിന്യസിച്ചു.

ടിപിയുടെ ഭാര്യ കെ.കെ. രമയും മകന്‍ അഭിനന്ദും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി രമയുടെ വീട്ടിലും സമീപത്തുള്ള സ്തൂപത്തിനോടു ചേര്‍ന്നും കോടതി വളപ്പിലും പരിസരത്തും പൊലീസ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ വിധി ഏതു തരത്തിലായാലും ഒരുവിധ സംഘര്‍ഷത്തിനും രംഗത്തിറങ്ങരുതെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കിയതായി സിപിഎം, ആര്‍എംപി നേതൃത്വങ്ങള്‍ അറിയിച്ചു.

അതേ സമയം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അടക്കം കേസിലുള്‍പ്പെട്ട പാര്‍ട്ടി ഭാരവാഹികളുടെ ഭാവിയെക്കുറിച്ച് സിപിഎമ്മിന് ആശങ്കയുണ്ട്. പാര്‍ട്ടിയുടെ രാഷ്ട്രീയ വഴികള്‍ എങ്ങനെയെന്നു നിര്‍ണയിക്കുന്നതിലും ബുധനാഴ്ചത്തെ വിധി സുപ്രധാനമാകും. അതു കേരള രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള ഗതിയെയും സ്വാധീനിക്കും. തൊട്ടടുത്തുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിനെയടക്കം.
സിപിഎമ്മിന്റെയും ചന്ദ്രശേഖരന്റെയും ഹൃദയഭൂമിയായ ഒഞ്ചിയവും ബുധനാഴ്ചത്തെ നിര്‍ണായക വിധിക്കായി കാതോര്‍ക്കുന്നു.

ഭര്‍ത്താവിന്റെ ഘാതകരെ നിയമം ശിക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ടിപിയുടെ ഭാര്യ കെ.കെ. രമ. നിയമത്തോട് ആദരവും വിശ്വാസവുമാണെന്നും നീതിപൂര്‍വമായ വിധി വരുമെന്നു പ്രതീക്ഷിക്കുന്നതായും രമ പറഞ്ഞു. വിധി ഏതു രൂപത്തിലായാലും നിയമ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. നാടിനു വേണ്ടി പ്രവര്‍ത്തിച്ച തന്റെ മകനെ ഇല്ലാതാക്കിയവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്നും കൂടെനിന്ന് കൊന്നവരെ ശിക്ഷിക്കണമെന്നും ടിപിയുടെ അമ്മ പദ്മിനിയും പറഞ്ഞു.

ചന്ദ്രശേഖരന്‍ കേസിലെ വിധി എന്താകുമെന്ന ആകാംക്ഷ ഒഞ്ചിയത്തിന്റെ ഹൃദയമിടിപ്പില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇരുപക്ഷത്തെയും അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമൊക്കെ ഈ ദിവസത്തിനായി കാത്തിരിപ്പു തുടങ്ങിയിട്ട് ഇന്നേക്ക് 628 നാള്‍ പിന്നിടുകയാണ്. സുരക്ഷാ കാരണങ്ങളാലും മറ്റും ചൊവ്വാഴ്ച ഒഞ്ചിയത്തു കടകമ്പോളങ്ങള്‍ പലതും അടഞ്ഞു കിടന്നു. തുറന്നുവച്ച കടകളില്‍ ചിലത് പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് അടച്ചു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കൂട്ടംകൂടല്‍ കുറവായി. ഒഞ്ചിയത്തും ഓര്‍ക്കാട്ടേരിയിലും ടിപിയുടെ വീട്ടിലേക്കുള്ള വഴിയിലുമായി പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. 

അപരിചിതരെ നാട്ടുകാരും പൊലീസും ഒരുപോലെ നിരീക്ഷിക്കുന്നു. കവലകളിലെ സംസാര വിഷയം ടിപി കേസിലെ വിധിയെക്കുറിച്ചു മാത്രം. ടിപിയുടെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ മുതലേ മാധ്യമ പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,TP Chandrashekaran, Murder Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.