Latest News

പല്ലിന് ക്ലിപ്പിടാനെത്തിയ യുവാവ് മരിച്ച സംഭവം: ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ്

കളമശ്ശേരി: പല്ലിന് കമ്പി നീക്കം ചെയ്യാനെത്തിയ യുവ എന്‍ജിനീയര്‍ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് കളക്ടര്‍, ആര്‍.ഡി.ഒ, എസ്.പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. കളമശ്ശേരി കരിപ്പായി റോഡില്‍ പുഷ്പമംഗലത്ത് വീട്ടില്‍ പി.ഡി. സണ്ണിയാണ് മകന്‍ ഡെന്നിയുടെ മരണവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.

ഡെന്നിയെ ഓപ്പറേഷന് വിധേയനാക്കിയ ഡോക്ടര്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയാണെന്നും ഡോക്ടറുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവയ്ക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. അടിയന്തിര നടപടി സ്വീകരിക്കാന്‍ കളക്ടര്‍ കളമശ്ശേരി എസ്.ഐ ക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ 12ന് വൈകിട്ട് നാലരക്കാണ് ഡെന്നി മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡെന്നിക്ക് ഓപ്പറേഷന്‍ സമയത്ത് അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് മരണകാരണമെന്ന് നേരത്തെ തന്നെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നാണ് ബന്ധുക്കളെ പൊലീസ് അറിയിച്ചത്. ബാംഗ്ലൂരില്‍ എഞ്ചിനിയര്‍ ആയിരുന്ന ഡെന്നി നേരത്തെ പല്ലില്‍ ഇട്ടിരുന്ന കമ്പി നീക്കം ചെയ്യുന്നതിന് കളമശ്ശേരിയിലെ ഒരു സ്വകാര്യ ഡെന്റല്‍ ക്ലിനിക്കില്‍ എത്തിയപ്പോഴാണ് കമ്പി നീക്കം ചെയ്യുന്നതിന് മുമ്പ് ചെറിയൊരു ഓപ്പറേഷന്‍ നിര്‍ദേശിച്ച് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്തത്. ഇതിനായി ഇവിടുത്തെ ഒരു കണ്‍സള്‍ട്ടന്റ് ഡോക്ടറുടെ സേവനം കൂടി ലഭ്യമാക്കാമെന്നും ശസ്ത്രക്രിയാ വേളയില്‍ താന്‍ ഉണ്ടാകുമെന്നും ക്ലിനിക്കിലെ ഡോക്ടര്‍ പറഞ്ഞതായി പരാതിയിലുണ്ട്. 

ആലുവയിലെ ആശുപത്രിയില്‍ 12 നു ഉച്ചക്ക് 12 മണിക്ക് ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച ഡെന്നിയെ ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ എറണാകുളത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വീട്ടുകാരെ പോലും അംബുലന്‍സില്‍ കയറ്റാതെയാണ് ഡെന്നിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഡെന്നിയെ മരിച്ച നിലയിലാണ് എത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി പരാതിയിലുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hospital, Case, Doctor, Sunny

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.