Latest News

തെയ്യങ്ങളുടെ തലസ്ഥാനം ഇനി നാലുനാള്‍ കൗമാരകലകളുടെ സംഗമസ്ഥാനം; കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പയ്യന്നൂര്‍ ഒരുങ്ങി

പയ്യന്നൂര്‍: തെയ്യങ്ങളുടെ തലസ്ഥാനം ഇനി നാലുനാള്‍ കൗമാരകലകളുടെ സംഗമസ്ഥാനം. ഏഴായിരത്തിയഞ്ഞൂറോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് ചൊവ്വാഴ്ച പയ്യന്നൂരില്‍ വേദിയുണരും. 15 വേദികളിലായാണു മല്‍സരം. കലോല്‍സവത്തിന്റെ വരവറിയിച്ചു വര്‍ണശബളമായ ഘോഷയാത്രയ്ക്ക് തിങ്കളാഴ്ച പയ്യന്നൂര്‍ സാക്ഷിയായി. മുത്തുക്കുടകളും വാദ്യമേളങ്ങളും ഡിസ്പ്‌ളേയും സ്റ്റുഡന്റ്് പൊലീസിന്റെയും എന്‍സിസിയുടെയും ഗൈഡ്‌സിന്റെയും മാര്‍ച്ച്പാസ്റ്റുമൊക്കെയായി നഗരത്തിന്റെ പടിഞ്ഞാറെ കവാടത്തിലുള്ള സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ മുറ്റത്തുനിന്നുമാണ് ഘോഷയാത്ര പ്രയാണം തുടങ്ങിയത്. ഗതാഗതത്തെ ബാധിക്കാതെ റോഡിന്റെ ഓരം ചേര്‍ന്നു ഘോഷയാത്ര കടന്നുനീങ്ങിയപ്പോള്‍ വന്‍ജനാവലി ഇതിനു സാക്ഷികളായി.

ബിഇഎം എല്‍പി സ്‌കൂളിലെ ഡിസ്പ്‌ളേ ഘോഷയാത്രക്കു നിറച്ചാര്‍ത്തേകിയപ്പോള്‍ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ നൂറിലധികം ഗൈഡ്‌സും ബോയ്‌സ് ഹൈസ്‌കൂളിലെ എന്‍സിസി കെഡറ്റുകളും കണ്ടങ്കാളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസും പട്ടാളച്ചിട്ടയോടെ ഘോഷയാത്രയില്‍ അണിനിരന്നു. പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളും അണിനിരന്നു. ഘോഷയാത്ര പ്രധാനവേദിയായ എ.കുഞ്ഞരാമന്‍ അടിയോടി സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു.

നഗരസഭാ അധ്യക്ഷ കെ.വി. ലളിത, ഡിഡിഇ ദിനേശന്‍ മഠത്തില്‍, എഇഒ കെ.വി. നാരായണന്‍, പ്രിന്‍സിപ്പല്‍ സി.കെ. ബിന്ദു, പ്രധാന അധ്യാപിക ആര്‍. രാജലക്ഷ്മി, ഗേള്‍സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ശ്യാമള, പ്രധാന അധ്യാപിക ഐ.പി.ശോഭന, കെ.രമേശന്‍, ടി.കെ. അശോകന്‍, എം.വാസന്തി, എം.ബഷീര്‍, എം.കെ. ഷമീമ, പ്രകാശന്‍ പയ്യന്നൂര്‍ തുടങ്ങിയവര്‍ ഘോഷയാത്രയുടെ മുന്‍നിരയില്‍ അണിനിരന്നു.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പയ്യന്നൂരില്‍ അശാന്തി വിതച്ച പശ്ചാത്തലത്തില്‍ക്കൂടിയാണു കലയുടെ ഉല്‍സവം കൊടിയേറുന്നത്.

വേദിയിതര ഇനങ്ങള്‍ തിങ്കളാഴ്ച തുടങ്ങി. ചൊവ്വാഴ്ച10നു പ്രധാന വേദിയായ എ. കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വൊക്കേഷനല്‍ സ്‌കൂളില്‍ പി. കരുണാകരന്‍ എംപി ദീപം തെളിയിക്കുന്നതോടെ വേദികളില്‍ തിരശീല ഉയരും. വാശിയേറിയ പോരാട്ടമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയും ഈ രണ്ടു വിഭാഗങ്ങളിലും രണ്ടാം സ്ഥാനക്കാരായ പയ്യന്നൂര്‍ ഉപജില്ലയും തമ്മിലാകും പ്രധാന പോരാട്ടം. ആതിഥേയരെന്ന മുന്‍തൂക്കവും പയ്യന്നൂരിനുണ്ട്.

യുപി വിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയാണു പയ്യന്നൂര്‍ ഉപജില്ല. സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കഴിഞ്ഞ തവണ ചാംപ്യന്‍മാരായ മമ്പറം സ്‌കൂള്‍ ഇത്തവണയും മികച്ച പ്രകടനം നടത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. കടമ്പൂര്‍ എച്ച്എസ്എസും സെന്റ് തെരേസാസുമാകും പ്രധാന എതിരാളികള്‍. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ സ്‌കൂളും ഒന്നാം സ്ഥാനത്തിനായി മല്‍സര രംഗത്തുണ്ട്. യുപി വിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍മാരായ സെന്റ് തെരേസാസിനു വെല്ലുവിളിയുയര്‍ത്തുക കതിരൂര്‍ തരുവണത്തെരു സ്‌കൂളും മട്ടന്നൂര്‍ ഗവ. യുപി സ്‌കൂളുമാകും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.