ചെറുപുഴ: ചിറ്റാരിക്കല്‍ കാറ്റാന്‍കവലയില്‍ കുഴല്‍ കിണര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ്
അന്യസംസ്ഥാന തൊഴിലാളികളായ നാലുപേര്‍ മരണപ്പെട്ടു. വണ്ടിയിലുണ്ടായിരുന്ന മറ്റ് ഒമ്പതുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ഛത്തീസ്ഗഡ് സ്വദേശികളായ റാംലാല്‍ (19), സംബു (20), വൈശാഖ്, (18) രംഗലാല്‍ (19) എന്നിവരാണ് മരണപ്പെട്ടത്.
മധ്യപ്രദേശ് അതിര്‍ത്തി ഗ്രാമമായ കൗവര്‍ ജില്ലയിലെ പാക്കപ്പാനി സ്വദേശികളാണ് നാലുപേരും. ഛത്തീസ്ഗഡില്‍ നിന്നുള്ള ഗൗട്ട (18), ഭക്തറാം (19), മധ്യപ്രദേശ് സ്വദേശികളായ വൈശാഖ് (30), ബുധ്‌സിംഗ് (18), സമറാം എന്ന സൂരജ് (19), ടിക്ഗുറാം (16), തമിഴ്‌നാട് സ്വദേശികളായ ലോറി ഡ്രൈവര്‍ പളനിസാമി (38), സ്റ്റാലിന്‍ (40), തവമണി (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സമറാമിനെയും സ്റ്റാലിനെയും കോയമ്പത്തൂര്‍ ഗംഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരില്‍ വൈശാഖിന്റെ നില അതീവ ഗുരുതരമാണ്.
കാറ്റാന്‍കവല പറമ്പറോഡ് വളവില്‍ ഇവര്‍ സഞ്ചരിച്ച ടി.എന്‍. 34 എം. 4713 ശ്രീലക്ഷ്മി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ലോറി റോഡരികിലെ 150 അടി താഴ്ചയുള്ള കൊല്ലിയിലേക്ക് മറിയുകയായിരുന്നു. ചെറുപുഴയിലെ ബെസ്റ്റ് ബോര്‍വെല്‍സ് എന്ന സ്ഥാപനത്തിന് കീഴിലുള്ളതാണ് ലോറിയും തൊഴിലാളികളും. തയ്യേനിയിലേക്ക് കുഴല്‍ കിണര്‍ നിര്‍മ്മാണാവശ്യത്തിനായി പോകുകയായിരുന്നു ഇവര്‍. ലോറിയുടെ പിറകില്‍ യന്ത്രത്തില്‍ അള്ളിപ്പിടിച്ച് നില്‍ക്കുകയായിരുന്നു കൂടുതല്‍ പേരും. മറിഞ്ഞ ലോറിക്കടിയില്‍പ്പെട്ടുപോയവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് സാഹസികമായാണ് പുറത്തെടുത്തത്.
ആകെ 15 പേരാണ് സംഘത്തിലുള്ളതെങ്കിലും രണ്ടുപേര്‍ ലോറിക്ക് പിറകിലായി ബൈക്കില്‍ പോയതായിരുന്നു. ഇവരാണ് അപകടം നടന്നയുടന്‍ ആളുകളെ വിളിച്ചുകൂട്ടി രക്ഷാപ്രവര്‍ത്തനത്തിന് അവസരമൊരുക്കിയത്. ദുരന്തസ്ഥലത്ത് നിന്ന് 13 പേരെയും ആദ്യം ചെറുപുഴ ആശുപത്രിയിലെത്തിച്ച ശേഷമാണ് പരിയാരത്തേക്ക് മാറ്റിയത്. അവിടെ നിന്ന് പിന്നീട് രണ്ടുപേരെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. അപകടം നടന്ന 16 മണിക്കൂര്‍ പിന്നിട്ടിട്ടും മരിച്ചവരെ തിരിച്ചറിഞ്ഞിരുന്നില്ല. കൂടെയുള്ളവരെല്ലാം ആശുപത്രിയില്‍ കിടക്കുന്നതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ കഴിയുന്ന മറ്റാരുമില്ലെന്നതാണ് തിരിച്ചറിയാന്‍ വൈകുന്നതിന് കാരണമായത്.
പരിക്കേറ്റ് കിടക്കുന്നവര്‍ക്കിടയില്‍ കാണാത്തവരെ കുറിച്ചന്വേഷിച്ചാണ് മരിച്ചത് ഇവരായിരിക്കുമെന്ന നിഗമനത്തിലെത്തിയത്.ഛത്തീസ്ഗഡില്‍ നിന്ന് ഇവരുടെ ബന്ധുക്കള്‍ പരിയാരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ചെറുപുഴയില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് ഈ കുഴല്‍കിണര്‍ തൊഴിലാളികളെല്ലാം. ചിറ്റാരിക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ബന്ധുക്കള്‍ എത്തും വരെ മൃതദേഹങ്ങള്‍ പരിയാരത്ത് സൂക്ഷിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News




No comments:
Post a Comment